Last Updated 15 min 59 sec ago
27
Thursday
November 2014

തിരുപ്പിറവിയുടെ പുണ്യവുമായി

അബിത പുല്ലാട്ട്‌

mangalam malayalam online newspaper

നക്ഷത്രങ്ങളും അലങ്കാരദീപങ്ങളും തൂക്കി ലോകജനത ഉണ്ണീശോയെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍, പ്രാര്‍ത്ഥിക്കുന്നതെന്തും സാധിച്ചുകൊടുക്കുന്ന ഉണ്ണീശോയുടെ നാമത്തിലുള്ള പ്രസിദ്ധ ദേവാലയങ്ങള്‍. എറണാകുളം ഉണ്ണിമിശിഹാ പള്ളിയും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പള്ളിയും. കേരളത്തിലെ ഉണ്ണിയേശുവിന്റെ നാമത്തിലുള്ള പുരാതനമായ പള്ളികളിലൊന്നാണ്‌ എറണാകുളം ഉണ്ണിമിശിഹാപള്ളി. നഗരത്തിനു നടുവില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഈ ദേവാലയത്തില്‍ കൊച്ചിനഗരത്തിന്റെ തിരക്കുകളും പൊടിയും ശബ്‌ദകോലാഹലങ്ങളും കൊണ്ട്‌ മലിനമായ അന്തരീക്ഷവും എത്തിനോക്കുന്നുപോലുമില്ല. നിറയെ തണല്‍ മരങ്ങളും ചെടികളുമുള്ള ചുറ്റുപാട്‌ ഇവിടെത്തുന്ന ഭക്‌തരുടെ മനസിന്‌ ശാന്തിയും കുളിര്‍മ്മയും നല്‍കുന്നു.

ചരിത്രത്തിലേക്ക്‌

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവിടെ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ എന്ന ഒറ്റ ദേവാലയമേ ഉണ്ടാരുന്നുള്ളു. ലത്തീന്‍കാരും സുറിയാനി ക്രിസ്‌ത്യാനികളും ആംഗ്ലോ ഇന്ത്യക്കാരുമെല്ലാം അവിടെ ഒരു കുടക്കീഴില്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥിച്ചു. കാലത്തിന്റെ കുത്തൊഴുക്കില്‍ പലരും പലവഴിക്ക്‌ പിരിഞ്ഞുപോയി. പുതിയ ദേവാലയങ്ങള്‍ രൂപപ്പെട്ടു. ബാക്കിയുണ്ടായിരുന്ന ആംഗ്ലോ ഇന്ത്യക്കാരും ഒരു വിഭാഗം ലത്തീന്‍കാരും ഇപ്പോഴും ഈ ദേവാലയത്തില്‍ തുടരുന്നു. ഉണ്ണീമിശിഹാപള്ളിയില്‍ എഴുപതുശതമാനം ആളുകളും ആംഗ്ലോ- ഇന്ത്യന്‍ വിഭാഗക്കാരാണ്‌. ഇവിടുത്തെ രീതികളും ആ സംസ്‌കാരത്തോട്‌ ചേര്‍ന്നുപോകുന്നവയാണ്‌. എല്ലാ വെള്ളിയാഴ്‌ചയും നടക്കുന്ന ഉണ്ണീശോയുടെ നൊവേനയില്‍ പങ്കുചേരാന്‍ ധാരാളമാളുകള്‍ ഇവിടെത്തുന്നു.

ക്രിസ്‌തുമസ്‌ ആഘോഷം

ഉണ്ണീശോയുടെ നാമത്തിലാണ്‌ ദേവാലയമെങ്കിലും ക്രിസ്‌മസിനേക്കാള്‍ ഇവിടെ പ്രാധാന്യം അതിനുശേഷം വരുന്ന ഈശോയുടെ തിരുനാളിലാണ്‌. എല്ലായിടത്തും ഡിസംബര്‍ 25-ാം തീയതി ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഇവിടെ ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 23-നാണ്‌. പൂര്‍ണമായും ആംഗ്ലോ- ഇന്ത്യന്‍ രീതിയില്‍ നടത്തുന്ന ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം ക്രിസ്‌മസ്‌ കാരള്‍ തന്നെ. പള്ളിയുടെ വലതുവശത്ത്‌ തയാറാക്കുന്ന സ്‌റ്റേജില്‍ രാത്രിമുഴുവന്‍ കൊയര്‍ ഗ്രൂപ്പുകാര്‍ കാരള്‍ ആലപിക്കും. കുട്ടികള്‍ക്കായി വിവിധയിനം മത്സരങ്ങളും ക്രിസ്‌തുമസ്‌ ട്രീയുമൊക്കെയായി ആഘോഷം പൊടിപൊടിക്കും.

ഉണ്ണീശോയുടെ തിരുനാള്‍

ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്നുവരെയാണ്‌ ഇവിടെ തിരുനാള്‍ ആചരിക്കുന്നത്‌. പൂര്‍ണമായും ആംഗ്ലോ ഇന്ത്യന്‍ സംസ്‌കാരത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ്‌ ആഘോഷങ്ങള്‍. മറ്റു ദേവാലയങ്ങളില്‍ പകല്‍സമയത്ത്‌ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ഇവിടെ വൈകുന്നേരം ആറുമണിക്കാണ്‌ പ്രാര്‍ത്ഥനകള്‍ തുടങ്ങുക. രാവേറെ നീളുന്ന പ്രാര്‍ത്ഥനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാന്‍ നാനാഭാഗത്തുനിന്നുള്ള ആളുകള്‍ കുഞ്ഞുങ്ങളെയും കൊണ്ടെത്തിച്ചേരാറുണ്ട്‌. ലത്തീന്‍ഭാഷയിലാണ്‌ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നത്‌. മറ്റു വിഭാഗക്കാര്‍ക്കായി മലയാളം കുര്‍ബാനയും കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രത്യേകം കുര്‍ബാനയുമുണ്ട്‌.

തീര്‍ത്ഥാടനകേന്ദ്രം

കേരളത്തിലെ അറിയപ്പെടുന്നൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്‌ എറണാകുളം ഫൈക്കോര്‍ട്ട്‌ റോഡിലുള്ള ഇന്‍ഫന്റ്‌ ജീസസ്‌ ദേവാലയം. കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ ദേവാലയങ്ങളില്‍ തീര്‍ത്ഥാടനം നടത്താനെത്തുന്നവര്‍ ഇവിടെ വരാന്‍ മറന്നുപോകാറില്ല. ഒരിക്കല്‍ വന്നാല്‍ വീണ്ടും വരാന്‍ ഉണ്ണീശോ മനസിനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോനപ്പള്ളി

പാലാ നഗരത്തിന്റെ തിരക്കുകളില്‍നിന്ന്‌ ഒഴിഞ്ഞ്‌ നിറയെ തണലും പച്ചപ്പുമായി മീനച്ചിലാറിന്റെ തെക്കേക്കരയിലാണ്‌ മാര്‍സ്ലീവാപ്പള്ളി സ്‌ഥിതിചെയ്യുന്നത്‌. പച്ചപ്പുല്‍മുറ്റങ്ങളും വലിയ നടവഴികളുളുള്ള, ഗോത്തിക്‌ ശില്‌പമാതൃകയില്‍ തീ ര്‍ത്ത പ്രസിദ്ധമായ ദേവാലയം. തികഞ്ഞ നിശബ്‌ദതയും കുന്തിരിക്കത്തിന്റെ മണമുള്ള അന്തരീക്ഷവും ഇടദിവസങ്ങളിലും ഇവിടെ വന്നു പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നു.
ഈശോയുടെ രക്ഷാദൂതുമായി കേരളത്തിലെത്തിയ തോമാശ്ലീഹാ ചെരിപ്പുവച്ച്‌ സ്‌ഥാനനിര്‍ണ്ണയം ചെയ്‌ത സ്‌ഥലമാണിതെന്നാണ്‌ ഐതിഹ്യം. ചെരിപ്പിങ്കല്‍ എന്നറിയപ്പെട്ടിരുന്ന ഈ സ്‌ഥലം കാലത്തിന്റെ മാറ്റത്തില്‍ ചേര്‍പ്പുങ്കലായി. പള്ളിയുടെ സ്‌ഥാപനത്തെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും ധാരാളം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌ ഇവിടെ. കാലവര്‍ഷത്തിന്റെ തീവ്രതയില്‍ തീരങ്ങളിടിച്ചും മാമരങ്ങള്‍ കടപുഴക്കിയും മീനച്ചിലാറ്‌ കരകവിഞ്ഞൊഴുകുമ്പോള്‍, ആ പ്രളയജലത്തില്‍ 'തോറാനയ്‌ക്ക് (ദുക്‌റാന) ആറാന വരുമെന്നാണ്‌ പറയുന്നത്‌. തോമ്മാശ്ലീഹാ സ്‌ഥാപിച്ച വിശുദ്ധ കുരിശിന്റെ നാമത്തിലാണ്‌ ദേവാലയം അറിയപ്പെടുന്നതെങ്കിലും 'കുടത്തേലുണ്ണി'യെന്നു വിളിക്കുന്ന ഇവിടുത്തെ ഉണ്ണീശോ ലോകം മുഴുവന്‍ പ്രസിദ്ധമാണ്‌. വിശ്വാസികളുടെ എല്ലാ ആകുലതകളും തന്റെ നിര്‍മ്മലമായ പുഞ്ചിരികൊണ്ട്‌ മായ്‌ച്ചുകളയുന്നു കുടത്തേലുണ്ണി.
mangalam malayalam online newspaper

പ്രധാന തിരുനാള്‍

മനുഷ്യരെ പാപങ്ങളില്‍നിന്ന്‌ രക്ഷിക്കാനും ഭൂമിയില്‍ സന്തോഷവും സമാധാനവും നിറയ്‌ക്കാനും ഈശോ മനുഷ്യനായി ഭൂമിയില്‍ അവതരിച്ച സുദിനം ക്രിസ്‌ത്യാനികള്‍ മാത്രമല്ല, ലോകം മുഴുവനുള്ള ആളുകള്‍ ആഘോഷിക്കുന്നുണ്ട്‌. ഡിസംബര്‍ 25 തിരുപ്പിറവിയുടെയന്ന്‌ കൊടികയറിത്തുടങ്ങുന്ന ആഘോഷങ്ങള്‍ തുടര്‍ന്നുള്ള എട്ടുദിവസം ഭക്‌തിപൂര്‍വം ആഡംബരമായി നടത്തുന്നു. തിരുനാളില്‍ പങ്കെടുക്കാന്‍ ചേര്‍പ്പുങ്കല്‍വാസികള്‍ മാത്രമല്ല, കേരളത്തിന്റെ വിവിധഭാഗത്തുനിന്നായി നാനാജാതി മതസ്‌ഥര്‍ ഇവിടെത്താറുണ്ട്‌. ഡിസംബര്‍ 28ന്‌ ഉണ്ണീശോയുടെ ഛേദനതിരുനാളാണ്‌ ചേര്‍പ്പുങ്കല്‍പള്ളിയിലെ പ്രധാന തിരുനാളായി കൊണ്ടാടുന്നത്‌. ആ ദിവസം കുഞ്ഞുങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കൈക്കഞ്ഞുങ്ങളുമായി ധാരാളം അമ്മമാര്‍ ഇവിടെയെത്താറുണ്ട്‌. കുഞ്ഞുങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാനെത്തുന്നവരാണധികവും. ഡിസംബര്‍ 31-ന്‌ നടക്കുന്ന ദര്‍ശനത്തിരുന്നാളില്‍ കൊച്ചുപള്ളിയില്‍നിന്ന്‌ അണിയിച്ചൊരുക്കിയിരിക്കുന്ന ഉണ്ണീശോയുടെ രൂപത്തില്‍ വിശ്വാസികള്‍ക്ക്‌ സ്വര്‍ണം അണിയിക്കാം. മാല, വള, മോതിരം തുടങ്ങി കുഞ്ഞുങ്ങളുടെ പേരില്‍ നേര്‍ച്ച നേരുന്നവര്‍ ഈ ദിവസം നേര്‍ച്ച സമര്‍പ്പിക്കാന്‍ പള്ളിയിലെത്തുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ജനങ്ങള്‍ക്ക്‌ തങ്ങളുടെ നേര്‍ച്ചയാഭരണങ്ങള്‍ കുടത്തേലുണ്ണിയുടെ രൂപത്തില്‍ അണിയിക്കാന്‍ സാധിക്കൂ.

നൊവേന

ആദ്യ വെള്ളിയാഴ്‌ചകളിലെ ഉണ്ണീശോയുടെ നൊവേന ഇവിടെയെത്തുന്നവര്‍ക്ക്‌ മനസിന്റെ നൊമ്പരങ്ങള്‍ മായ്‌ക്കുന്ന ആത്മീയൗഷധമാണ്‌. വിവാഹം നടക്കാത്തവര്‍, കുട്ടികളുണ്ടാകാത്തവര്‍, രോഗബാധിതരായ കുഞ്ഞുങ്ങളുള്ളവര്‍ തുടങ്ങിയവരെല്ലാം ഇവിടെ നൊവേന കൂടാനെത്തുന്നു.
ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയായ ചേര്‍പ്പുങ്കല്‍പ്പള്ളിയില്‍ ആദ്യ വെള്ളിയാഴ്‌ചകളില്‍ ആയിരക്കണക്കിനാളുകളാണ്‌ നൊവേന കൂടാനെത്തുന്നത്‌.

എണ്ണയൊഴിക്കല്‍ നേര്‍ച്ച

ഒന്‍പത്‌ ആദ്യവെള്ളിയാഴ്‌ചകളില്‍ മുടങ്ങാതെ ദേവാലയത്തിലെത്തി ദിവ്യബലിയിലും നൊവേനയിലും പങ്കെടുത്ത്‌ എണ്ണയൊഴിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഒമ്പതുമാസം പൂര്‍ത്തിയാകുംമുന്‍പ്‌ ആഗ്രഹം സാധിക്കുമെന്നാണ്‌ വിശ്വാസം. ആനവാതിലിനടുത്തുള്ള വിളക്കില്‍ എണ്ണയൊഴിക്കാനും കുടത്തേലുണ്ണിയുടെ രൂപത്തിനു മുമ്പില്‍ തിരിതെളിക്കാനും സന്താനലബ്‌ധിക്കും ഇഷ്‌ടകാര്യസാധ്യത്തിനും രോഗപീഡകളുണ്ടാകാതെ ആരോഗ്യത്തോടെ കുട്ടികള്‍ വളരുന്നതിനുംവേണ്ടി പ്രാര്‍ത്ഥിക്കാനും ആയിരക്കണക്കിനാളുകളാണ്‌ ഈ ദേവാലയത്തിലെത്തുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top