Main Home | Feedback | Contact Mangalam
Ads by Google

നല്ല സിനിമയുടെ ഷട്ടര്‍ തുറന്ന്‌ സജിത

mangalam malayalam online newspaper

വട്ടത്തില്‍ പൊട്ടുതൊട്ട്‌ ചുണ്ടില്‍ ചായംതേച്ച്‌ വിലകുറഞ്ഞ ചുരിദാറണിഞ്ഞ്‌ സജിത കോഴിക്കോടന്‍ തെരുവിലെ ബസ്‌ സ്‌റ്റാന്റിനോരത്ത്‌ അലസമായി നിന്നു. ബസ്സ്റ്റോപ്പിലെത്തിയവരൊക്കെയും പുതിയ 'പീസി'നെ മലയാളിയുടെ സ്‌പെഷ്യല്‍ തുറിച്ചുനോട്ടത്തോടെ വിലയിരുത്തി. പമ്മി നിന്നിരുന്ന യുവാവ്‌ പതിയെ അടുത്തെത്തി സജിതയുടെ മുഖത്ത്‌ നോക്കാതെ ചോദിച്ചു.

''പോരുന്നോ...?''

സജിത യുവാവിനെ നോക്കി പൊട്ടിച്ചിരിച്ച്‌ തെല്ല്‌ ഉറക്കെ തന്നെ പറഞ്ഞു. ''ഇപ്പോ പറ്റില്ല. ഷൂട്ടിംഗിനുള്ള സമയമായി. കണ്ടില്ലെ, ലൈറ്റും കാമറയുമൊക്കെ ഫിറ്റ്‌ ചെയ്ുയന്നത്‌. ഞാനാണ്‌ നായിക...''

സജിതയുടെ പൊട്ടിച്ചിരികേട്ട്‌ അമ്പരന്നുപോയ യുവാവ്‌ ഏന്തിവലിഞ്ഞു നോക്കുമ്പോള്‍ സിനിമാ ഷൂട്ടിംഗ്‌ സംഘം സെറ്റ്‌ റെഡിയാക്കുകയാണ്‌. കോഴിക്കോട്ടെ ഒരു തെരുവുവേശ്യയായി അഭിനയിക്കുന്ന നായികനടിയാണ്‌ തന്റെ മുന്നില്‍ വേഷം കെട്ടിനില്‍ക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞ യുവാവ്‌ പൊടുന്നനെ അപ്രത്യക്ഷനായെന്ന്‌ സജിത ചിരിയോടെ പറയുന്നു. സജിതയ്‌ക്ക് മികച്ച രണ്ടാമത്തെ നടിയ്‌ക്കുള്ള അവാര്‍ഡ്‌ നേടികൊടുത്ത 'ഷട്ടര്‍' എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ ഇത്തരത്തില്‍ രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ സജിതയ്‌ക്ക് ഓര്‍ക്കാനുണ്ട്‌.

അതുല്ല്യമായ അഭിനയത്തിലൂടെ, വേഷപകര്‍ച്ചയിലൂടെ കഥാപാത്രത്തിന്‌ പൂര്‍ണതയേകിയ സജിതയ്‌ക്ക് ആദ്യ നായികവേഷംതന്നെ സമ്മാനിച്ചത്‌ സംസ്‌ഥാനത്തെ മികച്ച രണ്ടാമത്തെ നടിയ്‌ക്കുള്ള അംഗീകാരം. ചാരം ഊതിയാറ്റി മിന്നിതിളങ്ങിയ കനലുപോലെയാണ്‌ സജിത മഠത്തില്‍ എന്ന നടി സംസ്‌ഥാന അവാര്‍ഡ്‌ പ്രഖ്യാപനത്തിനു ശേഷം മലയാളസിനിയില്‍ ജ്വലിച്ചു നിന്നത്‌. അധികമാരും അറിയാതെ മലയാള നാടകവേദിയുടേയും സമാന്തര സിനിമയുടെയും ഓരം ചേര്‍ന്ന്‌ നടന്ന നടി ഒരു സുപ്രഭാതത്തില്‍ മികച്ച നടിയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ്‌ സജിത മഠത്തിലിനെ മലയാളം അംഗീകരിച്ചത്‌. സജിതയ്‌ക്ക് ഇതൊരു മധുര പ്രതികാരം കൂടിയായിരുന്നു.

''ആ ചാനല്‍ റിപ്പോര്‍ട്ടറെ കണ്ട്‌ എനിക്ക്‌ അവാര്‍ഡ്‌ ലഭിച്ച കാര്യം മുഖത്ത്‌ നോക്കി പറയണമെന്നുണ്ട്‌. ഞാനൊരു നടിയാണെന്ന്‌ സിനിമാ ലോകം അംഗീകരിച്ചുവെന്നത്‌ അയാളോട്‌ വിളിച്ചു പറയണമെന്നുണ്ട്‌. ആ റിപ്പോര്‍ട്ടറും ചാനലുമാണ്‌ എന്നെ ഏറേയും വേട്ടയാടിയത്‌. ഞാനൊരു നടിയാണെന്ന്‌ അംഗീകരിച്ചുതരാതെയുള്ള വേട്ടയാടല്‍. കാലമെത്രകഴിഞ്ഞാലും ആ വിവാദകാലംമറക്കാനാവില്ല...!''
മലയാള സിനിമയില്‍ അവാര്‍ഡിനു പിന്നായെത്തുന്ന വിവാദം കഴിഞ്ഞതവണ പിടികൂടിയത്‌ സജിത മഠത്തിലിനെ കൂടിയായിരുന്നു. ഷെറി സംവിധാനം ചെയ്‌ത 'ആദിമദ്ധ്യാന്ത'ത്തെക്കുറിച്ചായിരുന്നു അത്‌.

നാടകക്കാലം

എണ്‍പതുകളുടെ അവസാനത്തിലാണ്‌ സജിത കലാരംഗത്ത്‌ സജീവമായത്‌. കോഴിക്കോടന്‍ നാടകകൂട്ടായ്‌മയില്‍ സ്‌ത്രീപക്ഷ നാടകമേഖലയിലാണ്‌ സജിത പ്രവര്‍ത്തനം സജീവമാക്കിയത്‌. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ സാംസ്‌കാരിക നിലപാടുകളെ സ്വീകരിച്ച്‌ തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചായിരുന്നു തുടക്കം. കോഴിക്കോട്‌ തിരുവണ്ണൂര്‍കാരിയുടെ ആദ്യ തട്ടകം കോഴിക്കോടന്‍ നാടകവേദിയായത്‌ സ്വാഭാവികം. കലാകാരന്‍മാരെ/കാരികളെ നെഞ്ചോടുചേര്‍ത്ത്‌ വളര്‍ത്തുന്ന പാരമ്പര്യമാണ്‌ അന്നും ഇന്നും കോഴിക്കോടിനുള്ളത്‌. എന്നാല്‍ ആരൊക്കെയോ ചവിട്ടിത്തെളിച്ച പാതയ്‌ക്കു പകരം തന്റേതായ ഇടം കണ്ടെത്താനാണ്‌ സജിത ശ്രമിച്ചത്‌. അത്‌ അരക്ഷിതമായ പെണ്ണിടങ്ങളെകുറിച്ചുള്ള അന്വേഷണമായിരുന്നു. പെണ്ണിന്റെ സമകാലിക ദുരിതം വിവരിക്കുന്നതിനൊപ്പം സംരക്ഷണത്തിന്റെ തുരുത്ത്‌ കണ്ടെത്താനുള്ള ശ്രമമായിരുന്നു നാടകങ്ങളിലൂടെ സജിത നടത്തിയത്‌. കോഴിക്കോടിന്റെ അതിരുകടന്ന്‌ പരിഷത്തിന്റെ കലാജാഥകള്‍ക്കൊപ്പം സ്വന്തമായി എഴുതി അവതരിപ്പിച്ച തെരുവുനാടകങ്ങളുമായി സജിത സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുറ്റിതിരിഞ്ഞു.

കേട്ടറിഞ്ഞതൊന്നുമല്ല ജീവീതം എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയലായിരുന്നു സജിതയ്‌ക്ക് ഈ യാത്രകള്‍. പഠിച്ചതും അവതരിപ്പിച്ചതുമല്ല നാടകങ്ങളെന്നും സജിത അറിഞ്ഞു. അതോടെ അക്കാദമിക്‌ പഠനത്തിലേര്‍പ്പെടാനായി തീരുമാനം. അങ്ങിനെയാണ്‌ സജിത പശ്‌ചിമ ബംഗാളിലെ രവീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ തിയറ്റര്‍ ആര്‍ട്‌സിന്‌ (എം.എ ഡ്രാമ) ചേര്‍ന്നത്‌.

അവകാശപ്പെടാന്‍ കലാപാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍നിന്ന്‌ ഒരു നിയോഗം പോലെയാണ്‌ സജിത നാടകവേദിയിലേക്കെത്തിയത്‌. അതുകൊണ്ടുതന്നെ എതിര്‍പ്പും ശക്‌തമായിരുന്നു. നാടകം പഠിക്കാനായി ഒരു പെണ്‍കുട്ടി കൊല്‍ക്കത്തയിലേക്ക്‌ പോകുന്നതൊന്നും അംഗീകരിക്കാനാവാത്ത ബന്ധുക്കള്‍ എതിര്‍ത്തു നോക്കി. എന്നാല്‍ സജിത സ്വന്തം തീരുമാനത്തില്‍ ഉറച്ചുനിന്നു.

കൊല്‍ക്കത്തയിലെ പഠനകാലത്തിനിടയ്‌ക്ക് ഒട്ടേറെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ സജിതയുടെ ജീവിതത്തിലുണ്ടായി. പരിഷത്തില്‍ തനിക്കൊപ്പമുണ്ടായിവുന്ന റൂബിനെ ജീവിതത്തിലേക്ക്‌ കൂട്ടിയത്‌ കൊല്‍ക്കത്തയിലെ പഠനത്തിനിടെയാണ്‌. ഈ സമയത്തു തന്നെ വിദ്യാഭ്യാസ വകുപ്പില്‍ ജോലിയും ലഭിച്ചു. കൊല്‍ക്കത്തയിലെ പഠനവും കേരളത്തിലെ ജോലിയും ദാമ്പത്യ ജീവിതവും അതിനൊപ്പം നാടകവേദികളുമായി തിരക്കേറിയ കാലം. എം.എ പഠനത്തിന്‌ ശേഷം സജിത മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ തിയറ്ററില്‍ എം.ഫില്‍ എടുത്തു.

നാടകത്തില്‍ അക്കാദമിക്‌ ബിരുദങ്ങള്‍ നേടിയ സജിതയുടെ ചെറുപ്പക്കാലത്തൊന്നും നാടകം കടന്നുവന്നിരുന്നില്ലെന്നതാണ്‌ പ്രത്യേകത. നാടിന്റെ അകമായി വിളങ്ങിനിന്നിരുന്ന നാടകങ്ങള്‍ കാണാന്‍ പോകാറുണ്ടായിരുന്നു. കുഞ്ഞുനാളിലെ നൃത്തം പഠിച്ചതുകൊണ്ട്‌ നാടകത്തിന്റെ ഇടവേളകളില്‍ നൃത്തം അവതരിപ്പിക്കാനായി നാടകക്കാര്‍ ഒപ്പംകൊണ്ടുപോകും. അപ്പോഴൊന്നും പക്ഷേ നാടകങ്ങളില്‍ അഭിനയിക്കാനുള്ള മോഹം സജിതയ്‌ക്കില്ലായിരുന്നു.

പിന്നീട്‌ സ്‌ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള കലാപ്രവര്‍ത്തനത്തെ കുറിച്ചുള്ള ചിന്തയാണ്‌ സജിതയെ തെരുവുനാടക ലോകത്തേക്കെത്തിച്ചത്‌. അങ്ങിനെ സജിത മുന്‍കൈയെടുത്ത്‌ പെണ്ണുങ്ങള്‍ മാത്രമുള്ള 'അഭിനേത്രി'യെന്ന നാടകവേദിയ്‌ക്ക് രൂപം നല്‍കി. അഭിനേതാക്കള്‍ മാത്രമല്ല, കര്‍ട്ടന്‍ വലിക്കുന്നതും വെളിച്ചവിന്യാസവും ചമയവും എല്ലാം പെണ്ണുങ്ങള്‍ തന്നെ.

'90 കളില്‍ ചര്‍ച്ചയായ ബ്യൂട്ടിപാര്‍ലര്‍, മത്സ്യഗന്ധി, മുടിതെയ്യം ഉറയുന്നു... തുടങ്ങിയ ഒട്ടേറെ നാടകങ്ങളുടെ ഭാഗമായി. നാടകങ്ങള്‍ സംവിധാനം ചെയ്‌തു. ആകാശവാണിയിലും ദൂരദര്‍ശനിലും നാടകങ്ങള്‍ അവതരിപ്പിച്ചു. ഇതെല്ലാം പുതുതലമുറ അറിയാത്ത സജിതയുടെ കലാപ്രവര്‍ത്തനങ്ങളില്‍ ചിലത്‌ മാത്രം.

ഇതിനിടെ സജിത ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്‌.ഡിയ്‌ക്കു ചേര്‍ന്നു. നാടകങ്ങളിലെ സ്‌ത്രീ സാന്നിദ്ധ്യമായിരുന്നു വിഷയം. റിസര്‍ച്ച്‌ തുടങ്ങിയപ്പോഴാണ്‌ ഇതിന്‌ ആധാരമായ ഒരു പുസ്‌തകംപോലുമില്ലെന്ന്‌ വ്യക്‌തമായത്‌. പിന്നെ അത്തരമൊരു പുസ്‌തകം തയ്യാറാക്കുന്നതിനായി പ്രയത്നം. കേരളത്തിലെ നാടകവേദികളുടെ ചരിത്രംതേടി. അവയിലെ പെണ്‍സാന്നിദ്ധ്യവും അവരുടെ വര്‍ത്തമാനവും കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞു. നാടകകൂട്ടായ്‌മയിലെ പെണ്‍സാന്നിദ്ധ്യങ്ങളെ കുറിച്ച്‌ പഠിച്ചു. ഇവയെല്ലാം ക്രോഡീകരിച്ച്‌ പുസ്‌തകം തയ്യാറാക്കി. അങ്ങിനെ പതിനാലുവര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ 'മലയാള നാടക സ്‌ത്രീ ചരിത്രം' എന്ന പുസ്‌തകം പുറത്തിറക്കി. ഇപ്പോള്‍ ഈ വിഷയത്തില്‍ ആധാരമായെടുക്കാനുള്ള ഏക പഠനഗ്രന്ഥവും ഇതുതന്നെ. അടുത്തിടെയാണ്‌ സജിത പി.എച്ച.ഡി തീസിസ്‌ സമര്‍പ്പിച്ചത്‌.

'ആര്‍ട്‌സ്' കുടുംബം

കുടുംബത്തില്‍ കലാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ ചുരുക്കമെങ്കിലും സജിതയ്‌ക്ക് വഴിനീളെ പ്രോത്സാഹനമേകിയ ഒരു 'ആര്‍ട്‌സ്' കുടുംബമുണ്ട്‌. അതു മറ്റാരുമല്ല, മീഞ്ചന്ത ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണത്‌ . കോഴിക്കോടിന്റെ കലാവഴിയാണ്‌ എന്നും ആര്‍ട്‌സ് കോളജിലെ കലാപ്രവര്‍ത്തകരും തെരഞ്ഞെടുത്തിരുന്നത്‌. അതുകൊണ്ടു തന്നെ കോഴിക്കോടന്‍ കലാലോകത്തെ കുറിച്ച്‌ പറയുമ്പോള്‍ ആര്‍ട്‌സ് കോളജിനും പ്രാധാന്യമേറെ. ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്‌ സജിതയും ജോയ്‌മാത്യുമൊക്കെ. സജിത പ്രീ ഡിഗ്രിയ്‌ക്ക് പഠിക്കുമ്പോള്‍ ജോയ്‌ മാത്യു ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌. നാടകത്തിലും സിനിമയിലുമായി അന്നേ താരമായ ജോയ്‌ മാത്യുവിന്‌ ജൂനിയര്‍ വിദ്യാര്‍ത്ഥിയോടുള്ള പരിചയം മാത്രമേ സജിതയോടുണ്ടായിരുന്നുള്ളൂ.

പിന്നിട്‌ പെണ്‍പക്ഷ നാടകവേദിയില്‍ സജിത വളര്‍ന്നതോടെ സൗഹൃദവും വളര്‍ന്നു. ഇതിനൊപ്പം അക്കാലത്തെ വിദ്യാര്‍ത്ഥികളായിരുന്നവരും ഇഴപിരിയാത്ത സൗഹൃദമായി ഒപ്പം ചേര്‍ന്നു. അവരെല്ലാവരും ചേര്‍ന്ന്‌ ഒരു സിനിമയെടുത്തപ്പോള്‍ നായികയായതു സജിതയും.

സിനിമയ്‌ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്‌ത ജോയ്‌മാത്യു തന്നെയാണ്‌ സജിതയോട്‌ നായികാ കഥാപാത്രത്തെകുറിച്ച്‌ പറഞ്ഞത്‌. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്കു ശേഷമാണ്‌ ജോയ്‌ മാത്യു സിനിമ രംഗത്തേക്കു തിരിച്ചെത്തിയത്‌.സംവിധായകനായി. കഥാപാത്രത്തെകുറിച്ച്‌ കേട്ടപ്പോള്‍ അഭിനയിക്കണമെന്ന്‌ സജിതയ്‌ക്ക് വല്ലാത്ത മോഹം. എന്നാല്‍ ഇത്രയേറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ഫലിപ്പിക്കാന്‍ സാധിക്കുമോയെന്ന സന്ദേഹവും. എന്നാല്‍, ജോയ്‌മാത്യുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സജിത തെരുവവേശ്യയുടെ കഥാപാത്രത്തെ ഏറ്റെടുത്തു.

കഥാപാത്രമാകാനുള്ള ഒരുക്കത്തിലായിരുന്നു പിന്നീട്‌ സജിത. ഇതിനായി ധ്യാനാവസ്‌ഥയിലേക്ക്‌ മനസിനെ പാകപ്പെടുത്തി. എല്ലാത്തില്‍ നിന്നും മാറിനിന്നു. കഥാപാത്രം മാത്രമായി മനസില്‍. 'ഷട്ടറി'ല്‍ അഭിനയിച്ചു തുടങ്ങിയപ്പോഴാണ്‌ 'ആദിമധ്യാന്ത'ത്തെ ചുറ്റിപ്പറ്റിയുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന അവാര്‍ഡ്‌ വിവാദമുണ്ടായത്‌. അതിനൊടുവിലാണ്‌ സജിതയെ ചലച്ചിത്ര അക്കാദമിയില്‍നിന്നും പിരിച്ചുവിട്ടതും തുടര്‍ന്ന്‌ ഡല്‍ഹിയ്‌ക്ക് മടങ്ങി നേരത്തെ വഹിച്ചിരുന്ന കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഡപ്യൂട്ടി സെക്രട്ടറി സ്‌ഥാനം ഏറ്റെടുത്തതും. അതോടെ ഡല്‍ഹിയിലെ നാടക കൂട്ടായ്‌മകളില്‍ സജീവമായി. നാഷണല്‍ ബുക്ക്‌ ട്രസ്‌റ്റില്‍ എഡിറ്ററായ ഭര്‍ത്താവ്‌ റൂബിന്‍ ഡല്‍ഹിയിലാണ്‌ താമസം. ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന മകനുമുണ്ട്‌. ഇതിനിടയില്‍ 'ഷട്ടറി'ന്റെ ചിത്രീകരണം. കേരളത്തിലും ഡല്‍ഹിയിലുമായി ജീവിതം പകുത്തുവച്ച നാളുകള്‍.
മേയ്‌ക്കപ്പിട്ട്‌ ഒരുങ്ങി വന്നതോടെ തെരുവിലെ തുറിച്ചു നോട്ടകാര്‍ക്ക്‌ സജിത ഒരു വേശ്യയാണെന്ന്‌ തോന്നുകയും കൂടെ പോരാന്‍ ആവശ്യപ്പെടുകയും ചെയ്‌തപ്പോള്‍ തന്നെ കഥാപാത്രം പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടമാവുമെന്നു ഉറപ്പായിരുന്നു. ഈ ഉറപ്പാണ്‌ ജൂറിയുടെ അവാര്‍ഡ്‌ നിര്‍ണ്ണയത്തിലൂടെ വ്യക്‌തമായതും. ഒന്നരവര്‍ഷത്തോളമെടുത്താണ്‌ സിനിമ പൂര്‍ത്തിയാക്കിയത്‌. അണിയറയില്‍ മിക്കവരും പഴയ ആര്‍ട്‌സ് കോളജുകാര്‍. അതുകൊണ്ട്‌ എന്നും 'ഗെറ്റ്‌ ദു ഗെദര്‍' മൂഡിലായിരുന്നു ഷൂട്ടിംഗ്‌ സെറ്റ്‌. ജോയ്‌ മാത്യൂവിന്റെ പിന്തുണ എല്ലാത്തിലും ഉപരിയായി. പിന്നെ കൂടെ അഭിനയിച്ച ലാലിന്റെ നിര്‍ദ്ദേശവും പോസറ്റീവ്‌ എനര്‍ജിയും അഭിനയം മെച്ചപ്പെടുത്തുവാന്‍ സഹായകരമായെന്ന്‌ സജിത.

ഇതിനു മുമ്പും സജിത സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്‌. അടൂര്‍ ഗോപാലകൃഷ്‌ണന്റെ 'നിഴല്‍കൂത്തി'ലുണ്ടായിരുന്നു ഒരു സീനില്‍. എം.ജി ശശിയുടെ ജാനകി, മേഘരൂപന്‍, വീരപുത്രന്‍ തുടങ്ങിയ സിനിമകളിലും സജിതയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ സജിതയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്‌ ഷട്ടറിലെ പകരംവയ്‌ക്കാനില്ലാത്ത അഭിനയത്തിലൂടെയായെന്ന്‌ മാത്രം. ''തെരുവുവേശ്യകള്‍ക്കൊപ്പം കഴിഞ്ഞ്‌ അവരുടെ ജീവിതപ്രശ്‌നങ്ങള്‍ പഠിച്ചെടുത്ത്‌ അവര്‍ക്കായി പ്രവര്‍ത്തിച്ച നാളുകളുടെ കരുത്തു തന്നെയാണ്‌ 'ഷട്ടറി'ലെ വേഷം ശക്‌തമാക്കാന്‍ സാധിച്ചത്‌'' പെണ്‍പക്ഷ പ്രവര്‍ത്തനങ്ങളുടെ ആ സമരോത്സുക നാളുകളെ ഓര്‍ത്തെടുത്ത്‌ സജിത പറഞ്ഞു.

ജിനേഷ്‌ പൂനത്ത്‌
ഫോട്ടോ: രജ്‌ഞിത്‌ ബാലന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();