Sunday, October 22, 2017 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.50 AM

ആധാറില്ല; പക്ഷാഘാതം പിടിപെട്ട വയോധികന്റെ പെന്‍ഷന്‍ തടഞ്ഞു

uploads/news/2017/02/76257/2alp.jpg

എടത്വാ: പക്ഷാഘാതം പിടിപെട്ട്‌ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത വയോധികന്റെ വാര്‍ധക്യകാല പെന്‍ഷന്‍ ആധാര്‍ കാര്‍ഡ്‌ ഇല്ലാത്തതിന്റെ പേരില്‍ പഞ്ചായത്ത്‌ അധികൃതര്‍ തടഞ്ഞു. എടത്വാ പഞ്ചായത്ത്‌ 14-ാം വാര്‍ഡില്‍ ചക്കാലയ്‌ക്കല്‍ വിജയന്‍ മാധവനോടാ(63)ണ്‌ അധികൃതരുടെ ഈ ക്രൂരത. പക്ഷാഘാതം പിടിപെട്ട്‌ ഒന്‍പതു വര്‍ഷമായി ഇടതുവശം തളര്‍ന്നുപോയ കര്‍ഷകത്തൊഴിലാളിയായ വിജയനു പരസഹായം കൂടാതെ പുറത്തിറങ്ങാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയില്ല.
കഴിഞ്ഞ സെപ്‌റ്റംബര്‍ വരെ വാര്‍ധക്യകാല പെന്‍ഷന്‍ ലഭിച്ചിരുന്നു, കിടപ്പുരോഗികളായവരുടെ ആധാര്‍ കാര്‍ഡ്‌ വീട്ടില്‍ ചെന്നെടുക്കണമെന്നിരിക്കേ അതിനുള്ള കരുണപോലും ഈ വ്യദ്ധരോഗിയോട്‌ ഉദ്യോഗസ്‌ഥര്‍ കാട്ടിയില്ല. പക്ഷാഘാതം പിടിപെട്ട്‌ ഇടതുവശത്തെ തള്ളവിരല്‍ യന്ത്രത്തില്‍ പതിയാത്തതാണ്‌ ആധാര്‍ ലഭിക്കാന്‍ തടസമായത്‌.
ആധാര്‍ ലഭിക്കാനായി തളര്‍ന്ന കാലും കൈയ്യുമായി വിജയന്‍ ഭാര്യയും മക്കളുമൊത്ത്‌ പലതവണ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടുണ്ട്‌. ആധാര്‍ കാര്‍ഡില്ലെങ്കില്‍ പെന്‍ഷന്‍ തരില്ലെന്നാണ്‌ അധികൃതരുടെ കടുംപിടുത്തം. കൂലിപ്പണിയില്‍ നിന്നുകിട്ടുന്ന തുച്‌ഛമായവരുമാനംകൊണ്ട്‌ കുടുംബം പോറ്റിയിരുന്ന വിജയന്‌ നിനച്ചിരിക്കാതെയാണ്‌ രക്‌തസമ്മര്‍ദ്ദംകൂടി ഇടതുവശം തളര്‍ന്നുപോയത്‌. വിജയനെയുംകൊണ്ട്‌ വീട്ടുകാര്‍ നിരവധി ആശുപത്രികളില്‍ ചികിത്സതേടി. സ്വതന്തമായി നടക്കാന്‍ കഴിയില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയെങ്കിലും വിജയന്റെ ആത്മധൈര്യമാണ്‌ ഒന്‍പത്‌ വര്‍ഷങ്ങള്‍ക്കുശേഷം പിച്ചവച്ചെങ്കിലും നടക്കാന്‍ തുടങ്ങിയത്‌. ഇതിനോടകം കടംവാങ്ങിയും പലിശക്കെടുത്തുമാണ്‌ വിജയന്റെ ചികിത്സ ചിലവ്‌ നടത്തിയത്‌.
വിധികാട്ടിയ ക്രൂരതയേക്കാള്‍ കടുത്തതാണ്‌ അധികൃതര്‍ തന്നോടുകാട്ടിയതെന്ന്‌ വിജയന്‍ പരിതപിക്കുന്നു. രണ്ടുവര്‍ഷത്തിന്‌ മുന്‍പാണ്‌ വിജയന്‌ വാര്‍ധക്യകാല പെന്‍ഷനായ 600 രൂപ ലഭിച്ചുതുടങ്ങിയത്‌. കഴിഞ്ഞ ഓണത്തിന്‌ 1000 രൂപ പെന്‍ഷന്‍ കിട്ടിയെങ്കിലും പിന്നീട്‌ ലഭിച്ചില്ല. വിജയന്റെ പ്രതിദിന മരുന്നുകള്‍ക്ക്‌ നല്ലൊരുതുക ചിലവഴിക്കേണ്ടി വരുന്നതിനാല്‍ കൂലിപ്പണിക്കാരായ ഈ കുടുംബത്തിന്‌ പെന്‍ഷന്‍ തുക ആശ്വാസമായിരുന്നു. പെന്‍ഷന്‍ പുനഃസ്‌ഥാപിച്ച്‌ കിട്ടാന്‍ എന്തുചെയ്യണമെന്നറിയാതെ തളര്‍ന്ന ശരീരവും മനസുമായി കാത്തിരിക്കുകയാണ്‌ വിജയന്‍.

Ads by Google
Advertisement
Wednesday 01 Feb 2017 01.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW