Thursday, May 25, 2017 Last Updated 18 Min 0 Sec ago English Edition
Todays E paper
Saturday 11 Mar 2017 02.19 AM

വികസനം മുരടിച്ച്‌ സര്‍ക്കാര്‍ കോളജ്‌

uploads/news/2017/03/88496/1alp.jpg

അമ്പലപ്പുഴ: ജില്ലയിലെ ഏക സര്‍ക്കാര്‍ കോളജിന്‌ ഈ ബജറ്റിലും കടുത്ത അവഗണന. പുതിയ കോഴ്‌സുകള്‍ ആരംഭിക്കാത്തതിനാല്‍ കോളജിന്റെ വികസനം മുരടിക്കുന്നു.
അമ്പലപ്പുഴ ഗവ. കോളജിനാണ്‌ ഈ ദുരവസ്‌ഥ. 2006ലാണ്‌ ജില്ലയിലെ ഏക സര്‍ക്കാര്‍ കോളജ്‌ അമ്പലപ്പുഴയില്‍ ആരംഭിച്ചത്‌. തുടക്കത്തില്‍ അമ്പലപ്പുഴ കെ.കെ. കുഞ്ചു പിള്ള സ്‌മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടത്തിലായിരുന്നു കോളജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്‌. പിന്നീട്‌ കഴിഞ്ഞ സര്‍ക്കാര്‍ പടിഞ്ഞാറെ നടയില്‍ കെട്ടിടം യാഥാര്‍ഥ്യമാക്കിയതോടെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നു.
നിലവില്‍ ബി.എ. എക്കണോമിക്‌സ്‌, ബി.എസ്‌സി മാത്സ്‌, ബി.കോം എന്നീ മൂന്നു കോഴ്‌സുകള്‍ മാത്രമാണ്‌ കോളജിലുള്ളത്‌. ഈ കോഴ്‌സുകളും പി.ജിയും ബി.എ. മലയാളം, ബി.എ. ഹിന്ദി, ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌ തുടങ്ങിയവയും അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കോളജ്‌ അധികൃതര്‍ സര്‍വകലാശാലയെ സമീപിച്ചിരുന്നു. സര്‍വകലാശാല ഈ കോഴ്‌സുകള്‍ക്ക്‌ അംഗീകാരം നല്‍കിയെങ്കിലും സംസ്‌ഥാന സര്‍ക്കാര്‍ ഇതിന്‌ അനുകൂല സമീപനം സ്വീകരിക്കാത്തതിനാല്‍ കോളജിന്റെ വികസനം തടസപ്പെട്ടിരിക്കുകയാണ്‌.
മന്ത്രിമാരായ ജി. സുധാകരനും തോമസ്‌ ഐസക്കും തമ്മിലുള്ള ശീതസമരമാണു കോളജിനു പണം അനുവദിക്കാന്‍ തടസമായി നില്‍ക്കുന്നതെന്നാണ്‌ ആക്ഷേപം. സര്‍ക്കാരിനു സാമ്പത്തിക ബാധ്യതയില്ലാത്ത രീതിയില്‍ തങ്ങള്‍ പുതിയ കോഴ്‌സുകള്‍ പഠിപ്പിക്കാമെന്നു കോളജ്‌ അധികൃതരും പി.ടി.എയും അറിയിച്ചിട്ടും ഇവയ്‌ക്ക്‌ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ജില്ലയുടെ വടക്കന്‍ മേഖലയില്‍ മറ്റൊരു ഗവണ്‍മെന്റ്‌ കോളജ്‌ തുടങ്ങാന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്‌ അനുമതി വാങ്ങിക്കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ്‌ അമ്പലപ്പുഴ ഗവണ്‍മെന്റ്‌ കോളജിന്‌ പണം അനുവദിക്കാന്‍ ധനവകുപ്പ്‌ വിമുഖത കാട്ടുന്നത്‌. നിലവില്‍ 25 ക്ലാസ്‌ മുറികള്‍ കോളജില്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴും അനുവദിക്കാത്ത പി.ജി. ക്ലാസുകള്‍ക്ക്‌ പുതിയ ബ്ലോക്ക്‌ നിര്‍മിക്കാന്‍ നാലരക്കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌.
പുതിയ കോഴ്‌സുകള്‍ അനുവദിച്ചാല്‍ ഇപ്പോള്‍ ഉപയോഗശൂന്യമായ ക്ലാസുകളില്‍ ക്ലാസ്‌ നടത്താന്‍ കഴിയും. പുതിയ പി.ജി. കോഴ്‌സുകള്‍ ഇവിടെ ഇല്ലാത്തതിനാല്‍ ഈ കോളജില്‍നിന്ന്‌ ബിരുദപഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളുടെ ഉപരിപഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്‌. രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള കടുത്ത ശീതസമരം മൂലം ജില്ലയിലെ ഏക സര്‍ക്കാര്‍ കോളജിന്റെ ഭാവിയാണ്‌ ഇരുട്ടിലാകുന്നത്‌.
സംസ്‌ഥാനത്ത്‌ ഏതെങ്കിലും സര്‍ക്കാര്‍കോളജില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യ പരിഗണന അമ്പലപ്പുഴ ഗവണ്‍മെന്റ്‌ കോളജിനായിരിക്കുമെന്നാണു മന്ത്രി ജി. സുധാകരന്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ മറ്റു കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക്‌ അംഗീകാരം നല്‍കിയെങ്കിലും ധന വകുപ്പ്‌ അമ്പലപ്പുഴ ഗവണ്‍മെന്റ്‌ കോളജിനെ തഴയുകയായിരുന്നു.
ഈ സാഹചര്യത്തില്‍ കോളജിന്റെ വികസനത്തിനു പുതിയ കോഴ്‌സുകള്‍ക്ക്‌ അംഗീകാരം നല്‍കാനുമായി മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Ads by Google
Saturday 11 Mar 2017 02.19 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW