Main Home | Feedback | Contact Mangalam

പഠിച്ചുയരാം: മറ്റുള്ളവരുടെ ആരോഗ്യം അഥവാ മെഡിക്കല്‍ മേഖല

mangalam malayalam online newspaper

അന്യരുടെ അനാരോഗ്യം എത്രമാത്രമുണ്ടെന്നും അത്‌ പരിഹരിക്കാന്‍ ഏതെല്ലാം മരുന്നുകളാണ്‌ വേണ്ടതെന്നും തീരുമാനിക്കുന്നതിനു സമൂഹം അതിന്റെ ചെലവില്‍ പരിശീലിപ്പിച്ചെടുക്കുന്ന ഒരു ശ്രേഷ്‌ഠവര്‍ഗമാണ്‌ ഡോക്‌ടര്‍മാര്‍. സേവനമാണ്‌ അവരുടെ മുഖമുദ്രയെന്നു പറയപ്പെടുന്നു; എങ്കിലും സേഫ്‌ മണി എന്ന പ്രവണതയാണ്‌ മെഡിക്കല്‍മേഖല മുഴുവന്‍ വ്യാപിച്ചിരിക്കുന്നതെന്ന്‌ രോഗീസമൂഹം തിരിച്ചറിഞ്ഞ്‌ തുടങ്ങിയിട്ടുണ്ട്‌. കലാ, സാമൂഹിക, രാഷ്‌ട്രീയമേഖലകളിലെ വിവിധ വിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരങ്ങള്‍ ഒരുക്കുന്നതിനു പകരം അവരെ ശരീരശാസ്‌ത്രവും അതിനെ ആരോഗ്യമായി നിലനിര്‍ത്താനുള്ള രീതികളും സമഗ്രമായി പഠിപ്പിക്കാന്‍ ഗവണ്‍മെന്റ്‌ തയ്യാറാകേണ്ടതാണ്‌. ഇത്തരം അറിവ്‌ ലഭിക്കാന്‍ ഓരോ പൗരനും അവകാശവുമുണ്ട്‌.
അതുപോലെ മരുന്നുകളുടെ ചേരുവകളും പാര്‍ശ്വഫലങ്ങളും സുതാര്യമാക്കപ്പെടേണ്ടതാണ്‌. ജനറല്‍ മെഡിസിനില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍ക്കുള്ള വൈദ്യവിജ്‌ഞാനം തല്‍ക്കാലം ഓരോ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ലഭ്യമാക്കാന്‍ ഏര്‍പ്പാടാക്കണം. ഇങ്ങനെ പൗരന്മാരുടെ ആരോഗ്യപരിപാലനം ജനായത്തമാവണം. അതുവരെ ഇപ്പോഴുള്ള വരേണ്യവര്‍ഗത്തിന്റെ ദയാവായ്‌പില്‍ മറ്റുള്ളവര്‍ കഴിയട്ടെ!

'സേവന'ത്തിന്‌ അവസരം ലഭിക്കാന്‍ സുപ്രീംകോടതിവരെ
പണ്ട്‌ വരേണ്യവര്‍ഗത്തിലെ ശ്രേഷ്‌ഠന്മാര്‍ മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യം പരിപാലിച്ചുപോന്നിരുന്നത്‌. താഴെക്കിടയിലെ പലരും സംസ്‌കൃതം അറിയാവുന്ന പല മനുഷ്യസ്‌നേഹികളും ഇതിനു തയാറായി. എല്ലാവരും ലാഭേച്‌ഛകൂടാതെ. പിന്നെപ്പിന്നെ പത്താം ക്ലാസുകാര്‍ക്ക്‌ രജിസ്‌റ്റേര്‍ഡ്‌ മെഡിക്കല്‍ പ്രാക്‌ടീഷണേഴ്‌സാകാമെന്നായി. അതിനുശേഷമാണ്‌ എം.ബി.ബി.എസും അതിനു ചേരാന്‍ ഇന്റര്‍മിഡിയറ്റ്‌/ പ്രീഡിഗ്രി വിത്ത്‌ ബയോളജി എന്ന നിബന്ധനയുണ്ടായത്‌.
കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അഭിരുചി നോക്കണമെന്ന്‌ കൗണ്‍സിലിംഗ്‌ ആചാര്യന്മാര്‍ ആഹ്വാനംചെയ്യുന്നതിനിടയിലും കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയിലൂടെയും അച്‌ഛനമ്മമാര്‍ തങ്ങളുടെ മകന്‍/ മകള്‍ ഡോക്‌ടറാകാന്‍ പരമ യോഗ്യന്‍, അഭിരുചിയില്‍ ആണ്ടുകിടക്കുന്നവന്‍ / വള്‍ ആണെന്ന്‌ ആണയിട്ടു പറയുന്നു. മെഡിക്കല്‍ മേഖലയില്‍ നിസ്വാര്‍ത്ഥ, സൗജന്യ സേവനത്തിനുള്ള പരിശീലനത്തിന്‌ സീറ്റുകിട്ടാന്‍ വ്യക്‌തികളും വ്യക്‌തികള്‍ക്കുവേണ്ടി ചില സംഘങ്ങളും ആണ്ടില്‍ ആറുമാസം സുപ്രീംകോടതിയുടെ വരാന്തയില്‍ കുടികിടപ്പാണ്‌.

ഇപ്പോള്‍ മെഡിസിനും ഏകജാലകം
ആന്‌ധ്രാപ്രദേശ്‌, ജമ്മുകാശ്‌മീര്‍ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ മെഡിക്കല്‍/ ഡന്റല്‍ കോളജുകളിലെയും എല്ലാ സീറ്റുകളും ഇനിമുതല്‍ ദേശീയതലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന 'നാഷണല്‍ എലിജിബിലിറ്റി -കം- എന്‍ട്രന്‍സ്‌ ടെസ്‌റ്റ്- അണ്ടര്‍ഗ്രാജ്യുവേറ്റ്‌ (എന്‍. ഇ. ഇ. ടി. യു.ജി.) വഴിയായിരിക്കുമെന്ന്‌ അറിവായിരിക്കുന്നു. കേരളത്തിലെ മെഡിക്കല്‍ പ്രവേശനപരീക്ഷ ഇനിമുതല്‍ എം.ബി.ബി.എസ്‌., ബി.ഡി.എസ്‌. ഒഴികെയുള്ള മെഡിക്കല്‍/ പാരാ മെഡിക്കല്‍ കോഴ്‌സുകളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു മാത്രമായിരിക്കും.
ന്യൂനപക്ഷ, പ്രതിപക്ഷ, കല്‍പിത സര്‍വകലാശാലകള്‍ തുടങ്ങിയവയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു എന്ന്‌ തെളിയിക്കപ്പെടുന്നതുവരെ ഈ സ്‌ഥിതി തുടരും.
നീറ്റ്‌- യു.ജിയില്‍ പങ്കെടുത്ത്‌ യോഗ്യത തെളിയിക്കുന്നവര്‍ക്കേ ഇനിമുതല്‍ കേരളത്തില്‍ മോഡണ്‍ മെഡിസിനും ഡെന്റല്‍ കോഴ്‌സിനും ചേരാനാകൂ. 'നീറ്റി'ന്‌ അപേക്ഷിക്കുന്നതോടൊപ്പം എന്‍ട്രന്‍സ്‌ കമ്മീഷണര്‍ക്കും അപേക്ഷ നല്‍കണം. കേരള പ്രവേശനപ്പരീക്ഷ, കമ്മീഷണര്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ നീറ്റ്‌ അപേക്ഷയുടെ നമ്പരും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതാണ്‌. നീറ്റ്‌പരീക്ഷ 2013 മെയ്‌ അഞ്ചിന്‌ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, മംഗലാപുരം തുടങ്ങിയ സ്‌ഥലങ്ങളില്‍ ഏര്‍പ്പെടുത്തും. അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നിവയ്‌ക്ക് മൊത്തം 50 ശതമാനമെങ്കിലും മാര്‍ക്കോടെ 12-ാം ക്ലാസ്‌ പരീക്ഷ ജയിച്ചിരിക്കണം. ഇപ്പോള്‍ 12-ല്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഓള്‍ ഇന്ത്യ ക്വോട്ടാവഴി നികത്തപ്പെടുന്ന 15 ശതമാനം സീറ്റുകളില്‍ പരിഗണിക്കപ്പെടാനാണെങ്കില്‍ അപേക്ഷകര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധി 25 ആയിരിക്കും. എല്ലാ അപേക്ഷകര്‍ക്കും 2013 ഡിസംബര്‍ 31 വച്ച്‌ കണക്കാക്കുമ്പോള്‍ 17 വയസ്‌ തികഞ്ഞിട്ടുണ്ടായിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 31 വരെ, ലേറ്റ്‌ഫീയോടുകൂടി അപേക്ഷകള്‍ 2013 ജനുവരി 31 വരെ.
www. cbseneet.nic.in എന്ന വെബ്‌സൈറ്റില്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍, ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ഫോം വിശദവിവരങ്ങള്‍ ഇവയുണ്ട്‌. ഓണ്‍ ലൈന്‍ അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ പേജും നിര്‍ദ്ദിഷ്‌ട രേഖകളും ജനുവരി പത്തിനകം സൈറ്റില്‍ കാണുന്നവിധത്തില്‍ ലഭ്യമാക്കിയിരിക്കണം. ലേറ്റ്‌ഫീവിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി അഞ്ചിനകവും.
സംശയനിവാരണങ്ങള്‍ക്ക്‌ മേല്‍പറഞ്ഞ സൈറ്റിനുപുറമെ ഇനിപ്പറയുന്നവകൂടി ഉണ്ട്‌. www.meiinida.org/mohfw.nic.in/cdiinida.org
ആന്റണി കളപ്പുര

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();