Main Home | Feedback | Contact Mangalam
Ads by Google

സകലകലാ വല്ലഭന്‍

mangalam malayalam online newspaper

മാസങ്ങള്‍ക്കു മുമ്പാണ്‌. കൊച്ചി കായലിനു നടുവില്‍ അലയുന്ന ആഡംബര ഉല്ലാസബോട്ടിന്റെ മുകള്‍ത്തട്ടില്‍ വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മക്‌ബല്‍ ബഫിന്‌ ടൂറിസം വകുപ്പിന്റെ വക അത്താഴവിരുന്ന്‌. കായലോളങ്ങള്‍ക്കൊപ്പം അലയടിക്കുന്ന സംഗീതത്തിന്റെ മാസ്‌മരികത.

ബോട്ടിന്റെ പ്ലാറ്റ്‌ഫോമില്‍നിന്ന്‌ രവീന്ദ്രന്‍ പോപ്പ്‌ സംഗീതത്തിന്റെ താളത്തിനൊപ്പം ആദ്യചുവടു വച്ചു. പിന്നെ കാലത്തിനു പിറകിലേക്ക്‌ കാഴ്‌ചയെ പിടിച്ചുണര്‍ത്തുന്ന മാസ്‌മരിക ചുവടുകളിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരുന്നു. എണ്‍പതുകളിലെ തമിഴ്‌സിനിമകളില്‍ തകര്‍ത്താടിയ 'മുടിമന്ന'ന്റെ ഇടിവെട്ട്‌ ഡാന്‍സ്‌. പുതുതലമുറയ്‌ക്ക് ഇതൊരു നവ്യാനുഭവം. പഴയ തലമുറയ്‌ക്ക് കണ്ടുമറന്ന കാഴ്‌ചയുടെ പുനരാവിഷ്‌കാരവും.

ഒരുകാലത്ത്‌ മലയാള- തമിഴ്‌ സിനിമയുടെ അവിഭാജ്യഘടകമായിരുന്ന രവീന്ദ്രന്‍ തിരിച്ചുവരുന്നു. ആ പഴയ പ്രതാപകാലത്തിന്റെ ഓര്‍മകള്‍ അയവിറക്കി കിടിലന്‍ ഡാന്‍സിന്റെ ചുവടുകളുമായി അരങ്ങുതകര്‍ക്കാനുള്ള തിരിച്ചവരവ്‌. കൊച്ചി കായലോളങ്ങളില്‍ ചാഞ്ചാടിയ ബോട്ടില്‍ ചടുലനൃത്തമാടിയ രവീന്ദ്രനെ പിന്നെ കണ്ടത്‌ ബംഗളുരുവിലെ ഒരു പ്രശസ്‌ത പബ്ബിലായിരുന്നു. പബ്ബിന്റെ ഉടമകൂടിയായ 'ഡിസ്‌കോ ഡഗ്ലസ്‌' എന്ന കഥാപാത്രത്തിലേക്കുള്ള വേഷപ്പകര്‍ച്ച. പഴയ 'മുടിമന്ന'ന്റെ വീറും കരുത്തും മെയ്‌വഴക്കവും അതേപോലെതന്നെ. അതേ, രവീന്ദ്രന്‍ തിരിച്ചുവരികയാണ്‌. ആസിഫലി നായകനായി അഭിനയിക്കുന്ന 'കിളി പോയി' എന്ന ന്യൂ ജനറേഷന്‍ സിനിമയിലൂടെ.

വസന്തകാലം

എണ്‍പതുകളിലെ വസന്തകാലത്താണ്‌ രവീന്ദ്രന്‍ മലയാളം, തമിഴ്‌സിനിമകളില്‍ സജീവമായത്‌. വെള്ളിത്തിരയിലെത്തിയതോടെ രണ്ടു ഭാഷകളിലേയും സിനിമകളിലെ ഒഴിവാക്കാനാവാത്ത ഘടകമായി രവീന്ദ്രന്‍. ശിവാജി ഗണേശനും രജനികാന്തിനും കമലഹാസനുമൊപ്പം മത്സരിച്ചഭിനയിച്ച കാലഘട്ടം. മുടിയഴകും ചടുല നൃത്തവുമായിരുന്നു അന്നു രവീന്ദ്രന്റെ പ്രത്യേകത. രവീന്ദ്രന്റെ ഡാന്‍സുണ്ടെങ്കില്‍ സിനിമ തമിഴ്‌നാട്ടില്‍ ഹിറ്റാകുമെന്നതായിരുന്നു അന്നത്തെ വിജയതന്ത്രം. തമിഴിലും മലയാളത്തിലുമായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ച രവീന്ദ്രന്‍ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായ 'പപ്പയുടെ സ്വന്തം അപ്പൂസിലെ' രുദ്രന്‍ എന്ന വില്ലനെ അവിസ്‌മരണീയമാക്കിയാണു വിടവാങ്ങിയത്‌. കത്തിനില്‍ക്കുമ്പോഴുള്ള വിടവാങ്ങല്‍. ആരും പ്രേരിപ്പിച്ചിട്ടില്ല; ആരുടേയും നിര്‍ബന്ധത്തിനോ പാരവയ്‌പിനോ വഴങ്ങിയിട്ടുമല്ല. രവീന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ജീവിതകാലത്തിനിടയില്‍ ഒരുപാടു ജീവിതങ്ങള്‍ ആടിത്തീര്‍ക്കണ'മെന്നുള്ളതുകൊണ്ടുതന്നെ.
ലൊക്കേഷനില്‍നിന്നു ലൊക്കേഷനിലേക്കുള്ള ആവര്‍ത്തന യാത്രകളാണു നടന്‍മാരുടേത്‌. 'താന്‍ പത്രംപോലും വായിക്കാറില്ലെന്ന്‌' അഭിമാനപൂര്‍വം പറയുന്ന മലയാള സിനിമാ നടന്‍മാര്‍ക്കിടയിലാണു രവീന്ദ്രന്‍ വ്യത്യസ്‌തനാകുന്നത്‌. ലോകമാസകലം സഞ്ചരിച്ച്‌, പ്രധാന ഫിലിം ഫെസ്‌റ്റിവെലുകളിലെല്ലാം പങ്കെടുത്ത്‌, ലോക സിനിമയെ അടുത്തറിഞ്ഞ്‌ ഇപ്പോഴും ഒരു സിനിമാ വിദ്യാര്‍ഥിയാണെന്ന വിനയം സൂക്ഷിക്കുന്ന രവീന്ദ്രന്‍.

1992-ലാണ്‌ 'പപ്പയുടെ സ്വന്തം അപ്പൂസ്‌' റിലീസ്‌ ചെയ്‌തത്‌. അതിനുശേഷം ഒന്നുരണ്ടു സിനിമകളില്‍ സൗഹൃദത്തിന്റെ പേരില്‍ മുഖംകാട്ടി. 20 വര്‍ഷം. രണ്ടു വര്‍ഷം തികച്ച്‌ മാറിനിന്നാല്‍പോലും നടന്‍മാരുടെ മുഖം മറന്നുപോകുന്നതാണ്‌ ഇന്‍സ്‌ട്രിയുടെ പതിവ്‌. എന്നാല്‍ 20 വര്‍ഷം പിന്നിട്ടിട്ടും രവീന്ദ്രനെ മലയാള സിനിമാലോകം മറന്നിട്ടില്ല; മറക്കാന്‍ കഴിയുകയുമില്ല. കാരണം, രവീന്ദ്രന്‍ മലയാള സിനിമയുടെ കൈപിടിച്ച്‌ ഇവിടെത്തന്നെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്നെ സിനിമ അവഗണിച്ചെന്നോ മറന്നെന്നോ പരാതി പറയാന്‍ രവീന്ദ്രനുമില്ല. കമലഹാസനൊപ്പം അഭിനയിച്ച രാമലക്ഷ്‌മണന്‍, സകലകലാവല്ലഭന്‍, പൊയ്‌ക്കാല്‍ കുതിരൈ. തുടങ്ങിയ സിനിമകളൊക്കെയും അക്കാലത്തെ സൂപ്പര്‍ഹിറ്റ്‌ സിനിമകളായിരുന്നു.

അടുത്തവാര്യത്ത്‌, രങ്ക, തങ്കമകന്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്രയുമുണ്ട്‌ രവീന്ദ്രനും രജനികാന്തും ഒന്നിച്ചഭിനയിച്ച സിനിമകളുടെ എണ്ണമെടുക്കുമ്പോള്‍. ശിവാജി ഗണേശന്റെ മകനായി അഭിനയിച്ച 'വാഴ്‌കെ' എക്കാലത്തേയും സൂപ്പര്‍ഹിറ്റ്‌ സിനിമയാണ്‌. ഈ സിനിമയില്‍ സില്‍ക്ക്‌ സ്‌മിതയുമൊത്തുള്ള ഡാന്‍സ്‌ രംഗം യുവാക്കളുടെ ഹരമായിരുന്നു. 'വാഴ്‌കെ'യിലെ ഡാന്‍സ്‌ രംഗത്തു ചിട്ടപ്പെടുത്തിയ ട്യൂണിനോടു സാദൃശ്യമുണ്ട്‌, 'കിളി പോയി' എന്ന സിനിമയിലെ ഡാന്‍സ്‌ രംഗത്തെ ട്യൂണിനും.

തമിഴിലും മലയാളത്തിലുമായി വാണിജ്യ സിനിമകളില്‍ കത്തിനില്‍ക്കുമ്പോഴും ഓഫ്‌ബീറ്റ്‌ സിനിമകളിലും രവീന്ദ്രന്‍ ശ്രദ്ധേയസാന്നിധ്യമായി. സത്യജിത്ത്‌ റേയുടെ കാമറാമാനായ സുമന്ദ്‌റോയിയുടെ കാമറാക്കണ്ണിലും രവീന്ദ്രന്‍ പതിഞ്ഞിട്ടുണ്ട്‌. 'കണ്‍ചുവന്താല്‍ മണ്‍ ചുവക്കും', 'ഇരവുപൂക്കള്‍' എന്നീ ഓഫ്‌ ബീറ്റ്‌ സിനിമകളില്‍ രവീന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്‌. 'ഏതുമുനൈ' എന്ന സിനിമയിലും ശ്രദ്ധേയവേഷമായിരുന്നു. ടി.വി. ചന്ദ്രനൊപ്പമുള്ള പരിചയമാണ്‌ 'കഥാവശേഷനി'ല്‍ വേഷം ചെയ്ാന്‍ പ്രേയരിപ്പിച്ചതും. ഐ.വി ശശി, ഫാസില്‍, ജോഷി തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ ശക്‌തമായ കഥാപാത്രങ്ങളെ പകര്‍ന്നാടുമ്പോള്‍ത്തന്നെയായിരുന്നു ഓഫ്‌ ബീറ്റ്‌ സിനിമകളിലെ സാധ്യതയും രവീന്ദ്രന്‍ ഏറ്റെടുത്തിരുന്നത്‌. ഒരുകാലത്ത്‌ മലയാള സിനിമയിലെ സൂപ്പറായി മാറിയ ശങ്കറിനൊപ്പമായിരുന്നു രവീന്ദ്രന്റേയും അരങ്ങേറ്റം.'ഒരു തലൈ രാഗം എന്ന സിനിമയിലൂടെ.' രണ്ടാമത്തെ സിനിമയും സൂപ്പര്‍ഹിറ്റായതോടെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല രവീന്ദ്രന്‌. 'പപ്പയുടെ സ്വന്തം അപ്പൂസി'ലെ രുദ്രന്റെ വേഷത്തോടെ തല്‍ക്കാലത്തേക്കെങ്കിലും വിടവാങ്ങും വരെ രവീന്ദ്രന്റെ തേരോട്ടമായിരുന്നു.

വേറിട്ട പാത

രവീന്ദ്രനെ അടുത്തിടെ കണ്ടതു ഫിലിം ഫെസ്‌റ്റിവെലുമായുള്ള ഓട്ടത്തിലായിരുന്നു. കൊച്ചിയില്‍ അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവല്‍ ഇല്ലാത്തതിന്റെ കുറവു നികത്താനായിരുന്നു ഇത്തവണത്തെ പ്രവര്‍ത്തനം. തിരുവനന്തപുരം ഫിലിം ഫെസ്‌റ്റിവലിനു തിരശീല വീണ്‌ ദിവസങ്ങള്‍ക്കുള്ളില്‍ കൊച്ചിയില്‍ അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവലിനു തിരശീല ഉയര്‍ന്നപ്പോള്‍ അതൊരു മാറ്റത്തിന്റെ സൂചനയായിരുന്നു. തുടക്കത്തിന്റെ ബലാരിഷ്‌ടതകള്‍ ഉണ്ടായിരുന്നെങ്കിലും സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ഫിലിം ഫെസ്‌റ്റിവലിന്റെ വിജയത്തിനു പിന്നില്‍ രവീന്ദ്രന്റെ ഇടപെടലായിരുന്നു പ്രധാനം.

ഇത്രയും കാലം കേരളത്തില്‍ ഒട്ടേറെ ഫിലിംഫെസ്‌റ്റിവലുകള്‍ നടത്തിയിട്ടും സാധ്യമാകാത്ത അത്ഭുതമാണ്‌ രവീന്ദ്രന്‍ ഇക്കുറി കാണിച്ചുതന്നത്‌. വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മക്‌ബല്‍ ബഫിനെ ഉദ്‌ഘാടകനായി എത്തിച്ചുവെന്നതു മാത്രമല്ല, വര്‍ഷങ്ങളായി പരസ്‌പരം കാണാത്ത അദ്ദേഹത്തിന്റെ മാതാവിനേയും ചടങ്ങിനെത്തിച്ചു. കുടുംബസമേതമുള്ള ആ കൂടിക്കാഴ്‌ച തന്നെ ചലച്ചിത്രോത്സവത്തേക്കാള്‍ ഉദാത്തവുമായിരുന്നു. ഇതിനൊക്കെയുള്ള സാധ്യതകള്‍ രവീന്ദ്രനു തെളിഞ്ഞുകിട്ടിയത്‌ കാന്‍ ഫെസ്‌റ്റിവല്‍ അടക്കമുള്ള ലോകോത്തര ചലച്ചിത്രമേഖലകളില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവും പരിചയവും കൊണ്ടുതന്നെ.

ലോക സിനിമയിലെ ചലനങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിക്കുന്ന നടന്‍ കൂടിയാണു രവീന്ദ്രന്‍. മലയാള സിനിമയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. എണ്ണായിരത്തിലധികം സിനിമകളുടേയും സിനിമാഗ്രന്ഥങ്ങളുടേയും ലൈബ്രറി ഒരുക്കി ശ്രദ്ധ നേടിയപ്പോഴും പ്രത്യേകമായൊന്നും സംഭവിക്കാത്ത ഭാവമായിരുന്നു രവീന്ദ്രന്‌. മലയാള സിനിമയിലേക്കു ലോകസിനിമയുടെ മാറ്റങ്ങള്‍ പകര്‍ന്നുനല്‍കണമെന്നു രവീന്ദ്രന്‍ ഏറെ ആഗ്രഹിച്ചു. ഇതോടൊപ്പം യുവാക്കളേയും വിദ്യാര്‍ഥികളേയും സിനിമയുമായി ബന്ധപ്പെട്ട ഓരോ ചലനവും പഠിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടു. ഇങ്ങനെയാണ്‌ മണ്‍സൂണ്‍ സിനി ഫെസ്‌റ്റ് എന്ന പേരില്‍ സിനിമാ പ്രദര്‍ശനവുമായി രവീന്ദ്രന്‍ കാമ്പസുകള്‍ കയറിയിറങ്ങിയത്‌. മലയാള സിനിമയിലെ താരസംഘടന സൂപ്പര്‍സ്‌റ്റാറുകളുടെ നിഴല്‍പറ്റിയും അവരെ പൊക്കിപറഞ്ഞും സമയം പോക്കുന്നതിനിടയില്‍ ഇത്തരം ചില കാര്യങ്ങളില്‍ കൂടി ശ്രദ്ധ ചെലുത്തണമെന്നു വിനീതമായി പറയാനും ഒരാളുണ്ടായി എന്നതാണു രവീന്ദ്രന്റെ പ്രാധാന്യം.

താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹികള്‍ക്ക്‌ ഇക്കാര്യത്തില്‍ തെല്ലുമില്ലായിരുന്നു താല്‍പര്യം. അതോടെയാണ്‌ അമ്മയുടെ തലപ്പത്തുള്ളവര്‍ക്ക്‌ ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ നല്‍കാന്‍ രവീന്ദ്രന്‍ രണ്ടും കല്‍പ്പിച്ചു രംഗത്തിറങ്ങിയത്‌. കഴിഞ്ഞ തവണ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ സൂപ്പര്‍ സ്‌റ്റാറുകളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പാനലിനെതിരേ രവീന്ദ്രന്‍ തനിച്ചു മത്സരിച്ചു. മത്സരം പൊടിപാറിയപ്പോള്‍ നേതൃത്വം കിടുങ്ങി. സിനിമയില്‍ മാറ്റം അനിവാര്യമെന്നു കരുതിയ യുവ നേതൃത്വനിര രവീന്ദ്രനു പിന്നില്‍ ഉറച്ചുനിന്നപ്പോള്‍ ആകെയുള്ള 240 വോട്ടില്‍ 142 എണ്ണവും രവീന്ദ്രന്റെ പെട്ടിയില്‍ വീണു. ചലച്ചിത്ര വികസന അക്കാദമി അംഗംകൂടിയാണ്‌ രവീന്ദ്രന്‍. ദൃശ്യഭാഷാ സാക്ഷരത എന്ന ഒരു പദ്ധതി തന്നെ രവീന്ദ്രന്‍ തയാറാക്കിയിട്ടുണ്ട്‌. ലോക സിനിമയെ പരിചയപ്പെടുത്തിയും മറ്റും സിനിമാ മേഖലയിലുള്ളവര്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ രവീന്ദ്രന്‍ ഏറെ ശ്രമിക്കുന്നുണ്ടെങ്കിലും പിന്തുണ കുറവാണ്‌. വ്യവസ്‌ഥാപിത നീക്കങ്ങളില്‍നിന്നു മാറിച്ചിന്തിക്കാന്‍ തയാറാകാത്ത നേതൃത്വങ്ങളാണിവിടെ വില്ലനാകുന്നത്‌.

സകലകലാവല്ലഭന്‍

സിനിമയില്‍നിന്നു മാറിനിന്നപ്പോഴും രവീന്ദ്രന്‍ കര്‍മനിരതനായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ സിനിമ രവീന്ദ്രനേയും രവീന്ദ്രന്‍ സിനിമയേയും മറക്കാതിരുന്നത്‌. തനിക്ക്‌ അഭിനയിക്കാന്‍ മാത്രമേ അറിയൂ എന്ന പറഞ്ഞ്‌ പരിഭവിക്കാനൊന്നും രവീന്ദ്രനു നേരമില്ല. അഭിനയത്തിനു പുറത്ത്‌ ജോലി ഏറ്റെടുക്കമ്പോള്‍ അതൊരു വലിയ സംഭവമായി കൊട്ടിഘോഷിക്കാനും താല്‍പര്യമില്ല. മറ്റുള്ളവര്‍ പിന്തുണയ്‌ക്കുന്നില്ലെന്നും കണ്ടിട്ട്‌ മിണ്ടിയില്ലെന്നുമുള്ള പരാതികള്‍ക്കും സമയമില്ല. വൈവിധ്യമാര്‍ന്നതാണു രവീന്ദ്രന്റെ കര്‍മമേഖല.

'മുടിയഴക'ന്റെ മുന്നില്‍ കെട്ടിടങ്ങള്‍ പോലും വണങ്ങിനില്‍ക്കുന്നിടത്താണ്‌ ഈ നടന്റെ മറ്റൊരു മുഖം നമ്മള്‍ കാണുന്നത്‌. യു.സി കോളജ്‌ സ്‌റ്റേഡിയം രൂപകല്‍പന ചെയ്‌തത്‌ രവീന്ദ്രനാണ്‌. കണ്ണമാലി, കോതാട്‌ പള്ളികളടക്കം ഒട്ടേറെ ആരാധനാലയങ്ങള്‍ രൂപകല്‍പന ചെയ്‌ത കലാകാരന്‍. തുഞ്ചന്‍പറമ്പിലെ കൂത്തമ്പലം, സര്‍ക്കാര്‍ സ്‌ഥാപനമായ കൈരളിയുടെ എല്ലാ ഷോറൂമുകളിലേയും ഇന്റീരിയല്‍ ഡെക്കറേഷന്‍ തുടങ്ങി എണ്ണിതീര്‍ക്കാനാവാത്ത ഉദാഹരണങ്ങള്‍ വേറെ.

ഇന്ത്യന്‍ കോണ്‍ക്രീറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കേരള ചാപ്‌റ്റര്‍ കണ്‍വീനര്‍ കൂടിയായിരുന്നു രവീന്ദ്രന്‍. സിനിമയില്‍നിന്നു മാറിനിന്ന കാലത്ത്‌ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച്‌ നൂതനമാര്‍ന്ന കെട്ടിട നിര്‍മാണരീതികള്‍ പരിശീലിപ്പിക്കുകയായിരുന്നു രവീന്ദ്രന്‍ ചെയ്‌തത്‌.

എറണാകുളം ബേക്കറി ജംഗ്‌ഷനില്‍ ഒരു പെട്രോള്‍ ബങ്ക്‌ പണിതതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പെട്രോള്‍ ബങ്കുകളുടെ രൂപ കല്‍പന പൊളിച്ചെഴുതി. ഇതിനു തുടക്കംകുറിച്ചത്‌ രവീന്ദ്രന്‍ എന്ന നടനാണെന്ന്‌ തിരിച്ചറിഞ്ഞവര്‍ അപൂര്‍വം. കൊട്ടിഘോഷിക്കാന്‍ രവീന്ദ്രനും താല്‍പര്യമില്ല.

ജിനേഷ്‌ പൂനത്ത്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();