Monday, August 21, 2017 Last Updated 55 Min 46 Sec ago English Edition
Todays E paper
Thursday 06 Apr 2017 11.40 PM

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം കട്ടപ്പനയില്‍ ഭൂമിപതിവ്‌ ഓഫീസ്‌ അടപ്പിച്ചു സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു കൂദാശ തടസപ്പെടുത്തി കെ.എസ്‌.യു. പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞു

uploads/news/2017/04/97095/1id.jpg

ഇടുക്കി: തിരുവനന്തപുരത്ത്‌ ജിഷ്‌ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കെതിരേ പോലീസ്‌ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. യു.ഡി.എഫ്‌, ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രധാന കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. ജില്ലയിലെ വ്യാപാര സ്‌ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.
അവശ്യ സര്‍വീസുകള്‍ മാത്രമാണു നിരത്തിലിറങ്ങിയത്‌. കഞ്ഞിക്കുഴിയില്‍ മലങ്കര യാക്കോബായ സുറിയാനി സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടന്ന കൂദാശ യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ തടസപ്പെടുത്തി.
കട്ടപ്പനയില്‍ തുറന്ന ഭൂമിപതിവ്‌ ഓഫീസ്‌ യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ അടപ്പിച്ചു. തൊടുപുഴയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിലേക്കു കെ.എസ്‌.യു. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ഓഫീസിലേക്കു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞു.
കട്ടപ്പനയില്‍ രാവിലെ തുറന്ന ഭൂമിപതിവ്‌ ഓഫീസിലേക്കു യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ പ്രകടനമായി എത്തുകയായിരുന്നു. സ്‌ത്രീകളടക്കമുള്ള ജീവനക്കാര്‍ ഓഫീസിലെത്തി ജോലി ആരംഭിച്ചിരുന്നു. ജില്ലയില്‍ 10,000 പേര്‍ക്കു പട്ടയം നല്‍കാനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ഹര്‍ത്താല്‍ ദിനത്തിലും ഓഫീസ്‌ തുറന്നത്‌.
എന്നാല്‍ പ്രവര്‍ത്തകര്‍ എത്തി മുദ്രാവാക്യം മുഴക്കിയതോടെ ജീവനക്കാര്‍ ഓഫീസ്‌ പൂട്ടി സ്‌ഥലംവിട്ടു. കട്ടപ്പനയില്‍ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ 10 മിനിറ്റോളം തടഞ്ഞിട്ട ശേഷം വിട്ടയച്ചു. രാവിലെ യു.ഡി.എഫ്‌, ബി.ജെ.പി. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
യു.ഡി.എഫ്‌. പ്രകടനത്തിനു നിയോജകമണ്ഡലം ചെയര്‍മാന്‍ ജോണി കുളംപള്ളി, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ മനോജ്‌ മുരളി, യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രശാന്ത്‌ രാജു, മണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌. സജീവ്‌, തോമസ്‌ മൈക്കിള്‍, സിജു ചക്കുംമൂട്ടില്‍, ലൂയി വേഴമ്പത്തോട്ടം, ജോസ്‌ ആനക്കല്ലില്‍, ബിജു പുന്നോലിക്കല്‍, ജോണി വടക്കേക്കര, കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ മണ്ഡലം പ്രസിഡന്റ്‌് ബിജു ഐക്കര, കെ.എസ്‌.യു ജില്ലാ ഭാരവാഹികളായ ജോജി തോമസ്‌, ജിതില്‍ ഉപ്പുമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സഹോദരി ഭര്‍ത്താവ്‌ കഞ്ഞിക്കുഴിയില്‍ പുതുതായി ആരംഭിച്ച സ്‌ഥാപനം കൂദാശ ചെയ്യാനാണ്‌ ഏലിയാസ്‌ മാര്‍ അത്താനാത്തിയോസ്‌ മെത്രാപ്പോലീത്ത എത്തിയത്‌. കൂദാശ കഴിഞ്ഞ്‌ മെത്രാപ്പോലീത്ത പ്രസംഗിക്കുന്നതിനിടെ യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി സ്‌ഥലത്തേക്ക്‌ എത്തുകയായിരുന്നു. ഇതോടെ ചടങ്ങുകള്‍ തടസപ്പെട്ടു. തുടര്‍ന്ന്‌ സഭയുടെ ആസ്‌ഥാനമായ അങ്കമാലി തുരുത്തിശേരിയിലേക്കു മെത്രാപ്പോലീത്ത മടങ്ങി. സംഭവമറിഞ്ഞ്‌ ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ മെത്രാപ്പോലീത്തയെ ഫോണില്‍ വിളിച്ചു ക്ഷമാപണം നടത്തി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. കലക്‌ടറേറ്റില്‍ ആകെയുള്ള 126 ജീവനക്കാരില്‍ 43 പേര്‍ മാത്രമാണു ജോലിക്കെത്തിയത്‌.
മെഡിക്കല്‍ കോളജിലെ 67 ജീവനക്കാരില്‍ 26 പേരും ജില്ലാ വ്യവസായ വകുപ്പ്‌ ഓഫീസില്‍ 37 ജീവനക്കാരില്‍ 10 പേരും ജില്ലാ പ്ലാനിങ്‌ ഓഫീസിലെ 18 പേരില്‍ ഏഴു പേരും ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ 18 പേരില്‍ ഒരാളും ജില്ലാ പോലീസ്‌ മേധാവി ഓഫീസിലെ 73 പേരില്‍ 32 പേരും ജോലിക്കെത്തി.
അതിര്‍ത്തിയില്‍ ഹര്‍ത്താല്‍ ജനജീവിതം വലച്ചു. ഹര്‍ത്താല്‍ വിവരമറിയാതെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ നൂറു കണക്കിനാളുകള്‍ കുമളി ബസ്‌ സ്‌റ്റാന്‍ഡില്‍ കുടുങ്ങി. ജില്ലയിലെ തോട്ടങ്ങളിലേക്കുള്ള തൊഴിലാളികളും ദീര്‍ഘദൂര യാത്രക്കാരുമായിരുന്നു ഏറെയും. അതിര്‍ത്തിയിലെ തമിഴ്‌നാട്‌ ബസ്‌ സ്‌റ്റാന്‍ഡിലെ ഭക്ഷണശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചതു ഇവര്‍ക്കു ആശ്വാസമായി. തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസുകള്‍ സര്‍വീസ്‌ നടത്തിയതിനാല്‍ പലരും തിരികെ തമിഴ്‌നാട്ടിലേക്കു മടങ്ങി.
മറ്റുള്ളവര്‍ വൈകിട്ട്‌ ആറിനു ശേഷം സര്‍വീസ്‌ നടത്തിയ ബസുകളില്‍ യാത്ര തുടര്‍ന്നു. തേക്കടി വിനോദസഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ എത്തിയതിനാല്‍ തടാകത്തിലെ ബോട്ട്‌ സവാരിയും മുടക്കമില്ലാതെ നടന്നു. പീരുമേട്‌ താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പ്രധാന കേന്ദ്രങ്ങളിലെ വ്യാപാര സ്‌ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. എന്നാല്‍ തൊഴിലാളികള്‍ ജോലിക്കെത്തിയതിനാല്‍ തോട്ടങ്ങള്‍ പതിവു പോലെ പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. സമരാനുകൂലികള്‍ രാവിലെ മുതല്‍ വണ്ടിപ്പെരിയാര്‍ ടൗണിലെ കക്കികവല, സെന്‍ട്രല്‍ ജങ്‌ഷന്‍ എന്നിവിടങ്ങളില്‍ നിലയുറപ്പിച്ചിരുന്നു.
കൊട്ടാരക്കര-ദിന്‍ഡിഗല്‍ ദേശീയപാതയിലൂടെ കടന്നുവന്ന വാഹനങ്ങള്‍ 10 മിനിറ്റോളം തടഞ്ഞിട്ട ശേഷം കടത്തിവിട്ടു. എന്നാല്‍ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ തടസമില്ലാതെ കടന്നുപോയി. വൈകിട്ട്‌ സമരാനുകൂലികള്‍ ടൗണില്‍ പ്രധിഷേധ പ്രകടനം നടത്തി.
പി.എ. അബ്‌ദുള്‍ റഷീദ്‌, ടി.എച്ച്‌ അബ്‌ദുള്‍ സമദ്‌, എം.ടി സുരേന്ദ്രന്‍, എസ്‌. ഗണേശന്‍, കെ. ഗോപി, ആര്‍. ഗണേശന്‍, പ്രകാശ്‌, നെജീബ്‌, നസീബ്‌, ഹസീബ്‌, സാബു എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Ads by Google
Thursday 06 Apr 2017 11.40 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW