Tuesday, April 04, 2017 Last Updated 12 Min 12 Sec ago English Edition
Todays E paper
Tuesday 04 Apr 2017 12.19 AM

പള്‍സര്‍ സുനി കുന്നംകുളം പോലീസ്‌ കസ്‌റ്റഡിയില്‍

uploads/news/2017/04/96232/1tcr.jpg

കുന്നംകുളം/ചാവക്കാട്‌: കുന്നംകുളം പോലീസ്‌ സ്‌റ്റേഷനിലെ ബൈക്ക്‌ മോഷണക്കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പള്‍സര്‍ സുനിയടക്കമുള്ള പോലീസുകാര്‍ സഞ്ചരിച്ചിരുന്ന തൃശൂര്‍ എ.ആര്‍. ക്യാമ്പിലെ പോലീസ്‌ ജീപ്പ്‌ നിയന്ത്രണംവിട്ട്‌ റോഡരുകിലെ മതിലിലിടിച്ചു. ആര്‍ക്കും പരുക്കില്ല. ഇന്നലെ രാവിലെ 11ന്‌ കുന്നംകുളം നഗരത്തിലെ തൃശൂര്‍ റോഡില്‍വച്ചാണ്‌ അപകടം. കുന്നംകുളം പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ചെയ്‌ത ബൈക്ക്‌ മോഷണക്കേസില്‍ കുന്നംകുളം കോടതിയില്‍ ഹാജരാക്കുന്നതിനുവേണ്ടി എറണാകുളം ജില്ലാ ജയിലില്‍നിന്നാണ്‌ പള്‍സര്‍ സുനിയെ തൃശൂര്‍ എ.ആര്‍. ക്യാമ്പിലെ എസ്‌.ഐ. ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കുന്നംകുളത്ത്‌ കൊണ്ടുവന്നത്‌.
നഗരത്തിലെ തൃശൂര്‍ റോഡിലെ തലക്കോട്ടുകര മഹാദേവക്ഷേത്രത്തിനു സമീപം താമസിക്കുന്ന റിട്ട.സിവില്‍ സര്‍ജന്‍ ഡോ.പി. ശോഭനയുടെ വീട്ടുമതിലിലാണ്‌ പോലീസ്‌ ജീപ്പിടിച്ചത്‌. തൃശൂര്‍ ഭാഗത്തുനിന്ന്‌ വന്നിരുന്ന പോലീസ്‌ ജീപ്പിനുനേരെ എതിര്‍ദിശയില്‍ ട്രാഫിക്‌ സിഗ്നല്‍ തെറ്റിച്ചുവന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ജീപ്പ്‌ ഇടതുവശത്തേക്ക്‌ പെട്ടെന്ന്‌ വെട്ടിച്ചപ്പോള്‍ വലതുവശം പൊങ്ങി ജീപ്പ്‌ നിയന്ത്രണംവിട്ട്‌ മതിലിലിടിക്കുകയായിരുന്നു. മതിലും മതിലിനോട്‌ ചേര്‍ന്നുള്ള ഗെയ്‌റ്റും ഇടിച്ച്‌ തകര്‍ത്താണ്‌ ജീപ്പ്‌ ഇടതുവശം ചെരിഞ്ഞു നിന്നത്‌. ഉടന്‍തന്നെ അപകടത്തില്‍പ്പെട്ട ജീപ്പില്‍നിന്നും എസ്‌.ഐ. ഗിരീഷ്‌കുമാറും പോലീസും ചേര്‍ന്ന്‌ പള്‍സര്‍ സുനിയെ ഓട്ടോറിക്ഷയില്‍ കയറ്റി സമീപത്തെ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി.
2014-ല്‍ പള്‍സര്‍ സുനി സുഹൃത്തായ ചൊവ്വന്നൂര്‍ ശങ്കരംതടത്തില്‍ എബിയുടെ ബൈക്ക്‌ സഹോദരിയുടെ വിവാഹത്തിനാണെന്ന്‌ പറഞ്ഞ്‌ കൊണ്ടുപോയി തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ്‌ കേസ്‌. 2014ല്‍ എബിയും പള്‍സര്‍ സുനിയും കുറച്ചുകാലം ചൂണ്ടല്‍ മേഖലകളില്‍ ടിപ്പറില്‍ മണ്ണടിക്കുന്ന ഡ്രൈവര്‍മാരായി ജോലി ചെയ്‌തിരുന്നു. ഈ അടുപ്പംവെച്ചാണ്‌ എബിയുടെ ബൈക്ക്‌ പള്‍സര്‍ സുനി കൊണ്ടുപോയത്‌.
അടുത്തകാലത്ത്‌ സിനിമാ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അറസ്‌റ്റിലായതിനു ശേഷമാണ്‌ എബി കുന്നംകുളം പോലീസില്‍ പരാതി നല്‍കിയത്‌. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിനുവേണ്ടിയാണ്‌ ഇന്നലെ സുനിയെ കുന്നംകുളത്ത്‌ കൊണ്ടുവന്നത്‌. അപകടത്തിനുശേഷം കുന്നംകുളം എസ്‌.ഐ. യു.കെ. ഷാജഹാന്‍, എ.എസ്‌.ഐ. ജോയി, സിവില്‍ പോലീസ്‌ ഓഫീസര്‍ ആരിഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ സുനിയെ കോടിതിയല്‍ ഹാജരാക്കുന്നതിനായി കുന്നംകുളം പോലീസ്‌ ജീപ്പില്‍ കൊണ്ടുപോയത്‌.
കുന്നംകുളം മജിസ്‌ട്രേറ്റ്‌ അവധിയിലായതിനാല്‍ ചാര്‍ജുള്ള ചാവക്കാട്‌ കോടതി മജിസ്‌ട്രേറ്റ്‌ മുമ്പാകെയാണ്‌ ഹാജരാക്കിയത്‌. സുനിയെ മൂന്നു ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍ കോടതി വിട്ടയച്ചു. കുന്നംകുളം മജിസ്‌ട്രേറ്റ്‌ അവധിയിലായതിനാല്‍ ചാര്‍ജ്‌ ചാവക്കാട്‌ മജിസ്‌ട്രേറ്റിനാണ്‌. തിങ്കളാഴ്‌ച രാവിലെ 11.30ന്‌ തൃശൂര്‍ എ.ആര്‍. ക്യാമ്പില്‍ നിന്നുള്ള എസ്‌.ഐ. കെ. ഗിരീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ്‌ സുനിയെ ചാവക്കാട്‌ കോടതിയില്‍ എത്തിച്ചത്‌. ഇതിനുശേഷം ഉച്ചയ്‌ക്ക് രണ്ടിന്‌ സുനിയെ കുന്നംകുളം പോലീസ്‌ സ്‌റ്റേഷനില്‍ കൊണ്ടുവന്ന്‌ ലോക്കപ്പിലടച്ചു
ചൊവ്വന്നൂര്‍ സ്വദേശി ശങ്കരംതടത്തില്‍ എബിന്‍ കുന്നംകുളം ഒന്നാംക്ലാസ്‌ കോടതിയില്‍ കഴിഞ്ഞ മാര്‍ച്ച്‌ ഒമ്പതിനു നല്‍കിയ പരാതിയിലാണ്‌ സുനിക്കെതിരെ വഞ്ചനാ കുറ്റത്തിനു കേസെടുക്കാന്‍ കുന്നംകുളം പോലീസിനോട്‌ കോടതി ഉത്തരവിട്ടത്‌. ഈ കേസിലാണു തിങ്കളാഴ്‌ച സുനിയെ പോലീസ്‌്് കസ്‌റ്റഡിയില്‍ വാങ്ങിയത്‌. 2014-ല്‍ പള്‍സര്‍ സുനി ചൂണ്ടല്‍, കണ്ടാണശേരി മേഖലയില്‍ ടിപ്പര്‍ ഡ്രൈവറായി ജോലിചെയ്‌തിരുന്നതായി പറയുന്നു. ഈ സമയത്ത്‌ കൂടെ ജോലി ചെയ്‌തിരുന്ന എബിനുമായി സൗഹൃദത്തിലായ സുനി സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണെന്ന്‌് പറഞ്ഞ്‌ കുറച്ചു ദിവസത്തേക്ക്‌ എബിനില്‍നിന്നും ബൈക്ക്‌ വാങ്ങി. പലതവണ ചോദിച്ചെങ്കിലും സുനി ബൈക്ക്‌ തിരിച്ചു നല്‍കിയില്ലെന്നാണ്‌് കേസ്‌.

Ads by Google
Ads by Google
Tuesday 04 Apr 2017 12.19 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW