Main Home | Feedback | Contact Mangalam
Ads by Google

അന്ത്യമാം രംഗം തീര്‍ന്നു; വെള്ളിനക്ഷത്രം മാഞ്ഞു: കെ. പി. ഉദയഭാനു അന്തരിച്ചു

mangalam malayalam online newspaper

തിരുവനന്തപുരം: മലയാളിയുടെ ഭാവഗാനശേഖരത്തില്‍ അനുരാഗത്തിന്റെ മുത്തും പവിഴവും സമ്മാനിച്ച കെ.പി ഉദയഭാനു (80) ജീവിതവീഥിയിലെ അന്ത്യമാം രംഗവും തീര്‍ത്തു മടങ്ങി. പാര്‍ക്കിന്‍സണ്‍സ്‌ രോഗം മൂലം അവശനായ ഭാവഗായകന്‍ ഒരുവര്‍ഷമായി കിടപ്പിലായിരുന്നു. ഏകമകന്‍ രാജീവ്‌ ഉദയഭാനുവിന്റെ നന്തന്‍കോടിനു സമീപത്തെ വസതിയില്‍ ഇന്നലെ രാത്രി 8.45-നായിരുന്നു അന്ത്യം. അവസാനനിമിഷങ്ങളില്‍ മകനും സഹോദരി അമ്മിണിയും ഒപ്പമുണ്ടായിരുന്നു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു രണ്ടിന്‌ തൈക്കാട്‌ ശാന്തികവാടത്തില്‍. രാവിലെ 10 വരെ വസതിയില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവച്ച ആ സ്വരസുധ അവസാനനാളുകളില്‍ അദ്ദേഹത്തിന്റെ കണ്‌ഠം വിട്ടൊഴിഞ്ഞിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ നിലത്തുവീണു പരുക്കേറ്റതിനേത്തുടര്‍ന്നാണ്‌ ഉദയഭാനു കിടപ്പിലായത്‌.

2009-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഉദയഭാനുവിനു സംഗീതത്തിലെ സമഗ്രസംഭാവനയ്‌ക്കുള്ള ദേശീയപുരസ്‌കാരം, മികച്ച സംഗീതസംവിധായകനുള്ള സംസ്‌ഥാനപുരസ്‌കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന സംഗീതസംഘത്തിന്റെ സ്‌ഥാപകനായ അദ്ദേഹം പഴയ കാലത്തെ മനോഹരഗാനങ്ങള്‍ വീണ്ടും ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ പ്രയത്‌നിച്ചിരുന്നു. ആലപിച്ച ഗാനങ്ങളുടെ വൈപുല്യത്തെക്കാളേറെ അവയുടെ മാധുര്യം കൊണ്ടു മലയാളികളുടെ മനംകവര്‍ന്ന ഉദയഭാനു 1934 ഏപ്രില്‍ 17-നു പാലക്കാട്‌ ജില്ലയിലെ തരൂരില്‍ എന്‍.എസ്‌. വര്‍മയുടെയും അമ്മു നേത്യാരമ്മയുടെയുംമകനായി ജനിച്ചു. പിതാവ്‌ സിംഗപ്പൂരില്‍ ബിസിനസുകാരനായിരുന്നതിനാല്‍ കുട്ടിക്കാലം അവിടെയായിരുന്നു. ഏഴാം വയസില്‍ അമ്മയുടെ മരണത്തേത്തുടര്‍ന്ന്‌ 1944-ല്‍ സഹോദരങ്ങള്‍ക്കൊപ്പം നാട്ടിലേക്കു മടങ്ങി. അമ്മാവന്‍ കെ.പി. അപ്പുക്കുട്ടമേനോന്റെ സംരക്ഷണയിലായിരുന്നു പിന്നീട്‌.

പാലക്കാട്‌ കല്‍പ്പാത്തിയിലെ ത്യാഗരാജ സംഗീതവിദ്യാലയത്തില്‍ പഠനം. പ്രശസ്‌ത സംഗീതജ്‌ഞരായ പാലക്കാട്‌ മണിഅയ്യരുടെയും എം.ഡി രാമനാഥന്റെയും ശിഷ്യനായിരുന്നു.ലളിതസംഗീതത്തിന്റെ വഴി തെരഞ്ഞെടുത്ത ഉദയഭാനു 1955-ല്‍ കോഴിക്കോട്‌ ആകാശവാണി നിലയത്തില്‍ അനൗണ്‍സറായി. സംഗീതം ശാസ്‌ത്രീയമായി അഭ്യസിച്ച അദ്ദേഹം ആകാശവാണിയില്‍ സംഗീതസംവിധായകനായും പ്രവര്‍ത്തിച്ചു.

മനസിനകത്തൊരു പെണ്ണ്‌, അനുരാഗനാടകത്തില്‍, പെണ്ണായിപ്പിറന്നുവെങ്കില്‍, വെള്ളിനക്ഷത്രമേ നിന്നെ നോക്കി... എന്നിവ അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളില്‍ ചിലതുമാത്രം. 1958-ല്‍ പുറത്തിറങ്ങിയ നായരു പിടിച്ച പുലിവാല്‌ എന്ന സിനിമയിലെ എന്തിനിത്ര പഞ്ചസാര...., വെളുത്ത പെണ്ണേ.... എന്നീ ഗാനങ്ങള്‍ പാടി ചലച്ചിത്രപ്രവേശം. ഈ സിനിമയുടെ സംവിധാനം/ഗാനരചന പി. ഭാസ്‌കരനും സംഗീതസംവിധാനം കെ. രാഘവന്‍ മാസ്‌റ്ററുമായിരുന്നു.

രമണനിലെ കാനനഛായയില്‍ ആടു മേയ്‌ക്കാന്‍... നിണമണിഞ്ഞ കാല്‍പ്പാടുകളിലെ അനുരാഗനാടകത്തിന്‍... പുതിയ ആകാശം പുതിയ ഭൂമിയിലെ താമരത്തുമ്പീ വാവാ... തുടങ്ങിയ ഗാനങ്ങള്‍ ഏറെ പ്രശസ്‌തം. സമസ്യ, മയില്‍പ്പീലി മുതലായ ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ചു. സമസ്യയിലെ കിളി ചിലച്ചു... എന്ന ഗാനം വന്‍ഹിറ്റായി. മലയാളത്തില്‍ അന്നുണ്ടായിരുന്ന എല്ലാ പ്രശസ്‌ത സംഗീതസംവിധായകര്‍ക്കും വേണ്ടി അദ്ദേഹം അപൂര്‍വസുന്ദരഗാനങ്ങള്‍ ആലപിച്ചു. ബാബുരാജ്‌-ഉദയഭാനു ടീമിന്റെ ഗാനങ്ങള്‍ അവിസ്‌മരണീയമാണ്‌.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പി.ആര്‍.ഒ. ആയിരുന്നു. കേരള സംഗീതനാടക അക്കാദമി, കലാമണ്ഡലം, കാലിക്കറ്റ്‌ സര്‍വകലാശാല സംഗീതവിഭാഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ്‌, സംസ്‌ഥാന ചലച്ചിത്രപുരസ്‌കാരസമിതി എന്നിവയില്‍ അംഗമായിരുന്നു. പത്മശ്രീ (2009), സംഗീത നാടക അക്കാദമി ഫെലോഷിപ്പ്‌ (2004), അംബേദ്‌കര്‍ അക്കാദമി പുരസ്‌കാരം (2003), സംഗീതത്തിലെ സമഗ്രസംഭാവനയ്‌ക്കു ദേശീയപുരസ്‌കാരം (1995), സംഗീതസംവിധായകനുള്ള സംസ്‌ഥാനപുരസ്‌കാരം (1982), സംഗീത നാടക അക്കാദമി പുരസ്‌കാരം (1987), ആകാശവാണിയിലെ സേവനത്തിനു കേന്ദ്രസര്‍ക്കാര്‍ ആദരം (1999) എന്നിവ കരസ്‌ഥമാക്കിയ അദ്ദേഹം മലയാളത്തിലെ മറന്നു തുടങ്ങിയ ഗാനങ്ങളെ ഓര്‍മിപ്പിക്കാന്‍ 1984-ല്‍ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന മ്യൂസിക്‌ ട്രൂപ്‌ സ്‌ഥാപിച്ചു. 1985-ലെ റിപ്പബ്ലിക്‌ ദിനപരിപാടിയില്‍ ഡ്രംസ്‌ ഓഫ്‌ ഇന്ത്യ മ്യൂസിക്‌ പ്രോഗ്രാം കണ്ടക്‌ട്‌ ചെയ്‌തു.

താന്തോന്നി എന്ന ചിത്രത്തിലാണ്‌ അവസാനമായി പാടിയത്‌. കാറ്റ്‌ പറഞ്ഞതും കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണ്‌... എന്ന ആ ഗാനം ഹിറ്റായിരുന്നു. 40 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമായിരുന്നു ആ ചലച്ചിത്രഗാനാലാപനം. തേജ്‌മെര്‍വിന്റെ സംഗീതത്തിലാണ്‌ 75-ാം വയസില്‍ അന്നദ്ദേഹം പാടിയത്‌. ഭാര്യ വിജയലക്ഷ്‌മിയും ഗായികയായിരുന്നു. 1970-ലായിരുന്നു വിവാഹം. 2007-ല്‍ വിജയലക്ഷ്‌മി അന്തരിച്ചു. സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി സ്‌ഥാപകപത്രാധിപരുമായിരുന്ന കെ.പി. കേശവമേനോന്റെ മരുമകന്‍കൂടിയാണ്‌ ഉദയഭാനു. ഏകമകന്‍ രാജീവ്‌ ഉദയഭാനു ട്രാവല്‍ ഏജന്‍സി ഉടമയാണ്‌. ഛായാഗ്രാഹകന്‍ സന്തോഷ്‌ ശിവന്റെ സഹോദരി സരിതയാണു മരുമകള്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();