Sunday, July 21, 2019 Last Updated 21 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 02.00 AM

കാട്ടാനശല്യത്തില്‍ വലഞ്ഞ്‌ മൂഴിമല; പ്രതിഷേധം ശക്‌തം

uploads/news/2019/07/323631/w3.jpg

പുല്‍പ്പള്ളി: മൂഴിമലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വന്‍തോതില്‍ കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞ ഒരുമാസമായി ഈ പ്രദേശങ്ങളില്‍ കാട്ടാനകള്‍ സ്‌ഥിരമായി കൃഷിയിടങ്ങളില്‍ എത്താറുണ്ടായിരുന്നെങ്കിലും,ഈ അടുത്ത ദിവസങ്ങളിലായി കൂട്ടത്തോടെയാണ്‌ ആനകള്‍ കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്‌.
വ്യാഴാഴ്‌ച രാത്രിയില്‍ കുരിശുകവലയിലെ കൃഷിയിടങ്ങളിലെത്തിയ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ അകപ്പെട്ട കോതാട്ടുകാലായില്‍ ബേബി രക്ഷപ്പെട്ടത്‌ തലനാരിഴക്കാണ്‌. പുലര്‍ച്ചെ രണ്ടുമണിയോടെ വീടിനു പുറത്തുനിന്നും ശബ്‌ദംകേട്ട്‌ പുറത്തിറങ്ങിയ ബേബി മുറ്റത്തു തമ്പടിച്ചു നിന്നിരുന്ന കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. എന്നാല്‍ തല്‍ക്ഷണം വീടിനുള്ളിലേക്ക്‌ കയറിയതിനാല്‍ ഇയാള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ബേബിയുടെ കൃഷിയിടത്തില്‍ വലിയ നാശനഷ്‌ടങ്ങളാണ്‌ കാട്ടാനക്കൂട്ടം വരുത്തിയത്‌. ഇയാളുടെ കക്കൂസിന്റെ ടാങ്കും കാട്ടാനകള്‍ തകര്‍ത്തു.
പ്രദേശത്തെ നിരവധി കര്‍ഷകരുടെ കൃഷികളും കാട്ടാനകള്‍ നശിപ്പിച്ചു. ചങ്ങമ്മൂലയില്‍ ജോണി, ഒറ്റക്കുന്നേല്‍ ജോയി, കോതാട്ടുകാലായില്‍ ഗ്രേസി, കുടിലില്‍ ഭാസ്‌കരന്‍ തുടങ്ങിയ നിരവധി കരഷകരുടെ വാഴ, തെങ്ങ്‌, കമുക്‌ തുടങ്ങിയ വിളകള്‍ കാട്ടാനകള്‍ തിന്നും, ചവിട്ടിയും നശിപ്പിച്ചു. സന്ധ്യയാവുന്നതോടെ നെയ്‌ക്കുപ്പ വനത്തില്‍ നിന്നും പുറത്തിറങ്ങുന്ന ആനകള്‍ നിര്‍ബാധം കൃഷിയിടങ്ങളിലൂടെ വിഹരിക്കുകയാണ്‌. വനാതിര്‍ത്തിയിലെ പ്രതിരോധ കിടങ്ങുകളും വൈദ്യുത കമ്പിവേലിയും അറ്റകുറ്റപ്പണികള്‍ നടത്താത്തതു കാരണം നശിച്ചതിനാല്‍ വന്യമൃഗങ്ങള്‍ക്ക്‌ നിര്‍ബാധം കൃഷിയിടങ്ങളില്‍ ഇറങ്ങുവാന്‍ കഴിയുന്നു.
കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളായി വന്യമൃഗങ്ങള്‍ കൃഷിനശിപ്പിച്ചാല്‍ നഷ്‌ടപരിഹാരം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ നാശനഷ്‌ടങ്ങളെക്കുറിച്ച്‌ വനംവകുപ്പിന്‌ പരാതിയും നല്‍കുന്നില്ല.
വനനിയമങ്ങള്‍ കര്‍ശനമായതിനാലും ഭയംമൂലവും കര്‍ഷകര്‍ക്ക്‌ മറ്റു മാര്‍ഗങ്ങളിലൂടെ വന്യമൃഗങ്ങളെ കൃഷിയിടത്തില്‍ നിന്നും അകറ്റുവാനും കഴിയുന്നില്ല. കര്‍ഷകരോട്‌ വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ ആയുധങ്ങളെടുത്ത്‌ പോരാടുവാന്‍ ആഹ്വാനം ചെയ്‌ത് ചില വിപ്ലവപ്രസ്‌ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലകളില്‍ പ്രചാരണം നടത്തിയിരുന്നു.
സര്‍ക്കാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രശ്‌നം ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുളള ഏറ്റുമുട്ടലിലേക്ക്‌ നീങ്ങുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Ads by Google
Advertisement
Sunday 21 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW