Wednesday, July 17, 2019 Last Updated 36 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.07 AM

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിനു പരുക്ക്‌;നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു

uploads/news/2019/07/322473/w1.jpg

പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന്‌ പരുക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു. വേലിയമ്പത്താണ്‌ സംഭവം. ചൊവ്വാഴ്‌ച രാവിലെ ആറുമണിയോടെ വേലിയമ്പം വെള്ളപ്പള്ളി ജിനു(38)വിനെയാണ്‌ കാട്ടാന ആക്രമിച്ചത്‌. ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങിയ ജിനു അത്ഭുതകരമായാണ്‌ രക്ഷപെട്ടത്‌. തോട്ടത്തില്‍ ആനയെ കണ്ട്‌ നായ കുരച്ചു. ഇതുകണ്ട്‌ ആനയെ തുരത്താനായി ജിനു പുറത്തിറങ്ങി. കുറച്ചുദൂരം മുന്നോട്ടുനീങ്ങിയ ആന പിന്നീട്‌ ജിനുവിനെ നേരേ പാഞ്ഞടുക്കുകയായിരുന്നു.
ജിനുവിനെ ആന ആക്രമിക്കുന്നത്‌ കണ്ട്‌ മാതാവ്‌ റോസമ്മ നിലവിളിച്ചു. ഉടന്‍ മറ്റുള്ളവരും ഓടിയെത്തി. രക്ഷപെടാനുള്ള വെപ്രാളത്തില്‍ വയലിലേക്ക്‌ വീണ ജിനു ആനയുടെ ചവിട്ടേല്‍ക്കാതെ രക്ഷപ്പടുകയായിരുന്നു. വീടിനോട്‌ ചേര്‍ന്നാണ്‌ വയലുള്ളത്‌. തുടര്‍ന്ന്‌ ജനങ്ങള്‍ വേലിയമ്പത്ത്‌ റോഡ്‌ ഉപരോധിക്കുകയായിരുന്നു. രാവിലെ 9 മണിക്കാരംഭിച്ച ഉപരോധ സമരം 11 മണിയോടെ അവസാനിച്ചു. ചെതലയം റെയ്‌ഞ്ച് ഓഫീസര്‍ വി.രതീശന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ്‌ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. ബുധനാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ പ്രദേശവാസികളുടെ സാന്നിദ്ധ്യത്തില്‍ വനം ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ ഉടന്‍ കൈക്കൊള്ളുമെന്ന അറിയിപ്പിനെതുടര്‍ന്ന്‌ സമരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത്‌ കാട്ടാനശല്യം രൂക്ഷമാണ്‌. കാര്‍ഷിക വിളകള്‍ ആനയിറങ്ങി നശിപ്പിക്കുകയാണ്‌. വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഇതിനെതിരെ യാതൊരു നടപടികളുമില്ലാത്തതാണ്‌ ജനങ്ങളെ പ്രകോപിതരാക്കിയത്‌. നഷ്‌ട പരിഹാരം നല്‍കാതെയും ജനങ്ങളുടെ പേരില്‍ കള്ളക്കേസുകള്‍ എടുത്തും വനംവകുപ്പ്‌ ഉദ്ദ്യോഗസ്‌ഥര്‍ ദ്രോഹിക്കുകയാണെന്ന്‌ ജനങ്ങള്‍ ആരോപിച്ചു. കോളറാട്ടുകുന്ന്‌ മുതല്‍ ആലൂര്‍കുന്ന്‌ വരെയുള്ള വനഭാഗത്ത്‌ ആവശ്യമായ പ്രതിരോധ സംവിധാനം ഒരുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. കാട്ടാനയുടെ ആക്രമത്തില്‍ പരിക്കേറ്റവര്‍ക്കും കൃഷി നശിച്ചവര്‍ക്കും ഉടന്‍ സഹായം നല്‍കുക. പ്രദേശത്ത്‌ വാച്ചര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ജനകീയ മോണിറ്ററിംഗ്‌ സംവിധാനം പ്രാബല്യത്തിലാക്കുക, നെയ്‌ക്കുപ്പയിലെ വനം ഉദ്ദ്യോഗസ്‌ഥരുടെ ധിക്കാരപരമായ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ജനങ്ങള്‍ ഉന്നയിച്ചു. സമരം ചെയ്യുന്നവര്‍ക്കെതരെ കള്ളക്കേസുകള്‍ എടുക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
പുല്‍പ്പള്ളി പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തിയിരുന്നു. ഷാജി വാഴയില്‍, സാബു കുന്നപ്പള്ളി, സജി വിരിപ്പാമറ്റം, ബിനോയ്‌സണ്‍ നാമറ്റത്തില്‍, സി.പി.ജോയി, കെ.എ.ബേബി, കെ.എം. ബാബു, ജോമറ്റ്‌ കോതവാഴിക്കല്‍, വി.എം.ജയചന്ദ്രന്‍, ജോര്‍ജ്‌ കൊല്ലിയില്‍, സിജു പൗലോസ്‌ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന്‌ വൈകുന്നേരം വേലിയമ്പം സ്‌കൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രദേശവാസികള്‍ എത്തണമെന്ന്‌ ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 17 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW