Main Home | Feedback | Contact Mangalam
Ads by Google

റിസര്‍വ്‌ കണ്ടക്‌ടര്‍ നിയമനം: പി.എസ്‌.സി, കെ.എസ്‌.ആര്‍.ടി.സി. തര്‍ക്കം രൂക്ഷം

എ.എസ്‌. ഉല്ലാസ്‌

mangalam malayalam online newspaper

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി റിസര്‍വ്‌ കണ്ടക്‌ടര്‍ നിയമനം സംബന്ധിച്ച്‌ പി.എസ്‌.സിയും കെ.എസ്‌.ആര്‍.ടി.സിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. പി.എസ്‌.സി പുറത്തിറക്കിയ റാങ്ക്‌ ലിസ്‌റ്റിലെ 9,300 ഉദ്യോഗാര്‍ഥികള്‍ക്ക്‌ നിയമനം നല്‍കുന്ന കാര്യത്തിലാണ്‌ തര്‍ക്കം. പി.എസ്‌.സിയും കെ.എസ്‌.ആര്‍.ടി.സിയും രണ്ടുതട്ടിലായതോടെ നിയമന നടപടികള്‍ അനിശ്‌ചിതത്വത്തിലായി.

നിയമന ശിപാര്‍ശ അയയ്‌ക്കുന്ന മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം നല്‍കാന്‍ കെ.എസ്‌.ആര്‍.ടി.സി ബാധ്യസ്‌ഥരാണെന്നാണ്‌ പി.എസ്‌.സി നിലപാട്‌. എന്നാല്‍, 3,808 തസ്‌തികകള്‍ മാത്രമാണ്‌ ഒഴിവുള്ളതെന്നും അതില്‍ക്കൂടുതല്‍ നിയമനം നടത്തുന്നത്‌ പ്രായോഗികമല്ലെന്നും കെ.എസ്‌.ആര്‍.ടി.സിയും വ്യക്‌തമാക്കുന്നു. ഇരുവിഭാഗവും നിലപാട്‌ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പി.എസ്‌.സിയുടെ നിയമനശിപാര്‍ശയുമായി കോര്‍പറേഷന്‍ ഓഫീസിലും കോടതിയിലും കയറിയിറങ്ങേണ്ട ഗതികേടിലാണ്‌ ഉദ്യോഗാര്‍ഥികള്‍.

3,800 പേര്‍ക്ക്‌ ഇതിനോടകം പി.എസ്‌.സി നിയമനശിപാര്‍ശ നല്‍കിയിട്ടുണ്ട്‌. ഈ ആഴ്‌ച 5,500 പേര്‍ക്കുകൂടി ശിപാര്‍ശ അയക്കാനാണ്‌ തീരുമാനം. ഒഴിവുകളില്ലെന്ന്‌ കെ.എസ്‌.ആര്‍.ടി.സി വ്യക്‌തമാക്കിയ സാഹചര്യത്തില്‍ രണ്ടാംഘട്ടത്തില്‍ നിയമന ശിപാര്‍ശ നല്‍കുന്നവരുടെ കാര്യമാണ്‌ കൂടുതല്‍ പ്രതിസന്ധിയിലാവുന്നത്‌. രണ്ടാംഘട്ടത്തില്‍ നിയമന ശിപാര്‍ശ നല്‍കുന്നവര്‍ക്ക്‌ നിയമനം നല്‍കണമെങ്കില്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ ഇപ്പോള്‍ എംപാനല്‍ വ്യവസ്‌ഥയില്‍ ജോലി ചെയ്യുന്ന കണ്ടക്‌ടര്‍മാരെ പിരിച്ചുവിടേണ്ടിവരും. ഇതിനുള്ള ആലോചനകള്‍ കെ.എസ്‌.ആര്‍.ടി.സിയുടെ തലപ്പത്ത്‌ നടന്നുവരികയാണ്‌. എന്നാല്‍ കോര്‍പ്പറേഷനിലെ ചില തൊഴിലാളി സംഘടനകള്‍ ഇതിന്‌ എതിരാണ്‌.

നിലവില്‍ 5,500 ഓളം എംപാനലുകാര്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്നുണ്ട്‌. ഇവരില്‍ പി.എസ്‌.സി പരീക്ഷയെഴുതി ലിസ്‌റ്റില്‍ ഇടം നേടിയവരെയും സ്‌ഥിരമായി ജോലിക്കു വരാത്തവരെയും ഒഴിവാക്കി നിര്‍ത്തിയാല്‍ ഏതാണ്ട്‌ നാലായിരത്തോളം പേര്‍ക്ക്‌ കെ.എസ്‌.ആര്‍.ടി.സിയുടെ തീരുമാനം തിരിച്ചടിയാകും. പി.എസ്‌.സി നിയമനശുപാര്‍ശ നല്‍കിയാല്‍ 45 ദിവസത്തിനകം ജോലി നല്‍കിയിരിക്കണമെന്നാണ്‌ ചട്ടം. ഇല്ലെങ്കില്‍ നിയമന ശിപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്‌. ഇക്കാരണത്താല്‍ എംപാനലുകാരുടെ സീനിയോറിറ്റി അടിസ്‌ഥാനത്തില്‍ ഘട്ടംഘട്ടമായി പിരിച്ചുവിടാനാണ്‌ ആലോചനകള്‍ നടക്കുന്നത്‌.

നിയമനകാര്യത്തില്‍ കെ.എസ്‌.ആര്‍.ടിസി ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക്‌ പറ്റിയ അബദ്ധമാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നാണ്‌ പി.എസ്‌.സി അധികൃതര്‍ പറയുന്നത്‌. 2011 ലാണ്‌ 9,016 ഒഴിവുകള്‍ കെ.എസ്‌.ആര്‍.ടി.സി പി.എസ്‌.സിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇടതുസര്‍ക്കാരിന്റെ കാലത്ത്‌ പ്രതിവര്‍ഷം ആയിരം ബസ്സുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ്‌ ഇത്രയധികം ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ പരീക്ഷ നടത്തിയ പി.എസ്‌.സി 52,421 പേരുടെ ജംബോ ലിസ്‌റ്റും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതിനുശേഷം, പത്തുവര്‍ഷമായി ജോലിചെയ്‌തുവന്ന മൂവായിരത്തോളം എംപാനല്‍ കണ്ടക്‌ടര്‍മാരെ സര്‍ക്കാര്‍ സ്‌ഥിരപ്പെടുത്തി. ഈ സാഹചര്യത്തില്‍ 3808 ഒഴിവുകള്‍ മാത്രമേ നിലവിലുള്ളുയെന്ന്‌ കെ.എസ്‌.ആര്‍.ടി.സി പി.എസ്‌.സിയെ അറിയിച്ചു. എന്നാല്‍ പി.എസ്‌.സി ഈ വാദം തള്ളിക്കളഞ്ഞു. സര്‍ക്കാരിനെ കെ.എസ്‌.ആര്‍.ടി.സി ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തെങ്കിലും പ്രശ്‌നത്തിന്‌ പരിഹാരമായിട്ടില്ല.

ഒഴിവുകള്‍ കുറവാണെന്ന കെ.എസ്‌.ആര്‍.ടി.സിയുടെ വാദം അംഗീകരിക്കേണ്ടതില്ലെന്ന്‌ പി.എസ്‌.സി അധികൃതര്‍ വ്യക്‌തമാക്കി. നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പി.എസ്‌.സി നിയമനശിപാര്‍ശ അയച്ചാലും 3808 തസ്‌തികകളില്‍ കൂടുതല്‍ നിയമനങ്ങള്‍ നടക്കില്ലെന്ന്‌ കെ.എസ്‌.ആര്‍.ടി.സി അധികൃതരും വ്യക്‌തമാക്കിയിട്ടുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top
session_write_close(); mysql_close();