Thursday, April 06, 2017 Last Updated 26 Min 24 Sec ago English Edition
Todays E paper
Thursday 06 Apr 2017 03.08 AM

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ മര്‍ദനം

uploads/news/2017/04/96962/1pta.jpg

പത്തനംതിട്ട: ജിഷ്‌ണു പ്രണോയിയുടെ മാതാവ്‌ മഹിജയെ തലസ്‌ഥാനത്ത്‌ പോലീസ്‌ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ്‌ തല്ലിച്ചതച്ചു. ലാത്തിചാര്‍ജില്‍ നിരവധി യൂത്തുകോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡി.സി.സി പ്രസിഡന്റ്‌ ബാബുജോര്‍ജിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട സെന്റട്രല്‍ ജംഗ്‌ഷന്‍ ഉപരോധിച്ചു.
ഇന്നലെ വൈകിട്ട്‌ അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനടന്ന പോലീസ്‌ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ഇന്നലെ വൈകിട്ട്‌ 4.45നാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അബാന്‍ ജംഗ്‌ഷനില്‍ നിന്നും മാര്‍ച്ച്‌ ആരംഭിച്ചത്‌. അഞ്ചുമണിയോടെ മാര്‍ച്ച്‌ സെന്‍ട്രല്‍ ജംഗ്‌ഷനില്‍ നിന്നും പോലീസ്‌ സ്‌റ്റേഷന്‍ റോഡിലേക്ക്‌ തിരിഞ്ഞു.
സ്‌റ്റേഷന്‌ സമീപം എത്തിയപ്പോള്‍ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പോലീസും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. ഇത്‌ പത്തുമിനിറ്റോളം തുടര്‍ന്നു. പ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന്‌ പോലീസ്‌ ലാത്തി വീശുകയായിരുന്നു.
ഇതോടെ യൂത്തുകോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചിതറിയോടി. ഓടുന്നവരെ യാതൊരു കാരുണ്യവും കൂടാതെ പോലീസ്‌ ലാത്തി ഉപയോഗിച്ച്‌ അടിക്കുന്നത്‌ കാണാമായിരുന്നു. രക്ഷയില്ലാതെ വന്നപ്പോള്‍ പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. ഇതോടെ ലാത്തിചാര്‍ജ്‌ രൂക്ഷമായി. നഗരത്തിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
അല്‍പ്പസമയത്തിനുശേഷം പ്രതിഷേധ സൂചകമായി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജംഗ്‌ഷനിലെ ഗാന്ധി സ്‌ക്വയറില്‍ എത്തി കുത്തിയിരുന്നു. സമാധാനമായി പ്രതിഷേധിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ്‌ ലാത്തിവീശിയതോടെ നഗരം വീണ്ടും നിശ്‌ചലമായി.
പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ചുനടത്തി. തുടര്‍ന്ന്‌ സെന്‍ട്രല്‍ ജംഗ്‌ഷനില്‍ ഡി.സി.സി. പ്രസിഡന്റ്‌ ബാബു ജോര്‍ജ്‌ അടക്കമുള്ളവര്‍ കുത്തിയിരുന്നു. എസ്‌.പി.ഓഫീസിലേക്കായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അടുത്ത മാര്‍ച്ച്‌. ്‌ മാര്‍ച്ച്‌ എസ്‌.പി ഓഫീസിനു സമീപം ഡി.സി.സി പ്രസിഡന്റ്‌ ബാബു ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു.
പോലീസ്‌ നടത്തിയ ലാത്തിചാര്‍ജില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമല, യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പ്രസിഡന്റ്‌ റോബിന്‍ പരുമല, കെ.എസ്‌.യു ജില്ലാ പ്രസിഡന്റ്‌ അന്‍സര്‍ മുഹമ്മദ്‌, അഖില്‍ അഴൂര്‍, നസ്‌മല്‍ കാവിളയില്‍, ജിതിന്‍ നൈനാന്‍, ഫെബിന്‍ ചേത്തയ്‌ക്കല്‍, സിനാജ്‌ ചാക്കമല, റിനൊ പി.രാജന്‍, ജോസ്‌ പെരിങ്ങനാട്‌, വിശാഖ്‌ വെണ്‍പാല, അലക്‌സ്‌ കോയിപ്പുറത്ത്‌ എന്നിവര്‍ക്ക്‌ പരുക്കേറ്റു. നാല്‌ പോലീസുകാര്‍ക്ക്‌ കല്ലേറിലും പരുക്കേറ്റിട്ടുണ്ട്‌.

Ads by Google
Ads by Google
Thursday 06 Apr 2017 03.08 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW