1f37  ജലസ്രോതസുകള്‍ വറ്റിവരണ്ടു: നെല്ലിനു റെക്കോഡ്‌ വിലയെങ്കിലും പുഞ്ചകൃഷി ചെയ്യാനാവാതെ കര്‍ഷകര്‍ | mangalam.com

ജലസ്രോതസുകള്‍ വറ്റിവരണ്ടു: നെല്ലിനു റെക്കോഡ്‌ വിലയെങ്കിലും പുഞ്ചകൃഷി ചെയ്യാനാവാതെ കര്‍ഷകര്‍

mangalam malayalam online newspaper

വെള്ളമുണ്ട: നെല്ലിന്‌ റെക്കോഡ്‌ വിലയുണ്ടായിട്ടും നേട്ടം കൊയ്യാനാവാതെ കര്‍ഷകര്‍. ഇക്കൊല്ലം തോടുകളും പുഴകളും നേരത്തെ വറ്റിയതിനാല്‍ വയലുകള്‍ വരണ്ടുണങ്ങിക്കിടക്കുകയാണ്‌. കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പുഞ്ചകൃഷി ചെയ്യുന്ന കാര്യം കര്‍ഷകര്‍ക്കു സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല.
സപ്ലൈകോ വഴി നെല്‍സംഭരണം തുടങ്ങിയതോടെ നെല്‍കര്‍ഷകര്‍ക്ക്‌ പൊതുവിപണിയില്‍ മെച്ചപ്പെട്ട വിലയാണ്‌ ഈ വര്‍ഷം ലഭിച്ചത്‌. 17 രൂപയ്‌ക്ക് സര്‍ക്കാര്‍ കൃഷിഭവന്‍ വഴി നെല്ല്‌ സംഭരിക്കാന്‍ തയ്യാറായെങ്കിലും ഒന്നാംഘട്ട നഞ്ച വിളവെടുപ്പ്‌ സമയത്ത്‌ 19.50 രൂപ വരെ പൊതുവിപണിയിലൂടെ കര്‍ഷകര്‍ക്ക്‌ വില ലഭിച്ചിരുന്നു. ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക്‌ ലഭിക്കുന്ന റെക്കോഡ്‌ വിലയാണിത്‌. ഇപ്പോഴും 17 രൂപയ്‌ക്ക് പൊതുവിപണിയില്‍ നെല്ല്‌ വിലക്കെടുക്കുന്നുണ്ട്‌. ഈ സാഹചര്യം പ്രയോജനപ്പെടുത്തി പുഞ്ചകൃഷിക്ക്‌ തയ്യാറെടുത്തവരെയാണ്‌ വരള്‍ച്ച നിരാശരാക്കിയത്‌.
ഡിസംബറോടെ നഞ്ചകൃഷിയുടെ വിളവെടുപ്പ്‌ പൂര്‍ത്തിയാവും. തുടര്‍ന്ന്‌ തോടിനോടും പുഴകളോടും ചേര്‍ന്ന വയലുകളിലാണ്‌ പുഞ്ചകൃഷി നടത്തുക. ജനുവരിയോടെ വയലുകള്‍ പാകപ്പെടുത്തി ഞാര്‍ നടല്‍ പൂര്‍ത്തിയാക്കണം.
മൂന്നുമാസംകൊണ്ട്‌ വിളവെടുക്കാന്‍ കഴിയുന്ന ഐ.ആര്‍.8 പോലുള്ള പരമ്പരാഗത നെല്‍വിത്തുകളും കാഞ്ചന, ജ്യോതി, ഐശ്വര്യ തുടങ്ങിയ പുതിയയിനം വിത്തുകളുമാണ്‌ പുഞ്ചകൃഷിക്കായി ഉപയോഗിക്കുക. മെയ്‌ മാസത്തോടെ വിളവെടുപ്പ്‌ പൂര്‍ത്തിയാവും. എന്നാല്‍ ഈ വര്‍ഷം വയലുകളിലേക്ക്‌ വെള്ളം തിരിച്ചുവിടേണ്ട ഡിസംബറില്‍തന്നെ തോടുകളും പുഴകളും വറ്റിയതാണ്‌ കര്‍ഷകരെ പുഞ്ചകൃഷിയില്‍നിന്ന്‌ അകറ്റിയത്‌. കൃഷിക്കായി വിത്ത്‌ പാകിയവര്‍ പോലും ഞാര്‍ പറിച്ചുനടാന്‍ കഴിയാതെ വിഷമത്തിലായിരിക്കുകയാണ്‌. വെള്ളമുണ്ടയിലെ വലക്കോടിവയല്‍, പടിഞ്ഞാറത്തറയിലെ കുറ്റ്യംവയല്‍ തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം ആവശ്യത്തിന്‌ വെള്ളം ലഭിക്കാതെ വയലുകളില്‍ ഞാറ്‌ കരിഞ്ഞുണങ്ങുകയാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0