Monday, June 26, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.37 AM

ആത്മാഹുതി ഭീഷണി, പോലീസുകാര്‍ക്കു നേരെ ചാണകവെള്ളം തളിക്കല്‍ മാനന്തവാടി ബീവറേജസിന്‌ മുമ്പിലെ സമരം: ആദിവാസി സ്‌ത്രീകള്‍ റിമാന്റില്‍

uploads/news/2017/04/96390/1wn.jpg

മാനന്തവാടി: വള്ളിയൂര്‍ക്കാവ്‌ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ്‌ ഔട്‌ലറ്റ്‌ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ 430 ദിവസങ്ങളായി സമരം നടത്തി വരുന്ന ആദിവാസി സ്‌ത്രീകള്‍ ഇന്നലെ രാവിലെ ഷാപ്പ്‌ തുറക്കാന്‍ അനുവദിക്കാതെ ഉപരോധിച്ചതിനെ തുടര്‍ന്ന്‌ ആദിവാസി യുവാവ്‌ ഉള്‍പ്പെടെ പത്ത്‌ പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു പോലീസ്‌ കേസെടുത്തു. പിന്നീട്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ്‌ ചെയ്‌തു. ജില്ലയിലെ മറ്റു ബീവറേജസ്‌ ഔട്‌ലറ്റുകള്‍ മാറ്റി സ്‌ഥാപിക്കുകയും ബിയര്‍ പാര്‍ലറുകള്‍ അടച്ചു പൂട്ടുകയും ചെയ്‌ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിലധികമായി ആദിവാസി വീട്ടമ്മമാര്‍ സമരം ചെയ്യുന്ന മാനന്തവാടി ഔട്‌ലറ്റും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരക്കാര്‍ ഇന്നലെ രാവിലെ ഷാപ്പ്‌ തുറക്കാനനുവദിക്കാതെ ഉപരോധിച്ചത്‌.
പത്ത്‌ മണിയോടെ സ്‌ഥലത്തെത്തിയ മാനന്തവാടി പോലീസ്‌ സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതിന്‌ മുമ്പുണ്ടായ ഉപരോധസമരത്തില്‍ സമരക്കാര്‍ മണ്ണെണ്ണ ഉപയോഗിച്ച്‌ ആത്മാഹുതി ഭീഷണി ഉയര്‍ത്തിയിരുന്നു. ഇത്തരം ഭീഷണി മുന്നില്‍ കണ്ട്‌ ഫയര്‍ഫോഴ്‌സ് യൂണിറ്റിനെയും വിളിച്ചു വരുത്തിയ ശേഷം പോലീസ്‌ സമരക്കാരെ നീക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. പോലീസുകാര്‍ക്കു നേരെ സമരക്കാര്‍ ചാണകവെള്ളം ഒഴിക്കുകയും അറസ്‌റ്റ് വരിക്കാതെ ചെറുത്ത്‌ നില്‍ക്കുകയും ചെയ്‌തതോടെ ബലപ്രയോഗത്തിലൂടെയാണ്‌ എട്ട്‌ പേരെ അറസ്‌റ്റ് ചെയ്‌തത്‌. ഇതിന്‌ ശേഷം മറ്റു സമരക്കാര്‍ ഉപരോധത്തില്‍ നിന്നും പിന്മാറിയതോടെ 10.30ന്‌ തന്നെ ഔട്‌ലറ്റ്‌ തുറന്നു.
തുടര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ജാഥയായി പോകുന്ന വഴിയില്‍ നിന്നും ഉപരോധത്തില്‍ പങ്കെടുത്ത ആദിവായി യുവാവ്‌ ഉള്‍പ്പെടെ രണ്ട്‌പേരെയും പോലീസ്‌ അറസ്‌റ്റ്ചെയ്‌തു.ആദിവാസിഫോറം പ്രവര്‍ത്തകരായ ശ്രീജിത്‌ മുണ്ടേരി, കമല എന്നിവരെയാണ്‌ സ്‌റ്റേഷനിലേക്ക്‌ പോകും വഴി പോലീസ്‌ പിടികൂടിയത്‌. മാക്ക പയ്യമ്പള്ളി, മെഴ്‌സി, മുണ്ടത്തി, സുശീല, മാധവി, ബിന്ദു, ചിട്ടാങ്കി, ബേബി എന്നിവരെയാണ്‌ സമരസ്‌ഥലത്ത്‌ നിന്നും പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.ഇവര്‍ക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപെടുത്തിയതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ്‌ ചുമത്തിയത്‌. ബീവറേജ്‌ മാനേജര്‍ നല്‍കിയ പരാതിയിലും കേസെടുത്തിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ സമരക്കാരെ റിമാന്റ്‌ ചെയ്‌ത് വൈത്തിരി ജയിലിലേക്ക്‌ കൊണ്ടു പോയി.
ബീവറേജസ്‌ ഔട്‌ലറ്റുകള്‍ക്കള്‍ക്കെതിരെ സംസ്‌ഥാനം മുഴുവന്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ സമരക്കാരെ കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ്‌ മാനന്തവാടി ബീവറേജസിന്‌ മുന്നില്‍ സമരം നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ആദ്യമായി ചുമത്തിയത്‌. 430 ദിവസമായി സമരം നടത്തുന്ന ആദിവാസി വീട്ടമ്മമാര്‍ പലതവണകളിലായി ഔട്‌ലറ്റ്‌ ഉപരോധിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ കേസെടുക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്‌തിരുന്നില്ല.

Ads by Google
Ads by Google
Tuesday 04 Apr 2017 01.37 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW