Sunday, May 28, 2017 Last Updated 20 Min 34 Sec ago English Edition
Todays E paper
Sunday 02 Apr 2017 01.19 AM

ആദായനികുതി ഉദ്യോഗസ്‌ഥന്‌ കൈക്കൂലി കുരുക്ക്‌10 ലക്ഷം തന്നില്ലെങ്കില്‍ ആറ്‌ കോടി പിഴയടപ്പിക്കുമെന്നു ഭീഷണി

uploads/news/2017/04/95683/3erk.jpg

മൂവാറ്റുപുഴ: പത്ത്‌ ലക്ഷം രൂപ കൈക്കൂലി ചോദിച്ച്‌ സ്വകാര്യ ആശുപത്രിയിലെത്തി സി.ബി.ഐയുടെ പിടിയിലായ ആദായ നികുതി ഉദ്യോഗസ്‌ഥന്‍ പണത്തിനായി ഡോക്‌ടര്‍ക്കു പിന്നാലെ നടന്നത്‌ നാലു മാസം. പത്തു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ആശുപത്രിക്കെതിരെ ആറു കോടി രൂപ നികുതി പിഴ ചുമത്തുമെന്നായിരുന്നു ഇയാളുടെ ഭീഷണി. എറണാകുളത്ത്‌ ഇന്‍കംടാക്‌സ് ഇന്‍വെസ്‌റ്റിഗേഷന്‍ ഇന്‍സ്‌പെക്‌ടറായ പാമ്പാക്കുട മേമ്മുറി കൊമ്മലക്കുഴിയില്‍ ദിനേശാണ്‌ വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെ പേഴയ്‌ക്കാപ്പിള്ളി സബൈന്‍സ്‌ ഹോസ്‌പിറ്റലില്‍ നിന്നും പിടിയിലാകുന്നത്‌. ഈസമയം ഇയാളുടെ പാമ്പാക്കുടയിലെ വീട്ടിലും സി.ബി.ഐ. പരിശോധന നടത്തിയിരുന്നു. ചില സുപ്രധാന രേഖകള്‍ സി.ബി.ഐ. സംഘം പിടിച്ചെടുക്കുകയും ചെയ്‌തു. പിറവം മേഖലയിലെ ഇയാളുടെ ഭൂമി ഇടപാടുകളെ കുറിച്ച്‌ പരിശോധിച്ച്‌ വരുന്നതായും സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ആദായനികുതി ഇന്‍സ്‌പെക്‌ടര്‍ ദിനേശിന്റെ ശല്യം സഹിക്കാതായതോടെയാണ്‌ ആശുപത്രി എം.ഡി. ഡോ. സബൈന്‍ സി.ബി.ഐയെ സമീപിച്ചത്‌. ഇന്നലെ സി.ബി.ഐ. കോടതിയില്‍ ഹാജരാക്കിയ ദിനേശനെ റിമാന്‍ഡ്‌ ചെയ്‌തു.
കഴിഞ്ഞ ഡിസംബറിലാണ്‌ ദിനേശന്‍ ആദ്യമായി സബൈന്‍സ്‌ ഹോസ്‌പിറ്റലില്‍ എത്തുന്നത്‌. നികുതി സംബന്ധമായ രേഖകള്‍ കൃത്യമാണെന്ന്‌ ബോധ്യപ്പെടുത്തിയിട്ടും ഇയാള്‍ പിന്‍വാങ്ങാന്‍ തയാറായില്ല. ഇടവേളക്കുശേഷം ആഴ്‌ചകള്‍ക്കുമുമ്പ്‌ വീണ്ടും എത്തുകയായിരുന്നു. 10 ലക്ഷം രൂപ തന്നാല്‍ 'ഒതുക്കിതരാം' എന്നായിരുന്നു ആവശ്യം. ഇല്ലാത്ത പക്ഷം 6 കോടി രൂപ പിഴയടക്കേണ്ടിവരുമെന്നും ഭീഷണി മുഴക്കി. ഇതേ തുടര്‍ന്നാണ്‌ ഡോക്‌ടര്‍ സി.ബി.ഐയെ സമീപിച്ചത്‌. ഇവര്‍ നല്‍കിയ ഉപദേശ നിര്‍ശേങ്ങളാണ്‌ ദിനേശനെ കുടുക്കാന്‍ ഇടയാക്കിയത്‌. ഇതുപ്രകാരം അഞ്ചുലക്ഷം രൂപ നല്‍കാമെന്ന ധാരണയുടെ അടിസ്‌ഥാനത്തിലാണ്‌ ദിനേശന്‍ ഇന്നലെ രാത്രി ഒമ്പതരയോടെ ആശുപത്രിയിലെത്തിയത്‌. രാവിലെ മുതല്‍ സി.ബി.ഐ. സംഘം ആശുപത്രിയില്‍ തമ്പടിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഡ്രൈവറെ വിട്ട്‌ പണം കൈപ്പറ്റാന്‍ ദിനേശന്‍ ശ്രമം നടത്തി. വാഴപ്പിള്ളി കവലയില്‍ വാഹനം നിര്‍ത്തി അവിടേക്ക്‌ പണം എത്തിച്ച്‌ നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ തിരക്കിലായിരുന്ന ഡോക്‌ടര്‍ തടസം അറിയിച്ചതോടെയാണ്‌ ഇയാള്‍ പണം കൈപ്പറ്റാന്‍ നേരിട്ട്‌ എത്തിയത്‌. ആശുപത്രിക്ക്‌ മുന്നില്‍ കാര്‍ നിര്‍ത്തി പണം കൈപ്പറ്റി. കെട്ടുകള്‍ എണ്ണി നോക്കുന്നതിനിടയില്‍ ഇത്‌ നിരീക്ഷിച്ചിരുന്ന സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ കാര്‍ വളഞ്ഞ്‌ ദിനേശിനെ പിടികൂടുകയായിരുന്നു. മാപ്പപേക്ഷിച്ചും ബോധരഹിതനായി അഭിനയിച്ചും ഇയാള്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ നാലിനാണ്‌ സംഘം പിടിയിലായ ഉദ്യോഗസ്‌ഥനേയും കൊണ്ട്‌ മടങ്ങിയത്‌.

Ads by Google
Ads by Google
Sunday 02 Apr 2017 01.19 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW