Thursday, June 29, 2017 Last Updated 1 Min 43 Sec ago English Edition
Todays E paper
Tuesday 21 Mar 2017 03.19 AM

ബജറ്റില്‍ കൃഷി, ആരോഗ്യ മേഖലകള്‍ക്ക്‌ ഊന്നല്‍

uploads/news/2017/03/91841/1tvm.jpg

തിരുവനന്തപുരം ജില്ലയെ 2020 ഓടെ തരിശ്‌ രഹിത പച്ചക്കറി സ്വയംപര്യാപ്‌ത ജില്ല ആക്കാനുള്ള പദ്ധതികള്‍ക്ക്‌ ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌. ഹരിതക്കാഴ്‌ചപ്പാടോടെയുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തിലെ മിച്ച ബജറ്റ ഇന്നലെ വൈസ്‌ പ്രസിഡന്റ്‌ എ.ഷൈലജാ ബീഗം അവതരിപ്പിച്ചു. ജനകീയ പങ്കാളിത്തത്തോടെ വാര്‍ഡ്‌ തലത്തിലും ജില്ലാ തലത്തിലും കര്‍മ സേനകള്‍ രൂപീകരിച്ച്‌ ജില്ലയിലെ 2,986 ഹെക്‌ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാനുള്ള പദ്ധതിക്കാണ്‌ ജില്ലാ പഞ്ചായത്ത്‌ തുടക്കം കുറിക്കുന്നത്‌. ജില്ലയില്‍ 3,100 ഹെക്‌ടര്‍ സ്‌ഥലത്താണ്‌ പച്ചക്കറി കൃഷി ചെയ്യുന്നത്‌. ഇത്‌ 4,000 ഹെക്‌ടറായി ഉയര്‍ത്തും. ഇതിനായി ജൈവസമൃദ്ധി പദ്ധതി വിപുലീകരിക്കുമെന്നും വൈസ്‌ പ്രസിഡന്റ്‌ അറിയിച്ചു.
ഇതോടൊപ്പം സ്വപ്‌ന പദ്ധതിയായ 'ഗ്രേറ്റ്‌ വേ' പദ്ധതിക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. തിരുവനന്തപുരം നഗരത്തില്‍ നിന്നും അരുവിക്കര ഡാം വരെയുള്ള 12 കിലോമീറ്റര്‍ ദൂരം വരുന്ന ഒരു വലിയ പാത്ത്‌വേ ആണ്‌ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ്‌ലൈന്‍ റോഡ്‌. പദ്ധതിയുടെ ഭാഗമായി വൃത്തിയുള്ള നടപ്പാതകളും സൈക്കിളിംഗ്‌ ട്രാക്കും ഇവിടെ സജ്‌ജീകരിക്കും. തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചും ഇടയ്‌ക്ക് വിശ്രമ താവളങ്ങള്‍ ഒരുക്കിയും ഗേറ്റ്‌വേയ്‌ക്ക് മോടി കൂട്ടും. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി 28,91,12,449 (ഇരുപത്തിയെട്ട്‌ കോടി തൊണ്ണൂറ്റി ഒന്ന്‌ ലക്ഷത്തി പന്ത്രണ്ടായിരത്തി നാനൂറ്റി നാല്‍പ്പത്തി ഒന്‍പതിനായിരം) രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌.
പുതിയൊരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ഉദേശത്തോടെ സ്‌പോര്‍ട്‌സ്‌ക്ല ബുകള്‍ ആരംഭിക്കും. നിലവില്‍ എല്ലാ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലും സയന്‍സ്‌ക്ല ബ്‌, നേച്ചര്‍ക്ല ബ്‌ മുതലായവ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിജ്‌ഞാനം വിരല്‍ത്തുമ്പില്‍ എത്തി നില്‍ക്കുന്ന പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സജ്‌ജമാക്കുക എന്നതാണ്‌ സൈബര്‍ക്ല ബുകളുടെ മുഖ്യമായ ഉദ്ദേശ്യം. മലയാള ഭാഷയെ ഒന്നാം ഭാഷയായി വളര്‍ത്തിയെടുക്കുക എന്നതാണ്‌ ഈ പദ്ധതി കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. ഇതോടൊപ്പം ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകളില്‍ വിനിമയ ശേഷി നേടാന്‍ കുട്ടികളെ പ്രാപ്‌തരാക്കുകയും ചെയ്യും. വിദ്യാഭ്യാസ പിന്നോക്കാവസ്‌ഥ ഗുരുതരമായി അനുഭവപ്പെടുന്ന ആദിവാസി - തീരദേശ മേഖലകളില്‍ രാത്രി പാഠശാലകള്‍ ആരംഭിക്കും. ഷോര്‍ട്ട്‌ഫിലിമുകള്‍, ഡോക്യുമെന്ററികള്‍ എന്നിവ സ്‌കൂളുകളില്‍ നിര്‍മിക്കുന്നതിന്‌ കുട്ടികള്‍ക്ക്‌ പ്രോത്സാഹനവും പരിശീലനവും നല്‍കുന്നതിനുമാണ്‌ ദൃശ്യ പദ്ധതിക്ക്‌ രൂപം നല്‍കുന്നത്‌.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മാതൃകാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാക്കി ജനകീയ പ്രസ്‌ഥാനത്തിനു രൂപം നല്‍കും. നെടുമങ്ങാട്‌ ജില്ലാ ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി, വര്‍ക്കല ജില്ലാ ആയുര്‍വേദ ആശുപത്രി, പട്ടം താണുപിളള ജില്ലാ ഹോമിയോ ആശുപത്രി തുടങ്ങിയവ സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ബൃഹത്‌ പദ്ധതികള്‍ക്കായി18,36,18,600(പതിനെട്ട്‌ കോടി മുപ്പത്തി ആറ്‌ ലക്ഷത്തി പതിനെട്ടായിരത്തി അറുന്നൂറ്‌) രൂപ മാറ്റിവെച്ചു. കുടുംബാരോഗ്യ പരിപാലനം എന്ന ആശയം ബജറ്റില്‍ മുന്നോട്ട്‌ വയ്‌ക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ചികിത്സ ലഭ്യമാക്കും. ജീവന്‍ രക്ഷാ മരുന്നുകള്‍ വന്‍വിലക്കിഴിവില്‍ ലഭിക്കുന്നതിനായി ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ കേന്ദ്രസഹായത്തോടെ ജില്ലയിലെമ്പാടും വ്യാപിപ്പിക്കും.
ജില്ലയിലെ ആദിവാസി-തീരദേശ മേഖലകളില്‍ ആഴ്‌ചതോറും സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കെയര്‍ ഓണ്‍ വീല്‍സ്‌ പദ്ധതി ലക്ഷ്യമിടുന്നതായി ഷൈലജാ ബീഗം അറിയിച്ചു. ഇതിനായി അലോപ്പതി - ആയുര്‍വേദ- ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ അടങ്ങുന്ന ഒരു വിദഗ്‌ധ സമിതിയെ നിശ്‌ചയിക്കും. ആദിവാസി തോട്ടം മേഖലയിലും തീരപ്രദേശത്തെ രോഗികള്‍ക്കും സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനായി മൊബൈല്‍ ഡിസ്‌പെന്‍സറി സര്‍വീസ്‌ ഉപയോഗപ്പെടുത്തും.
ജൈവസമൃദ്ധി, സമഗ്രനെല്‍കൃഷി, പാരമ്പര്യ വിത്തുകളുടെ സംരക്ഷണം, ഫാമുകളുടെ നവീകരണം എന്നിവയോടൊപ്പം കാര്‍ഷിക മേഖലയുടെ സമഗ്ര വികസനങ്ങള്‍ക്കായി 7,77,31,402/- (ഏഴ്‌ കോടി എഴുപത്തി ഏഴ്‌ ലക്ഷത്തി മുപ്പത്തി ഒന്നായിരത്തി നാനൂറ്റി രണ്ട്‌) രൂപ നീക്കിവയ്‌ക്കും. ജലസംരക്ഷണത്തിനായി മഴത്താവളം പദ്ധതി പരിഷ്‌കരിച്ച്‌ മഴവെള്ള സംഭരണത്തിനും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുമായി ജലശ്രീ എന്ന പദ്ധതിയ്‌ക്ക് രൂപം നല്‍കും. തൊഴിലുറപ്പ്‌ പദ്ധതിയുമായി ചേര്‍ന്ന്‌ ജലസ്രോതസ്സുകളായിരുന്ന തലക്കുളങ്ങള്‍, കൈത്തോടുകള്‍, അരുവികള്‍ എന്നിവ നവീകരിക്കും. മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിനായി ഇവയുടെ ഇരു വശങ്ങളിലും മുള, ഈറ, കൈത, രാമച്ചം മുതലായ സസ്യങ്ങള്‍ വച്ച്‌ പിടിപ്പിക്കും. മണ്ണ്‌ ജല സംരക്ഷണ മേഖലകളിലെ പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്ത്‌ 1,30,91,000 (ഒരു കോടി മുപ്പത്‌ ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം) രൂപ ബ്‌ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌.
കടുത്ത വരള്‍ച്ചയെ നേരിടുന്നതിനായി ജലശ്രീ പദ്ധതി നടപ്പാക്കും. ശുദ്ധമായ പാല്‍ മായം കലരാതെ ഗുണഭോക്‌താക്കളില്‍ നേരിട്ട്‌ എത്തിക്കാന്‍ ഗ്രീന്‍ മില്‍ക്‌ പദ്ധതി നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ചെറ്റച്ചല്‍ ജെഴ്‌സി ഫാമില്‍ ആരംഭിക്കുന്ന മില്‍ക്‌ പ്രോസസ്സിംഗ്‌ യൂണിറ്റില്‍ വിതുര ജെഴ്‌സി ഫാമില്‍ നിന്നുള്ള പാലിന്‌ പുറമേ മലയോര ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ നേരിട്ട്‌ സംഭരിച്ച്‌് അത്യാധുനിക രീതിയില്‍ അണുവിമുക്‌തമാക്കി പ്രോസസ്സിംഗ്‌ ചെയ്‌തതിനുശേഷം വിപണിയില്‍ എത്തിക്കാനാണ്‌ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ക്ഷീരവികസനത്തിനായി ക്ഷീരകര്‍ഷകര്‍ക്ക്‌ കാലിത്തീറ്റ സബ്‌സിഡി, റിവോള്‍വിംഗ്‌ ഫണ്ട്‌, കാളക്കുട്ടി - പോത്ത്‌ കുട്ടി പരിപാലനം, പാലിന്‌ സബ്‌സിഡി, കിടാരി വളര്‍ത്തല്‍, ഫാമുകളില്‍ ഉത്‌പാദനക്ഷമതയുള്ള കന്നുക്കുട്ടികളുടെ ഉത്‌പാദനം, ഗ്രീന്‍മില്‍ക്ക്‌ മുതലായ പദ്ധതികള്‍ ഉള്‍പ്പെടുന്ന ക്ഷീരമേഖലയുടെ വികസനത്തിനായി 2,34,00,000/- (രണ്ട്‌ കോടി മുപ്പത്തിനാല്‌ ലക്ഷം) രൂപ വകയിരുത്തിയിട്ടുണ്ട്‌.
ജില്ലാ പഞ്ചാത്തിന്‌ കൈമാറിക്കിട്ടിയ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, പുതിയ റോഡുകള്‍ക്കും കൂടാതെ സ്‌കൂള്‍, ഫാം കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനുമായി 51,21,38,000/- (അന്‍പത്തി ഒന്ന്‌ കോടി ഇരുപത്തി ഒന്ന്‌ ലക്ഷത്തി മുപ്പത്തി എട്ടായിരം)രൂപ വകയിരുത്തിയിട്ടുണ്ട്‌. തെരുവ്‌ നായ്‌ക്കളെ വന്ധ്യംകരണം നടത്തി പ്രജനന നിയന്ത്രണം നടപ്പിലാക്കുന്നതിനാണ്‌ ജില്ലാ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്‌.സ്‌കൂള്‍തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപദ്ധതി (പെണ്‍കുട്ടികള്‍ക്ക്‌ കരാട്ടെപരിശീലനം) വിപുലീകരിക്കും. സര്‍ക്കാരിന്റ ലൈഫ്‌ മിഷനുമായി ബന്ധപ്പെടുത്തി പട്ടികജാതി വിഭാഗങ്ങള്‍ക്ക്‌ സമ്പൂര്‍ണ്ണ ഭവന പദ്ധതി, കോളനി വികസനം, കോളനി വൈദ്യുതീകരണം എന്നീ പദ്ധതികള്‍ക്ക്‌ തുക വകയിരുത്തിയിട്ടുണ്ട്‌.
പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ സ്വയംതൊഴില്‍ ആരംഭിയ്‌ക്കുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കും. ആദിവാസിമേഖലയില്‍ പാരമ്പര്യതൊഴില്‍, കൃഷി സംസ്‌കാരങ്ങളെ പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ക്ക്‌ രൂപംനല്‌കും വനവിഭവങ്ങള്‍ക്കും ഔഷധസസ്യങ്ങള്‍ക്കും പച്ചിലമരുന്നുകള്‍ക്കുമായി അങ്ങാടി എന്ന പദ്ധതി നടപ്പിലാക്കും.
177,34,05,143 (നൂറ്റി എഴുപ്പത്തി ഏഴ്‌ കോടി മുപ്പത്തി നാല്‌ ലക്ഷത്തി അയ്യായിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തി മൂന്ന്‌) രൂപ വരവും 176,47,99,333 (നൂറ്റി എഴുപ്പത്തി ആറ്‌ കോടി നാല്‍പ്പത്തി ഏഴ്‌ ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന്‌) രൂപ ചെലവും 86,05,810 (എണ്‍പ്പത്തിയാറ്‌ ലക്ഷത്തി അയ്യായിരത്തി എണ്ണൂറ്റി പത്ത്‌) രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു അധ്യക്ഷനായിരുന്നു.

Ads by Google
Ads by Google
Tuesday 21 Mar 2017 03.19 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW