Monday, April 23, 2018 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.35 AM

ചങ്ങനാശേരി ഹര്‍ത്താല്‍ ഭാഗികം മദ്യശാലക്കെതിരേ പ്രക്ഷോഭം തുടരാന്‍ തീരുമാനം

uploads/news/2017/04/96373/4kg.jpg

ചങ്ങനാശേരി: തിരക്കേറിയ മാര്‍ക്കറ്റിലെ വട്ടപ്പള്ളിയില്‍ ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‍പനശാല സ്‌ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ച സമരസമിതി നേതാക്കളെ ഒരു സംഘം തൊഴിലാളികള്‍ കൈയേറ്റം ചെയ്‌തെന്നാരോപിച്ചു നഗരത്തില്‍ നടത്തിയ ഹര്‍ത്താല്‍ ഭാഗികം.
മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ കച്ചവട സ്‌ഥാപനങ്ങളും അടഞ്ഞു കിടന്നപ്പോള്‍ വ്യാപാരി - വ്യവസായി സമിതിയില്‍പ്പെട്ട കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങളും ബസുകളും ഓട്ടോറിക്ഷകളും പതിവുപോലെ സര്‍വീസ്‌ നടത്തി. ചങ്ങനാശേരിയില്‍ നിന്ന്‌ ആരംഭിക്കുന്നതുള്‍പ്പെടെയുള്ള കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ്‌ നടത്തി. സര്‍ക്കാര്‍ സ്‌ഥാപനങ്ങളും പ്രവര്‍ത്തിച്ചു.
ഹര്‍ത്താലിന്റെ ഭാഗമായി മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍, വിവിധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
സി.എഫ്‌. തോമസ്‌ എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ സെബാസ്‌റ്റ്യന്‍ മാത്യൂ മണമേല്‍, സാംസണ്‍ വലിയപറമ്പില്‍, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മദ്യവില്‍പനശാല തുറക്കുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു വിവിധ രാഷ്‌ട്രീയ സാമുദായിക വനിത സംഘടനകള്‍ പ്രകടനത്തില്‍ അണിചേര്‍ന്നു.
കെ.എസ്‌.ആര്‍.ടി.സി. ജങ്‌ഷനില്‍ ചേര്‍ന്ന പ്രതിഷേധ യോഗം സി.എഫ്‌. തോമസ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും ഏറെ തിരക്കുള്ളതുമായ മാര്‍ക്കറ്റില്‍ മദ്യവില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. നഗരസഭയുടെ അനുമതി ലഭിക്കുംമുമ്പേ വില്‍പനശാല തുറക്കാനായി ലോറിയില്‍ മദ്യവുമായി എത്തിയതു സമാധാന അന്തരീക്ഷം തകര്‍ക്കാനാണെന്നും ഇതിന്റെ പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി കണ്‍വീനര്‍ സാംസണ്‍ വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ സെബാസ്‌റ്റ്യന്‍ മാത്യു മണമേല്‍, സമരസമിതി ചെയര്‍മാന്‍ സാംസണ്‍ വലിയപറമ്പില്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്‌ടര്‍ ഫാ. ജോര്‍ജ്‌ കപ്പാംമൂട്ടില്‍, സണ്ണി തോമസ്‌, വി.ജെ. ലാലി, ജോസി സെബാസ്‌റ്റ്യന്‍, ജോബ്‌ മൈക്കിള്‍, റസി പറക്കവെട്ടി, അജീസ്‌ ബെന്‍മാത്യൂ, പി.എന്‍. നൗഷാദ്‌, പി.എച്ച്‌. നാസര്‍, ആന്റണി കുന്നുംപുറം, എം.ഡി. ദേവരാജന്‍, പി.എം. ചന്ദ്രന്‍, ജോബ്‌ മൈക്കിള്‍, സാജന്‍ ഫ്രാന്‍സിസ്‌, മാത്തുക്കുട്ടി പ്ലാത്താനം, സതീഷ്‌ വലിയവീടന്‍, എം.എസ്‌. വിശ്വനാഥന്‍, ബിജു ആന്റണി, സണ്ണി നെടിയകാലാപറമ്പില്‍, രാജാ കിഴക്കേ,എം. അബ്‌ദുള്‍ നാസര്‍, വര്‍ഗീസ്‌ ആന്റണി, സുമ ഷൈന്‍, ബിജോയി മുളവന, ജോണ്‍സണ്‍ ജോസഫ്‌, പി.എ.ഹനീസ്‌, സിബിച്ചന്‍ ഇടശ്ശേരി പറമ്പില്‍, ജസ്‌റ്റിന്‍ ബ്രൂസ്‌, ജോസുകുട്ടി നെടുമുടി, മിനി കെ. ഫിലിപ്പ്‌, ബാബു തോമസ്‌ സന്തോഷ്‌ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഞായറാഴ്‌ച വൈകിട്ട്‌ ഒരുലോഡ്‌ മദ്യവുമായി ലോറി എത്തുകയും നാട്ടുകാരും സമരസമിതി നേതാക്കളും നഗരസഭാധ്യക്ഷന്‍, എം.എല്‍.എ. എന്നിവര്‍ ഇടപെട്ട്‌ ലോഡിറക്കുന്നതു തടയുകയും ചെയ്‌തതിനെത്തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്‌.
പിന്നീട്‌ ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശാനുസരണം മദ്യശാല അടക്കുകയും ചെയതു. നഗരസഭയുടെ അനുമതി ലഭിച്ചശേഷമെ തുറന്നുപ്രവര്‍ത്തിക്കൂവെന്നു ബിവറേജസ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ സമരസമിതി നേതാക്കളെ എഴുതി അറിയിച്ചശേഷം ഞായറാഴ്‌ച രാത്രിതന്നെ സമരവും അവസാനിപ്പിച്ചിരുന്നു. സമരസമിതി നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഇന്നലെ ഹര്‍ത്താല്‍ നടത്തിയത്‌.
നഗരസഭയുടെ അംഗീകാരമില്ലാതെ മാര്‍ക്കറ്റില്‍തന്നെ മദ്യശാല തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 04 Apr 2017 01.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW