Main Home | Feedback | Contact Mangalam
Ads by Google

നന്മയുടെ പുതിയ തീരങ്ങള്‍

ജിനേഷ്‌ പൂനത്ത്‌

mangalam malayalam online newspaper

ഗ്രാമനന്മയുടെ പഴംപാട്ടു പാടിപ്പതിഞ്ഞ്‌ സത്യന്‍ അന്തിക്കാട്‌ കടലോരത്തേക്കാണ്‌ തുഴഞ്ഞെത്തുന്നത്‌. ഇവിടെ കാത്തിരിക്കുന്നതു യുവത്വത്തിന്റെ സങ്കീര്‍ണതകളും സമകാലികാവസ്‌ഥയുടെ ആകുലതകളുമാണ്‌. കടല്‍ത്തിരകളിലേക്കു കാമറകണ്ണുകള്‍ വായിച്ച്‌ സത്യന്‍ പറയുന്നത്‌ പുതുതലമുറയുടെ കഥ. ഒപ്പം ആദ്യമായി കൂടിച്ചേര്‍ന്നതിന്റെ ആഹ്‌ളാദത്തില്‍ തിരക്കഥാകൃത്ത്‌ ബെന്നി പി. നായരമ്പലവും. രജതജൂബിലി പിന്നിട്ട സിനിമാ ജീവിതം. ഗ്രാമനന്മയുടെ വിശുദ്ധിയില്‍ മണ്ണില്‍ത്തൊട്ടുള്ള സിനിമകള്‍ അര്‍ധസെഞ്ച്വറിയും കടന്നു മുന്നോട്ട്‌. തന്റെ നിലപാടിലേക്കും വിശേഷങ്ങളിലേക്കും തോണിയേറിപോവുകയാണ്‌ സത്യന്‍ ...

? ആദ്യമായാണു താങ്കള്‍ കടലിന്റെ പശ്‌ചാത്തലത്തില്‍ ഒരു കഥ പറയുന്നത്‌. എന്താണ്‌ ഇതിലെ പുതുമ.

ഞാന്‍ താമസിക്കുന്നിടത്തുനിന്ന്‌ അധികം ദൂരെയല്ലാതെ കടലുണ്ട്‌. എന്നാല്‍, ഇതുവരെ കടലോരത്തു പോയിരുന്നില്ല. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ചിരുന്നുമില്ല. അടുത്തിടെ ബെന്നി പി. നായരമ്പലം ഒരു കഥ പറഞ്ഞപ്പോഴാണു യഥാര്‍ഥത്തില്‍ കടലോരത്തിന്റെ സിനിമാസാധ്യത മുന്നില്‍ തെളിഞ്ഞത്‌. നല്ലൊരു കഥയായിരുന്നു അത്‌. നന്മയൂറുന്ന മനസുള്ള കടലോര ജനത. അവര്‍ക്ക്‌ അന്നദാതാവാണ്‌ കടല്‍. അവിടുത്തെ നിഷ്‌കളങ്കരായ ഒട്ടേറെപ്പേര്‍. നഷ്‌ടപ്പെടലിന്റെ വേദനയില്‍ കഴിയുന്ന കൗമാരക്കാരി. അവളുടെ കാമുകന്‍. നാടകനടന്‍ കൂടിയായ മത്സ്യത്തൊഴിലാളി. കഥാഗതിയെ മാറ്റിമറിച്ച്‌ അവര്‍ക്കിടയിലേക്കു കടന്നുവന്ന വൃദ്ധന്‍. ഇതെല്ലാം ബെന്നി നര്‍മ്മത്തിലൂന്നി അവതരിപ്പിച്ചപ്പോള്‍ നല്ലൊരു തിരക്കഥയുമായി.

സിനിമയ്‌ക്കുള്ള മുന്നൊരുക്കമെന്ന നിലയ്‌ക്ക് ഞാന്‍ ആര്‍ത്തുങ്കല്‍ കടപ്പുറത്തുപോയി അവരുടെ ജീവിതം പഠിച്ചിരുന്നു. കടലോരത്തുള്ളവര്‍ ഇന്ന്‌ 'അമര'ത്തിലൊക്കെയുള്ളതുപോലെ 'കടാപ്പുറം' എന്നൊന്നുമല്ല സംസാരിക്കുന്നത്‌. അവരുടെ ഭാഷ ഏറെ മാറി. കൊച്ചിയോടു സാദൃശ്യമുള്ള ഭാഷയാണ്‌. അതുപോലെതന്നെയാണു സിനിമയിലും ഉപയോഗിച്ചത്‌.

? സിനിമ മാറുകയാണ്‌. ന്യൂ ജനറേഷന്റെ വിഹ്വലതകളാണ്‌ സമകാലിക സിനിമ പറയുന്നത്‌. താങ്കള്‍ക്ക്‌
ഇതില്‍നിന്നെങ്ങനെ മാറിനില്‍ക്കാന്‍ സാധിക്കും.

ഞാന്‍ മാറിനില്‍ക്കുന്നില്ലല്ലോ. 'പുതിയ തീരങ്ങളി'ല്‍ ചര്‍ച്ച ചെയ്യുന്നത്‌ യുവ തലമുറയുടെ പ്രശ്‌നങ്ങളാണ്‌. മെട്രോ നഗരങ്ങളിലെ യുവത്വത്തിനു മാത്രമാണു സങ്കീര്‍ണ ജീവിതാവസ്‌ഥയുള്ളതെന്ന്‌ ആരാണു പറഞ്ഞത്‌. അതു ഗ്രാമങ്ങളിലും കടലോരങ്ങളിലുമുണ്ട്‌. മെട്രോ നഗരങ്ങളില്‍നിന്നിറങ്ങി നാട്ടുനന്മയുടെ വഴികളിലൂടെ നടന്നാലേ അതു മനസിലാവുകയുള്ളൂ. മെട്രോ ജീവിതങ്ങളെക്കുറിച്ചു പറഞ്ഞാല്‍ മാത്രമേ ന്യൂ ജനറേഷന്‍ സിനിമയാകുകയുള്ളൂവെന്നു പറയുന്നത്‌ മിഥ്യയാണ്‌. മെട്രോ നഗരങ്ങളിലുള്ളവര്‍ മാര്‍ക്കറ്റിലെത്തി മത്സ്യം വാങ്ങിക്കഴിക്കുമ്പോള്‍ കടലിനോടു മല്ലടിച്ച്‌ മത്സ്യത്തെ പിടിച്ചുകൊണ്ടുവരുന്നവരേയും ഓര്‍ക്കേണ്ടതുണ്ട്‌.

'പുതിയ തീരങ്ങള്‍' ഒരു കടലോരത്തു മാത്രം നടക്കുന്ന സംഭവങ്ങളല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം സംഭവിക്കുന്ന ജീവിതാവസ്‌ഥയാണ്‌. അതുകൊണ്ടുതന്നെ ഇതു കേരളത്തിന്റെ മൊത്തമായ സമകാലിക ജീവിതാവസ്‌ഥയുടെ പരിച്‌ഛേദമാണ്‌. അപ്പോള്‍ പിന്നെ ഈ സിനിമയെയല്ലാതെ മറ്റെന്തിനെയാണു നിങ്ങള്‍ ന്യൂ ജനറേഷന്‍ എന്നു പേരിട്ടു വിളിക്കുക..?! യുവാക്കള്‍ എടുക്കുന്ന സിനിമയെന്നതല്ല, മറിച്ച്‌ പുതുകാലത്തിന്റെ സിനിമ എന്നതാണ്‌ ന്യൂ ജനറേഷന്‍ സിനിമയുടെ നിര്‍വചനമെങ്കില്‍ ഞാന്‍ പുതുതായി എടുത്ത 'പുതിയ തീരങ്ങള്‍' ഈ ഗണത്തില്‍പ്പെട്ടതുതന്നെയാണ്‌.

? സ്‌ഥിരം പറ്റേണില്‍ സിനിമയെടുക്കുന്നുവെന്നതാണ്‌ വിമര്‍ശനം.

മലയാള സിനിമയില്‍ മാറ്റമുണ്ടാകുന്നുണ്ട്‌. 'ട്രാഫിക്കി'ലൂടെയാണ്‌ ഇതിനു തുടക്കംകുറിച്ചതെന്നു പറയാം. പിന്നീട്‌ വന്ന 'സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറി'നെയും വിദേശ സിനിമകളുടെ സ്വാധീനമുണ്ടെങ്കിലും 'കോക്ക്‌ടെയിലി'നെയും 'ചാപ്പാകുരിശി'നെയുമൊക്കെ ഈ ഗണത്തില്‍പ്പെടുത്താം. ഞാന്‍ ചെയേ്േണ്ട സിനിമകളല്ല ഇതൊന്നും. ഇതൊക്കെകണ്ട്‌ ഞാന്‍ ചുവടുമാറ്റിയാല്‍ ശരിയാവില്ല. പലപ്പോഴും ഇങ്ങനെയാണ്‌ അബദ്ധങ്ങള്‍ സംഭവിക്കുന്നത്‌.
നാഷണല്‍ ഹൈവേയ്‌ക്കു സമാന്തരമായുള്ള പാതയാണ്‌ ഈ പരീക്ഷണ ചിത്രങ്ങള്‍. എന്നുകരുതി പ്രധാനപാതയിലൂടെ വണ്ടിയോടിക്കുന്നവരൊക്കെ സമാന്തരപാതയിലേക്കു കയറിപ്പോകണമെന്നില്ല. അങ്ങനെ പോയാല്‍ അപകടം സംഭവിക്കും. റിസ്‌ക്കിനു തയാറാവാതെ സെയ്‌ഫ് ആയ സ്‌ഥലത്തുകൂടി വണ്ടിയോടിക്കുന്ന ഒരു ഡ്രൈവറെപ്പോലെയാണു ഞാനെന്ന്‌ ഒരാള്‍ വിമര്‍ശിച്ചതുകണ്ടിരുന്നു. അപകടമൊഴിവാക്കി വണ്ടിയോടിക്കുകയല്ലേ വേണ്ടത്‌. അതുകൊണ്ട്‌ ഇത്തരം വിമര്‍ശനങ്ങളെ ഞാന്‍ അംഗീകാരമായാണെടുക്കുന്നത്‌.

അടുത്തിടെ ഇറങ്ങിയ '22 ഫീമെയില്‍ കോട്ടയം' എന്ന സിനിമയും 'പുതിയ തീരങ്ങളും' ഒരേപോലെ ന്യൂ ജനറേഷന്റെ പ്രശ്‌നങ്ങളാണു ചര്‍ച്ച ചെയ്യുന്നത്‌. '22 ഫീമെയില്‍ കോട്ടയം' ഞാന്‍ കാണുകയും ഇഷ്‌ടപ്പെടുകയും ചെയ്‌ത സിനിമയാണ്‌. അങ്ങനെതന്നെ ഞാനും സിനിമയെടുക്കണമെന്ന്‌ ആരെങ്കിലും വാശിപിടിച്ചാല്‍ എന്തു ചെയ്യാന്‍ സാധിക്കും...? ഓരോത്തര്‍ക്കും അവരുടേതായ ആവിഷ്‌കാര ശൈലിയുണ്ട്‌. വിമര്‍ശനങ്ങളെ ഗൗരവത്തോടെ സമീപിക്കും. കാമ്പുള്ള വിമര്‍ശനങ്ങള്‍ കൊള്ളുകയും പൊള്ളയായതു തള്ളുകയും ചെയ്യും.

? സ്‌ഥിരം മുഖങ്ങള്‍ക്കു പകരം പുതുമുഖങ്ങള്‍ക്കാണല്ലോ 'പുതിയ തീരങ്ങളി'ല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്‌.

അതെ, പുതുമുഖങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. ചിലര്‍ ചെറിയ വേഷങ്ങളില്‍ മാത്രം ഇതിനു മുമ്പ്‌ സിനിമയില്‍ പ്രത്യക്ഷപ്പെട്ടവരുമാണ്‌. നായികയായി തന്റേടിയും ആത്മവിശ്വാസവുമുള്ള ഒരു മുഖമായിരുന്നു വേണ്ടിയിരുന്നത്‌. ഏറെ തെരഞ്ഞു. അപ്പോഴാണ്‌ നിര്‍മാതാവ്‌ ആന്റോ ജോസഫ്‌ നമിത പ്രമോദിന്റെ കാര്യം പറയുന്നത്‌. 'ട്രാഫിക്കി'ല്‍ ബാലനടിയായ ഒരു കുട്ടിയുണ്ടെന്നും അവളിപ്പോള്‍ മുതിര്‍ന്നിട്ടുണ്ടെന്നും ആന്റോ പറഞ്ഞു. അങ്ങിനെയാണ്‌ അവളോടു ഫ്‌ളാറ്റില്‍വരാന്‍ പറഞ്ഞത്‌. സിനിമയൊഴികെ മറ്റെല്ലാം സംസാരിച്ചു. എന്റെ മക്കള്‍ അതെല്ലാം കാമറയില്‍ പകര്‍ത്തി. പിന്നെ ബെന്നിയേയും കണ്ടു സംസാരിച്ചു. അങ്ങനെയാണ്‌ നമിതയെ കാസ്‌റ്റ് ചെയ്‌തത്‌. മികച്ച നടിയാണെന്ന്‌ അഭിനയിച്ചുതുടങ്ങിയപ്പോള്‍ ബോധ്യമായി. നയന്‍താരയെയും സംയുക്‌തയെയുംപോലെ നടിയായി വളരാന്‍ സാധ്യതയുള്ള കുട്ടിയാണവള്‍.
'തട്ടത്തിന്‍ മറയത്ത്‌' ഷൂട്ട്‌ ചെയ്യുന്നതിനുംമുമ്പേ നിവിന്‍പോളിയെ 'പുതിയ തീരങ്ങളി'ലേക്ക്‌ വിളിച്ചിരുന്നു. താരപരിവേഷമില്ലാത്ത പയ്യനെയായിരുന്നു ആവശ്യം. അതാണ്‌ നിവിന്‍ പോളിയില്‍ എത്തിയത്‌. നായകന്‍ നെടുമുടി വേണു തന്നെയാണ്‌. ഇതുവരെ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();