Friday, July 19, 2019 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.35 AM

സമഗ്രകുടിവെള്ള പദ്ധതി പാതിവഴിയില്‍

എടത്വാ: കുട്ടനാട്ടിലെ പതിമൂന്ന്‌ പഞ്ചായത്തിലും കുടിവെള്ളം എത്തിക്കാനുള്ള സമഗ്ര കുടിവെള്ള പദ്ധതി പാതിവഴിയില്‍. നീരേറ്റുപുറം ജലശുദ്ധീകരണ ശാലയില്‍ നിന്ന്‌ 14 എം.എല്‍.ഡി വെള്ളവും തിരുവല്ല കറ്റോട്ട്‌ നിന്ന്‌ ആറ്‌ എം.എല്‍.ഡി വെള്ളവും ശേഖരിച്ച്‌ കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തിലും എത്തിക്കാനായിന്നു പദ്ധതി ആസൂത്രണം ചെയ്‌തത്‌.
13-ാം ധനകാര്യ കമ്മീഷന്‍ കുട്ടനാട്ടില കുടിവെള്ള പദ്ധതിക്കായി 214 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി നടത്തിപ്പിന്‌ 70 കോടി രൂപാ മാത്രമാണ്‌ ചിലവഴിച്ചത്‌. ആദ്യഗഡുവായി ആറ്‌ പഞ്ചായത്തില്‍ ഒതുങ്ങുന്ന പദ്ധതിയുടെ ഗുണഫലം മറ്റ്‌ പഞ്ചായത്തുകളിലും ലഭ്യമാകണമെങ്കില്‍ നീണ്ട കാത്തിരിപ്പ്‌ വേണ്ടിവരും. നീരേറ്റുപുറത്ത്‌ നിന്ന്‌ വിതരണം ചെയ്യുന്ന വെള്ളം അതാത്‌ പഞ്ചായത്തുകളിലെ ഓവര്‍ഹെഡ്‌ ടാങ്കില്‍ ശേഖരിച്ച്‌ വിതരണം ചെയ്യുമെന്നായിരുന്നു കരാര്‍.
സമഗ്ര കുടിവെള്ള വിതരണത്തില്‍ നിന്ന്‌ തകഴി പഞ്ചായത്തിനെ ഒഴിവാക്കിയിരുന്നു. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ശുദ്ധജലം തകഴി പഞ്ചായത്തില്‍ വിതരണം ചെയ്യുമെന്ന്‌ നിശ്‌ചയിച്ചെങ്കിലും പിന്നീട്‌ വ്യവസ്‌ഥ മാറിയിരുന്നു. ഇതോടെ കുട്ടനാട്‌ കുടിവെള്ള പദ്ധതിയില്‍ തകഴി പഞ്ചായത്തിനെ വീണ്ടും പരിഗണിച്ചു.ജില്ലയിലെ പ്രധാന രണ്ട്‌ കുടിവെള്ള പ്ലാന്റുകള്‍ തകഴിയിലും തലവടിയിലും സ്‌ഥാപിച്ചെങ്കിലും അതാത്‌ പഞ്ചായത്തിലെ ഗുണഭോക്‌താക്കള്‍ക്ക്‌ കുടിവെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്‌ഥയാണ്‌.
തകഴി പഞ്ചായത്തിലെ ഏതാനും സ്‌ഥലങ്ങളില്‍ കുഴല്‍കിണര്‍ സ്‌ഥാപിച്ച്‌ വെള്ളം വിതരണം ചെയ്യുമ്പോള്‍ തലവടി പഞ്ചായത്തില്‍ അതിനുപോലുമുള്ള നടപടി സ്വീകരിച്ചിട്ടില്ല. തകഴി പഞ്ചായത്തിലെ പ്രധാന പൈപ്പ്‌ ലൈന്‍ ചോര്‍ച്ചയും അതിനെ തുടര്‍ന്നുള്ള അറ്റകുറ്റ പണിയും കഴിഞ്ഞതോടെ കുഴല്‍കിണര്‍ വെള്ളം പോലും നിലച്ചമട്ടിലാണ്‌.
ആറ്‌ പഞ്ചായത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടിയുമായി പ്രോജക്‌ട്‌ ഓഫീസ്‌ മുന്നോട്ടുപോകുമ്പോള്‍ കുട്ടനാട്ടിലെ ശേഷിക്കുന്ന ഏഴ്‌ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. ഓവര്‍ഹെഡ്‌ ടാങ്കുകളില്‍ വെള്ളം എത്തിച്ച്‌ വിതരണം ചെയ്യാമെന്നാണ്‌ അതോറിറ്റിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ കാലഹരണപ്പെട്ട പൈപ്പുകള്‍ ഉപേക്ഷിച്ച്‌ സമാന്തര ലൈന്‍ വലിക്കാനുള്ള നടപടിയും നടക്കുന്നില്ല.
ഗ്രാമീണമേഖലയിലെ പൈപ്പ്‌ ലൈന്‍ മാറ്റിയാല്‍ മാത്രമേ കുട്ടനാട്ടിലെ കുടിവെള്ള ലഭ്യതയ്‌ക്ക്‌ ശാശ്വത പരിഹാരം കാണാന്‍ കഴിയൂ. ജലഅതോറിറ്റിയുടെ മെല്ലപ്പോക്ക്‌ നയം ഉപേക്ഷിച്ച്‌ പദ്ധതിക്കായി അനുവദിച്ച പണം വിനിയോഗിച്ച്‌ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരം കാണണമെന്ന്‌ കുട്ടനാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Friday 19 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW