Wednesday, December 13, 2017 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.46 AM

കുടിവെള്ള വണ്ടികള്‍ പോകുന്ന വഴികളറിയാന്‍ ഇനി ജി.പി.എസ്‌.

uploads/news/2017/02/76201/1kg.jpg

കോട്ടയം: ലോറികളില്‍ എവിടെനിന്നു കുടിവെള്ളമെത്തിക്കുന്നു, എവിടേക്കു കൊണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങള്‍ ഇനി ജില്ലാ ഭരണകൂടത്തിന്റെ കൈപ്പിടിയില്‍. വരള്‍ച്ചാ സമയത്തു കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികള്‍ നിരീക്ഷിക്കുന്നതിനു ലോറികളില്‍ ജി.പി.എസ്‌. ഘടിപ്പിക്കുവാന്‍ തീരുമാനമായി.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അംഗീകാരം ലഭിച്ചാലുടന്‍ ലോറികളില്‍ ജി.പി.എസ്‌. സംവിധാനം ഘടിപ്പിക്കാനാണ്‌ അധികൃതരുടെ തീരുമാനം. ഒരു തുള്ളി വെള്ളംപോലും നഷ്‌ടമാകാതിരിക്കാന്‍ കര്‍ശന നിരീക്ഷണമായിരിക്കും ഇക്കുറി നടത്തുക. ആദ്യഘട്ടത്തില്‍ വരള്‍ച്ച രൂക്ഷമായ പഞ്ചായത്തുകളില്‍ 454 കിയോസ്‌ക്കുകള്‍ സ്‌ഥാപിക്കും.
ഈ കിയോസ്‌ക്കുകളില്‍ വെള്ളമെത്തിക്കുന്ന വാഹനങ്ങളെയാണു നിരീക്ഷണത്തിനു വിധേയമാക്കുക. കുടിവെള്ളം ശേഖരിച്ച സ്‌ഥലം മുതല്‍ വാഹനങ്ങള്‍ എത്തിച്ചേരുന്ന സ്‌ഥലങ്ങളെ ഇതിലൂടെ നിരീക്ഷിക്കാന്‍ സാധിക്കും. കുടിവെള്ളവുമായി വാഹനങ്ങള്‍ എങ്ങോട്ടുപോകുന്നു, ഏതൊക്കെ കിയോസ്‌ക്കുകളില്‍ വെള്ളം നിറച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളും അപ്പപ്പോള്‍ അധികൃതര്‍ക്കു തിരിച്ചറിയാനാകും. കലക്‌ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂണിറ്റിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ വിവിധ സ്‌ഥലങ്ങളില്‍ ഇതിനായി യൂണിറ്റുകള്‍ ഉണ്ടാകും. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വേനലില്‍ ഇത്തവണ വീടുകളിലേക്കു കുടിവെള്ള വിതരണം ഉണ്ടാകില്ല. പകരം കിയോസ്‌ക്കുകളില്‍ നിറയ്‌ക്കുക മാത്രമേയുള്ളൂ. 5000 ലിറ്റര്‍ വെള്ളം വീതം കൊള്ളുന്ന 454 കിയോസ്‌ക്കുകളാണു പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. എല്ലാ പഞ്ചായത്തുകളിലും ഒരുപോലെ വരള്‍ച്ച ബാധിച്ചിട്ടില്ലാത്തതിനാല്‍ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളിലാകും ആദ്യം കിയോസ്‌ക്കുകള്‍ സ്‌ഥാപിക്കുക. ഇതിനുള്ള സ്‌ഥലം കണ്ടെത്തുന്നതിനും മറ്റും നടപടികള്‍ക്കുമായി പഞ്ചായത്ത്‌ അധികൃതര്‍ക്കു നിര്‍ദേശം നല്‍കികഴിഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ തലത്തില്‍നിന്നുള്ള നടപടികള്‍ പൂര്‍ത്തിയായാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
കിയോസ്‌ക്കുകളില്‍നിന്നു ജനങ്ങള്‍ക്ക്‌ ആവശ്യത്തിനു വെള്ളം എടുക്കാം. തീരുന്ന മുറയ്‌ക്ക്‌ വെള്ളം എത്തിക്കും. പരിചയ സമ്പന്നരായ സ്‌ഥാപനങ്ങളെ ജി.പി.എസ്‌. ഘടിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കത്തിലാണു ജില്ലാ ഭരണകൂടം.

Ads by Google
Advertisement
Wednesday 01 Feb 2017 01.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW