Thursday, July 27, 2017 Last Updated 9 Min 55 Sec ago English Edition
Todays E paper
Tuesday 21 Mar 2017 02.51 AM

വനം വകുപ്പും നാട്ടുകാരും തുറന്ന പോരിലേക്ക്‌

uploads/news/2017/03/91781/1kg.jpg

കുമളി: തേക്കടിയിലെ വാഹന പാര്‍ക്കിങ്‌ വിഷയത്തില്‍ നാട്ടുകാരും വനം വകുപ്പും തുറന്ന പോരിലേക്ക്‌. വനം മന്ത്രിയുമായി മൂന്നാറില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളിലേക്കു നീങ്ങാനാണു ജനകീയ സമരസമിതിയുടെ തീരുമാനം. ഇന്നലെ സമിതിയുടെ നേതൃത്വത്തില്‍ തേക്കടി ഫോറസ്‌റ്റ്‌ ചെക്ക്‌പോസ്‌റ്റിലേക്കു നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്ന്‌ തേക്കടി ബോട്ട്‌ ലാന്‍ഡിങ്ങിലേക്കുള്ള ഗതാഗതം ഒന്നരമണിക്കൂര്‍ തടസപ്പെട്ടു.
തേക്കടി ആമ പാര്‍ക്കിലെ വാഹന പാര്‍ക്കിങ്‌ പുനഃസ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ നടത്തിയ മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു. സമരക്കാരെ ചെക്ക്‌പോസ്‌റ്റില്‍ പോലീസ്‌ തടഞ്ഞു.
തുടര്‍ന്നു നടന്ന യോഗം സമിതി ചെയര്‍മാന്‍ അബ്‌ദുള്‍ റസാഖ്‌ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്‍സി ജയിംസ്‌, വൈസ്‌ പ്രസിഡന്റ്‌ ബിജു ദാനിയേല്‍, ഷിബു എം.തോമസ്‌, ബാബുക്കുട്ടി, സന്തോഷ്‌ ഉമ്മന്‍, മുഹമ്മദ്‌ ഷാജി. മജോ കാരിമുട്ടം, വി. തങ്കപ്പന്‍, ടി.എം. നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്നു വനംവകുപ്പ്‌ വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു പ്രതിഷേധിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. 23 നു വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്‌ഥരും സമരസമിതിയുമായി മൂന്നാറില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ 29 നു ഗ്രാമപഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കാനുമാണു സമരസമിതിയുടെ നീക്കം.
തേക്കടി ആമ പാര്‍ക്കിലെ വാഹന പാര്‍ക്കിങ്‌ നിരോധിച്ചതിനുശേഷം ആനവച്ചാലിലുള്ള മൈതാനത്താണ്‌ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌. ഇവിടെനിന്നു വനം വകുപ്പിന്റെ വാഹനങ്ങളിലാണ്‌ ആളുകളെ ബോട്ട്‌ ലാന്‍ഡിങ്ങിലേക്ക്‌ എത്തിക്കുന്നത്‌. ആമ പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി നിര്‍മിച്ചിരുന്ന ഇരിപ്പിടങ്ങള്‍ വനം വകുപ്പ്‌ നീക്കം ചെയ്‌തു. വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന സ്‌ഥലത്ത്‌ കല്ലുംതടിയും നിരത്തി തടസം സൃഷ്‌ടിച്ച നിലയിലാണ്‌.
ജനപ്രതിനിധികളുടെ സഹകരണത്തോടെ നാട്ടുകാര്‍ നടത്തുന്ന സമരം വനംവകുപ്പിനു തലവേദനയായിരിക്കുകയാണ്‌. തേക്കടി ടൂറിസത്തെ തകര്‍ക്കാനാണു വനംവകുപ്പു ശ്രമിക്കുന്നതെന്നു സമരസമിതി ആരോപിക്കുന്നു. ഇന്നു വനം വകുപ്പിന്റെ വാഹനങ്ങള്‍ തടയാനുള്ള പ്രതിഷേധക്കാരുടെനീക്കം സംഘര്‍ഷത്തിനു വഴിതെളിക്കുമെന്നാണു സൂചന.

Ads by Google
Ads by Google
Tuesday 21 Mar 2017 02.51 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW