Wednesday, August 14, 2019 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 02.17 AM

ജലനിരപ്പ്‌ കുറയുന്നു; ദുരിതം തുടരുന്നു

uploads/news/2019/08/329239/a1.jpg

കുട്ടനാട്‌: മഴമാറി നിന്നതുമൂലം കിഴക്കന്‍ വെള്ളത്തിന്റെ വരവ്‌ കുറഞ്ഞതിനാല്‍ കുട്ടനാട്ടില്‍ ജലനിരപ്പില്‍ ഇന്നലെ നേരിയ കുറവ്‌ ഉണ്ടായി. താലൂക്കിലെ 12 വില്ലേജുകളിലായി 463 കഞ്ഞിവീഴ്‌ത്തല്‍ കേന്ദ്രങ്ങളും 10 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്‌. 46 പാടശേഖരങ്ങളില്‍ വെള്ളം കയറി. 18 പാടശേഖരങ്ങളില്‍ മടവീഴ്‌ചയുണ്ടായി. 800 ഹെക്‌ടര്‍ സ്‌ഥലത്തെ കൃഷിയാണു പൂര്‍ണമായി നശിച്ചത്‌. ഇന്നലെ മഴ കുറവായിരുന്നത്‌ ശേഷിക്കുന്ന പാടങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി.
ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍പെട്ട മൂല പൊങ്ങപ്ര പാടം വെള്ളം കയറി നിറഞ്ഞതോടെ എ. സി റോഡ്‌ മങ്കൊമ്പ്‌ ഭാഗം രൂക്ഷമായ വെള്ളക്കെട്ടിലായി. നിലവില്‍ ആലപ്പുഴയില്‍ നിന്നു മങ്കൊമ്പ്‌ ജങ്‌ഷന്‍ വരെ മാത്രമെ ഗതാഗതം സാധ്യമാകുന്നുള്ളു. മങ്കൊമ്പ്‌ മുതല്‍ രാമങ്കരി വരെ ട്രാക്‌ടറുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. എ.സി റോഡില്‍ മങ്കൊമ്പ്‌ ജങ്‌ഷന്‍ മുതല്‍ പള്ളിക്കൂട്ടുമ്മ വരെയും മാമ്പുഴക്കരി ജങ്‌ഷന്‍, കിടങ്ങറ ബസാര്‍ മുതല്‍ കിടങ്ങറ ഒന്നാം പാലം വരെയും പൂവം മുതല്‍ മനക്കച്ചിറവരെയും വെള്ളക്കെട്ടുണ്ട്‌. പുതുതായി രൂപകൊണ്ട ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന്‌ ഇന്ന്‌ മുതല്‍ വീണ്ടും മഴ ആരംഭിക്കുമെന്ന വാര്‍ത്ത കുട്ടനാട്ടുകാരെ കൂടുതല്‍ ഭീതിയിലാക്കിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ ഓര്‍മ്മപ്പെടുത്തുന്ന നിലയിലാണ്‌ കുട്ടനാടിന്റെ ഇപ്പോഴത്തെ സ്‌ഥിതി.
നിലയ്‌ക്കാതെ പെയ്‌ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കുമാണ്‌ മേഖലയെ വെള്ളത്തിനടിയിലാക്കിയത്‌. കൈനകരിയിലെ ദുരിതക്കാഴ്‌ച വിവരണാതീതമാണ്‌. പാടശേഖരങ്ങളിലെ പുറംബണ്ട്‌ തകര്‍ന്ന്‌ വെള്ളം ഇരച്ച്‌ കയറി ഏക്കര്‍ കണക്കിന്‌ രണ്ടാം കൃഷി നശിച്ചു.
നൂറ്‌ കണക്കിന്‌ വീടുകളില്‍ വെള്ളം കയറി. വീടിന്‌ വെളിയിലേയ്‌ക്ക്‌ ഇറങ്ങാനാവാത്ത സ്‌ഥിതിയില്‍ പലരും ഇപ്പോഴും കഴിയുന്നുണ്ട്‌. മഴ തുടരുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

കൃഷിവകുപ്പിന്‌ ഒരു കോടി

ആലപ്പുഴ: കുട്ടനാട്ടിലെ ജലനിരപ്പ്‌ താഴ്‌ത്താന്‍ ഉള്‍പ്പടെയുള്ള അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്‌ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ കൃഷി വകുപ്പിനു കൈമാറി. ജില്ലാ കലക്‌ടര്‍ വഴിയാണ്‌ തുക കൈമാറിയത്‌. മടവീണ്‌ ജലനിരപ്പ്‌ ഉയര്‍ന്ന്‌ പ്രദേശങ്ങളില്‍ അടിയന്തിരമായി പമ്പിങ്‌ നടത്തി ജലനിരപ്പ്‌ താഴ്‌ന്നാല്‍ മാത്രമേ ക്യാമ്പിലുള്ളവരെ വീടുകളിലേക്ക്‌ തിരിച്ചയയ്‌ക്കാന്‍ സാധിക്കൂ എന്നതിനാലാണു നടപടി. കൃഷി വകുപ്പ്‌ 16 പമ്പുകള്‍ മഴ തുടങ്ങുന്നതിനുമുന്‍പ്‌ തന്നെ പമ്പിങ്‌ നടത്താന്‍ വേണ്ടി പാടശേഖര സമിതികള്‍ക്കു നല്‍കിയിരുന്നു. അധികമായി കഴിഞ്ഞദിവസം പന്ത്രണ്ടു പമ്പുകള്‍കൂടി ജില്ലാ കലക്‌ടര്‍ നല്‍കി. ഇതിന്‌ പുറമേ നെടുമുടി, ചമ്പക്കുളം ഭാഗങ്ങളിലെ പാടശേരങ്ങളിലെ കൃഷി സംരക്ഷണ പ്രവര്‍ത്തനങ്ങളും മട കുത്തലും കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്‌.

Ads by Google
Advertisement
Wednesday 14 Aug 2019 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW