Monday, July 15, 2019 Last Updated 27 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.56 AM

അപകടം പതിയിരിക്കുന്ന മരണപാതകള്‍

uploads/news/2019/07/321844/3.jpg

തൊടുപുഴ: നഗരത്തിലും സമീപപ്രദേശങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ശനിയാഴ്‌ച പട്ടയംകവലയില്‍ നിയന്ത്രണം വിട്ടു വന്ന കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച്‌ കൊച്ചുകുട്ടിയടക്കം ആറു പേര്‍ക്കു പരുക്കേറ്റതാണ്‌ ഒടുവിലത്തെ സംഭവം. അമിത വേഗത, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അലക്ഷ്യമായ ഡ്രൈവിങ്‌ ഇങ്ങനെ പലവിധ കാരണങ്ങളാണ്‌ അപകടങ്ങള്‍ക്ക്‌ പിന്നില്‍. റോഡുകളിലെ അപകടക്കുഴികളും അപായവളവുകളും പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്‌.
അപകടങ്ങള്‍ പതിവാകുന്ന മേഖലകളില്‍ പോലും അറ്റകുറ്റപ്പണി നടത്തി അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ പൊതുമരാമത്ത്‌ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലന്ന ആക്ഷേപം ശക്‌തമാണ്‌. തൊടുപുഴ മേഖലയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെ സഹകരണത്തോടെ മോട്ടോര്‍ വാഹനവകുപ്പും പോലീസും വഴിക്കണ്ണ്‌ പദ്ധതിയുടെ ഭാഗമായി വാഹന പരിശോധന നടത്തി ബോധവല്‍കരണം നടത്തിയതോടെ ചില റൂട്ടുകളില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞിരുന്നു. ഇരുചക്ര വാഹനാപകടങ്ങള്‍ പതിവായിരുന്ന തൊടുപുഴ- മുട്ടം റൂട്ടില്‍ ഇത്തരം പ്രവര്‍ത്തനം മൂലം അപകടങ്ങളുടെ വ്യാപ്‌തി കുറയ്‌ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ വീണ്ടും അപകടങ്ങള്‍ വര്‍ധിച്ചതോടെ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ്‌ അധികൃതര്‍.
കഴിഞ്ഞ ഒരാഴ്‌ചക്കുള്ളില്‍ രണ്ട്‌ യുവാക്കളാണ്‌ തൊടുപുഴയ്‌ക്ക്‌ സമീപ മേഖലകളില്‍ അപകടത്തില്‍ മരിച്ചത്‌. കഴിഞ്ഞ ദിവസം തൊടുപുഴ ഉടുമ്പന്നൂര്‍ റൂട്ടില്‍ കരിമണ്ണൂരിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ്‌ മരണപ്പെട്ടിരുന്നു. ചെപ്പുകുളം ഏര്‍ത്തടത്തില്‍ ലജീഷാ (25) ആണ്‌ മരിച്ചത്‌. രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഹെല്‍മറ്റ്‌ ധരിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ അമിത വേഗത്തിലായിരുന്നതിനാലാണ്‌ സാരമായ പരുക്കേറ്റത്‌. ഇതിന്‌ ഒരു ദിവസം മുന്‍പാണ്‌ തൊടുപുഴ വൈക്കം റൂട്ടിലോടുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്‌ ബൈക്കിലിടിച്ച്‌ പാലക്കുഴ കയ്യാനിയ്‌ക്കല്‍ കാവുംഭാഗം അനില്‍ പ്രസാദ്‌ (21) മരിച്ചത്‌.
തൊടുപുഴ കൂത്താട്ടുകുളം റൂട്ടില്‍ വാഴപ്പിള്ളിക്ക്‌ സമീപമായിരുന്നു അപകടം. റോഡില്‍ രൂപപ്പെട്ട വന്‍ കുഴി ഒഴിവാക്കാനായി ബസ്‌ ദിശമാറിയതാണ്‌ അപകടത്തിനിടയാക്കിയത്‌. ഇവിടെ റോഡ്‌ നിര്‍മാണത്തിലെ അപാകത മൂലമാണ്‌ വലിയ ഗര്‍ത്തം രൂപപ്പെട്ടത്‌. കഴിഞ്ഞ ദിവസം ഇളംദേശം സ്വദേശിനിയായ വീട്ടമ്മ മരിച്ചത്‌ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നിവര്‍ത്തിയ കുടയില്‍ കാറ്റടിച്ചതിനെ തുടര്‍ന്ന്‌ റോഡില്‍ മറിഞ്ഞു വീണായിരുന്നു.
പട്ടയംകവലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ കരിമണ്ണൂര്‍ ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന്‌ ബൈക്ക്‌ യാത്രികരായ പശ്‌ചിമ ബംഗാള്‍ സ്വദേശി അസിം ബോക്‌സ്‌ (28) ഭാര്യ ജയനബ(22) മകന്‍ ആരിഫുദീന്‍ സാരംഗ്‌(4) എന്നിവര്‍ റോഡില്‍ തെറിച്ചുവീണു. തുടര്‍ന്ന്‌ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ ഇടിച്ച്‌ തെറിപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങിയ കാര്‍ എതിരേ വന്ന കാറിലിടിച്ച്‌ റോഡില്‍ വട്ടം മറിഞ്ഞിരുന്നു.

Ads by Google
Advertisement
Monday 15 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW