Last Updated 3 hours 1 min ago
25
Monday
May 2015

തിരിഞ്ഞുകൊത്തുന്ന വാഗ്‌ദാനങ്ങള്‍

mangalam malayalam online newspaper

ജനാധിപത്യവഴിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ തങ്ങള്‍ വലിച്ചു താഴെയിറക്കുമെന്ന്‌ ഭീഷണി മുഴക്കാന്‍ ധാര്‍ഷ്‌ട്യം എന്‍.എസ്‌.എസിന്‌ ലഭിച്ചതില്‍ യു.ഡി.എഫിനെ മാത്രം പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്വസമുദായാംഗങ്ങളുടെ സാമൂഹ്യപുരോഗതിക്കും ക്ഷേമത്തിനും വേണ്ടി വ്യത്യസ്‌ത സമുദായങ്ങള്‍ പ്രത്യേകമായി സംഘടിക്കുന്നത്‌ ജനാധിപത്യസംവിധാനത്തിന്‌ കരുത്താണ്‌ പകരുക. ഏത്‌ വിഭാഗമായാലും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച നല്ല ബോധ്യം മറ്റുള്ളവരെക്കാള്‍ അവര്‍ക്ക്‌ തന്നെയാണ്‌ ഉണ്ടാവുക.

ഒരു പ്രബല സമുദായ സംഘടന സൃഷ്‌ടിക്കുന്ന നിരന്തര സമ്മര്‍ദ്ദത്തില്‍ കുരുങ്ങി വീര്‍പ്പുമുട്ടുകയാണ്‌ കേരളത്തിലെ യു.ഡി.എഫ്‌ രാഷ്‌ട്രീയം. സര്‍ക്കാര്‍ അധികാരമേറ്റ്‌ മാസങ്ങള്‍ക്കകം തന്നെ തുടങ്ങിയതാണ്‌ ഈ വീര്‍പ്പുമുട്ടിക്കല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആയുസ്‌ വരെ ചില രാഷ്‌ട്രീയ ജ്യോതിഷന്‍മാര്‍ നിര്‍ണയിച്ചുകഴിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിനെ പാഠം പഠിപ്പിക്കാന്‍ ബി.ജെ.പിക്ക്‌ വോട്ടു പതിച്ചുനല്‍കുകയും വിജയിച്ചപ്പോള്‍ അവകാശവാദവുമായി രംഗത്ത്‌ വരികയും ചെയ്‌ത അതേ നേതാവ്‌ തന്നെയാണ്‌ ഇപ്പോള്‍ സര്‍ക്കാരിനെ താഴെയിടുമെന്ന്‌ ഭീഷണിപ്പെടുത്തുന്നത്‌.

ജനാധിപത്യവഴിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ തങ്ങള്‍ വലിച്ചു താഴെയിറക്കുമെന്ന്‌ ഭീഷണി മുഴക്കാന്‍ ധാര്‍ഷ്‌ട്യം എന്‍.എസ്‌.എസിന്‌ ലഭിച്ചതില്‍ യു.ഡി.എഫിനെ മാത്രം പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്വസമുദായാംഗങ്ങളുടെ സാമൂഹ്യപുരോഗതിക്കും ക്ഷേമത്തിനും വേണ്ടി വ്യത്യസ്‌ത സമുദായങ്ങള്‍ പ്രത്യേകമായി സംഘടിക്കുന്നത്‌ ജനാധിപത്യസംവിധാനത്തിന്‌ കരുത്താണ്‌ പകരുക. ഏത്‌ വിഭാഗമായാലും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച നല്ല ബോധ്യം മറ്റുള്ളവരെക്കാള്‍ അവര്‍ക്ക്‌ തന്നെയാണ്‌ ഉണ്ടാവുക.

ഓരോന്നിന്റെയും പരിസരവും അനുഭവവും വ്യത്യസ്‌തമാവുക സ്വാഭാവികമാണ്‌. സാമുദായികവും ജാതീയവും ഭാഷാപരവും മതപരവുമായ െവെജാത്യങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ നിരാകരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഗുണപരമായ തലത്തില്‍ അതത്‌ വിഭാഗങ്ങള്‍ സ്വസമുദായത്തിന്റെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്നതില്‍ അപകടം ദര്‍ശിച്ചുകൂടാ.

ഒരു ജനാധിപത്യരാജ്യത്ത്‌ മൗലികമായി ഇതെല്ലാം വകവെച്ചുനല്‍കേണ്ടത്‌ തന്നെയാണ്‌. സമൂഹങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുവേണ്ടി ഉയര്‍ന്നുവരുന്ന ഏത്‌ ശബ്‌ദത്തിനും ചെവികൊടുക്കേണ്ടത്‌ മതേതര സംവിധാനത്തില്‍ അനിവാര്യമാണ്‌. ആ ചെവികൊടുക്കല്‍ പ്രത്യേക ഭാഗത്തേക്ക്‌ മാത്രം തിരിച്ചുവെച്ചുകൊണ്ടാവരുത്‌. അങ്ങനെ വരുമ്പോഴാണ്‌ വിവേചനങ്ങളെക്കുറിച്ചുള്ള ശക്‌തമായ പ്രതികരണങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്‌ ഉയര്‍ന്ന്‌ വരിക.

സമൂഹങ്ങളുടെ വേറിട്ട സംഘാടനം നടക്കുമ്പോള്‍ അനിവാര്യമായും ഉണ്ടാവേണ്ടത്‌ അസ്‌തിത്വത്തെ പരസ്‌പരം അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുക എന്നതാണ്‌. അതിലൂടെ മാത്രമാണ്‌ സൗഹാര്‍ദ്ദവും രാഷ്‌ട്രപുരോഗതിയും സാധ്യമാക്കിയെടുക്കാന്‍ കഴിയുക. എന്നാല്‍ സമീപകാലത്ത്‌ കേരളത്തെ ഇതില്‍ നിന്നെ ബഹുദൂരത്തേക്ക്‌ വലിച്ചെറിയാന്‍ ചില ഘടകങ്ങള്‍ നന്നായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിലവിലെ സാമുദായിക മത-ജാതി ഘടകങ്ങള്‍ മുമ്പോട്ട്‌ വെക്കുന്നതും ഉയര്‍ത്തിക്കാട്ടുന്നതും സമൂഹങ്ങളുടെ ജനാധിപത്യപരമായ ആവശ്യങ്ങളല്ല.

സമുദായശാക്‌തീകരണത്തിന്‌ ഭാവനപൂര്‍ണ്ണമായ പദ്ധതികള്‍ മുമ്പോട്ട്‌വെക്കുന്നതിന്‌ പകരം, സാമ്പത്തികനേട്ടങ്ങളും അധികാരസ്‌ഥാനങ്ങളും മേല്‍ത്തട്ടിന്‌ ഒരുക്കിക്കൊടുക്കുക എന്നത്‌ മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. സമുദായത്തിലെ കീഴ്‌ത്തട്ടും ദുര്‍ബ്ബലരും ഒരു സന്ദര്‍ഭത്തിലും സമുദായനേതൃത്വങ്ങളുടെ അജണ്ടയില്‍ മുന്‍ഗണനാ സ്‌ഥാനം ലഭിക്കുന്നവരല്ല. സമുദായസംഘടനകളുടെ ഇത്തരം സമീപനങ്ങള്‍ക്ക്‌ ഓരോ സമയത്തും നാട്‌ ഭരിച്ചവര്‍ കലവറയില്ലാതെ പിന്തുണ നല്‍കിപ്പോന്നു. അതിന്റെ ദുരന്തമാണ്‌ കേരളം അനുഭവിക്കുന്നത്‌. രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന്‌ ഇടത്‌-വലത്‌ മുന്നണികളില്‍ നിന്ന്‌ ആവശ്യമുന്നയിക്കുന്ന യുവതുര്‍ക്കികള്‍ക്ക്‌ പോലും തിരഞ്ഞെടുപ്പ്‌ വേളകളില്‍ മുട്ടിലിഴയേണ്ടിവരുന്ന നിര്‍ബന്ധ സാഹചര്യങ്ങളാണ്‌ നിലനില്‍ക്കുന്നത്‌. അതിനാല്‍ സമ്മര്‍ദശക്‌തികളുടെ വിലപേശല്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഔദ്യോഗിക വെബ്‌െസെറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ആണെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌. അതിനെ നിസാരവല്‍ക്കരിക്കുന്നില്ല. അത്തരമൊരു പ്രസ്‌ഥാനത്തിന്റെ നേതൃത്വങ്ങളെ കേരളത്തിലെ 12 ശതമാനത്തില്‍ താഴെ വരുന്ന ഒരു സമുദായത്തിലെ മഹാഭൂരിപക്ഷത്തെയും പ്രതിനിധീകരിക്കാത്ത ഒരു സംഘത്തിന്റെ ജനറല്‍ സെക്രട്ടറിക്ക്‌ വിരട്ടിനിര്‍ത്താനാവുന്നു എന്നുവന്നാല്‍ മേല്‍അവകാശവാദം എത്രമാത്രം അര്‍ഥപൂര്‍ണമാവുമെന്ന്‌ വിശദീകരിക്കേണ്ടത്‌ കോണ്‍ഗ്രസ്‌ നേതൃത്വമാണ്‌. കേരളത്തിന്റെ സാമുദായികവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദപൂര്‍ണമായ ഒരു അന്തരീക്ഷം നിലനിര്‍ത്തുന്നതിലും വര്‍ഗീയശക്‌തികളെ തടഞ്ഞുനിര്‍ത്തുന്നതിലും കോണ്‍ഗ്രസ്‌ പങ്കുവഹിച്ചിട്ടുണ്ട്‌.

വിട്ടുവീഴ്‌ചയില്ലാത്ത ശക്‌തമായ നിലപാടുകളാണ്‌ ജനാധിപത്യക്രമത്തെ ശക്‌തിപ്പെടുത്തുന്നതിന്‌ ആവശ്യമായ ഘടകം. ജനാധിപത്യ പാര്‍ട്ടിയെന്ന അവകാശവാദം ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ ആഭ്യന്തരഘടനയില്‍ നിലവില്‍ അതൊന്നും സാധ്യമായിക്കൊള്ളണമെന്നില്ല. അതേസമയം ബാഹ്യഘടകങ്ങളുടെ ഇടപെടലിന്‌ വിധേയമാവാതെ പാര്‍ട്ടിയെ മുമ്പോട്ട്‌ നയിക്കാന്‍ അവരുടെ നേതൃത്വത്തിന്‌ പ്രാപ്‌തിയുണ്ട്‌.
ഭൂരിപക്ഷ സമുദായങ്ങളുടേതു പോയിട്ട്‌ സ്വസമുദായത്തിലെ അമ്പതു ശതമാനത്തിന്റെ പൂര്‍ണപിന്തുണപോലും നായര്‍സര്‍വീസ്‌ സൊെസെറ്റിക്ക്‌ അവകാശപ്പെടാന്‍ കഴിയില്ല. എന്നിട്ടും നമ്മുടെ രാഷ്‌ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും കെട്ടിവെച്ചുകൊടുത്ത കിരീടത്തിന്റെ തിണ്ണബലത്തില്‍നിന്നാണ്‌ അപക്വമായ അസന്തുലിതവാദം പെരുന്നയില്‍ നിന്ന്‌ ഉയര്‍ന്നുകേള്‍ക്കുന്നത്‌. ഇല്ലാത്ത വലിപ്പം ആര്‍ക്ക്‌ നല്‍കിയാലും ഇത്‌ തന്നെയാവും ഗതി. കേരള രാഷ്‌ട്രീയത്തിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസും സി.പി.എമ്മും മുസ്‌ലിംലീഗുമുള്‍പ്പെടെയുള്ള മുഴുവന്‍ പാര്‍ട്ടികളും ഒരുപോലെ ഉത്തരവാദികളാണ്‌ എന്‍.എസ്‌.എസിന്റെ ധാര്‍ഷ്‌ട്യഭാഷയ്‌ക്ക്‌.

അതതു സന്ദര്‍ഭങ്ങളിലെ രാഷ്‌ട്രീയനേട്ടങ്ങല്‍ക്ക്‌ മുന്തിയ പരിഗണന നല്‍കിയ പാര്‍ട്ടികള്‍ അനര്‍ഹമായ പ്രാധാന്യം ഇത്തരം ശക്‌തികള്‍ക്ക്‌ നല്‍കിപ്പോന്നു. തിരഞ്ഞെടുപ്പു വേളയില്‍ പാലിക്കാന്‍ കഴിയുന്നതും കഴിയാത്തതുമായ വാഗ്‌ദാനങ്ങള്‍ ഇരുമുന്നണികളും ആളുംതരവും നോക്കിനില്‍ക്കുന്ന പതിവ്‌ ഒരു കീഴ്‌വഴക്കമായി തുടര്‍ന്നുപോരുന്നതാണ്‌. അത്‌ പിന്നീട്‌ വിഷപ്പാമ്പായി തിരഞ്ഞുകൊത്തുന്ന ദുരനുഭവങ്ങള്‍ ഒത്തിരി മുന്നണികള്‍ നേരിട്ടതാണ്‌.

വിലാസ്‌റാവു ദേശ്‌മുഖ്‌ എന്തെങ്കിലും വാഗ്‌ദാനം നല്‍കിയെങ്കില്‍ അത്‌ വിശദീകരിക്കേണ്ടത്‌ കോണ്‍ഗ്രസ്‌ തന്നെയാണ്‌. എന്നാല്‍ ഒരു നായര്‍ സമുദായനേതാവിന്റെ അപക്വമായ ഇടപെടലിലൂടെ ലഭ്യമാവേണ്ട ഒന്നല്ല പക്വമതിയായ രമേശ്‌ ചെന്നിത്തലക്ക്‌ അധികാരത്തിന്റെ താക്കോല്‍ സ്‌ഥാനം. മതേതരപ്രതിച്‌ഛായയുള്ള ചെന്നിത്തല ഉയര്‍ച്ചയുടെ ഓരോ പടവിലും വ്യക്‌തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചത്‌ ഏതെങ്കിലും ഒരു നായര്‍ നേതാവിന്റെ ഇളക്കിപ്പറച്ചില്‍ കൊണ്ടല്ലെന്ന സാമാന്യം ബോധം നഷ്‌ടപ്പെട്ടവരല്ല കേരള ജനത. അറിവും അനുഭവസമ്പത്തും കഴിവും ഒത്തുചേര്‍ന്ന ഒരു രാഷ്‌ട്രീയ നേതാവിന്‌ താക്കോല്‍സ്‌ഥാനം ലഭിക്കാന്‍ ആരുടെയെങ്കിലും പിന്തുണവേണമെന്ന്‌ വന്നാല്‍ അയാളെ ഇകഴ്‌ത്തലാണത്‌. ഗ്രൂപ്പ്‌ പോര്‌ കൊണ്ട്‌ വര്‍ഷങ്ങളായി പൊറുതിമുട്ടുന്ന കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതൃത്വം കയ്യാളുന്നതിനേക്കാള്‍ എത്രയോ അനായാസേന അധികാരത്തിന്റെ ഏത്‌ താക്കോല്‍സ്‌ഥാനവും െകെകാര്യം ചെയ്യാന്‍ കഴിയുന്ന നേതൃപാടവം രമേശ്‌ ചെന്നിത്തലയ്‌ക്കുണ്ട്‌. എന്നാല്‍ അതിനുള്ള ആവശ്യം ഉയര്‍ന്നുവരുന്നത്‌ അദ്ദേഹം പിറന്ന സമുദായത്തിന്റെതായി മാറുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയുടെ സ്‌ഥാനം വളരെ ചെറുതാവുകയും പരിഹാസ്യമാവുകയുമാണ്‌ ചെയ്യുന്നത്‌. ഒപ്പം ആര്‍ക്കും ഏത്‌ നേരവും ചാടിക്കയറാവുന്ന ചാഞ്ഞുകിടക്കുന്ന ഒരു മരത്തിന്‌ തുല്യമാവുകയും ചെയ്യും.

രമേശ്‌ ചെന്നിത്തലയെ മാത്രമല്ല കോണ്‍ഗ്രസിനകത്തെ ഓരോ നേതാവിനെയും സാമുദായികമായി പകുത്ത്‌ നല്‍കി അവകാശവാദം ഉന്നയിക്കാവുന്ന ഒരു ഘടനയിലാണ്‌ കോണ്‍ഗ്രസ്‌ നിലനില്‍ക്കുന്നത്‌. നേതാക്കളിലും പാര്‍ട്ടിയിലും സമൂഹത്തിലും അതിനനുസൃതമായ മാനസികനില രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌. പരിഗണനയുടെയും അവഗണനയുടെയും മാനദണ്ഡങ്ങള്‍ സാമ്പത്തികവും സാമുദായികവുമായ ഘടകങ്ങളായി നിലനില്‍ക്കുന്നത്‌ കോണ്‍ഗ്രസില്‍ മാത്രമല്ല സി.പി.എമ്മിലും ലീഗിലും കേരള കോണ്‍ഗ്രസില്‍ പോലും കാണാന്‍ കഴിയും. അവിടെ നമ്മുടെ മതേതര സങ്കല്‍പ്പങ്ങള്‍ തകരുകയാണ്‌ ചെയ്യുന്നത്‌.

എന്‍.ഡി.പിയും എസ്‌.ആര്‍.പിയും രൂപീകരിച്ച്‌ പരാജയപ്പെട്ട്‌ പിന്‍വാങ്ങിയ നായര്‍-ഈഴവ സമുദായനേതൃത്വങ്ങള്‍ വിലപേശലിന്‌ പുതിയ വഴികളാണ്‌ പിന്നീട്‌ അവലംബിച്ചു തുടങ്ങിയത്‌. ഇരുമുന്നണികളില്‍ ആര്‌ ജയിച്ചാലും പിതൃത്വം അവകാശപ്പെടുന്നത്‌ ഇത്തരക്കാരുടെ ശീലമായി മാറി. അസഹിഷ്‌ണുതാപരവും അപക്വവുമായ ഇടപെടലിലൂടെ കേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വര്‍ഗീയ ചേരിതിരിവിലേക്ക്‌ എത്തിച്ച ഇത്തരക്കാരെ യഥാസമയം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.

ഓരോ രാഷ്‌ട്രീയപ്രവര്‍ത്തകനും പൊതുസ്വത്താണ്‌. അവരെ സ്വകാര്യസ്വത്താക്കി മാറ്റാന്‍ നടത്തുന്ന ഏത്‌ ശ്രമവും അവരിലൂടെ സമൂഹത്തിന്‌ ലഭിക്കുന്ന നല്ല സേവനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കലാണ്‌. രമേശ്‌ ചെന്നിത്തലയുടെ താക്കോല്‍സ്‌ഥാനത്തേക്കാള്‍ ഗൗരവപൂര്‍വ്വം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യേണ്ടത്‌ കോണ്‍ഗ്രസ്‌ എന്ന ജനാധിപത്യ പ്രസ്‌ഥാനത്തിന്റെ താക്കോല്‍ ആരുടെ െകെകളില്‍ നില്‍ക്കണമെന്ന കാര്യമാണ്‌. ഒരിക്കലും മറ്റുള്ളവര്‍ താക്കോല്‍ നല്‍കി ചലിക്കുന്ന കളിപ്പാവയായി കോണ്‍ഗ്രസ്‌ മാറിക്കൂടാ.

കേരള മാട്രിമോണി - Register Now!

* പംക്തികളിലുള്ളതു ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. പത്രത്തിന്റെ നയങ്ങളുമായി ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ക്കു ബന്ധമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();