Friday, July 12, 2019 Last Updated 27 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.41 AM

പേരിലെ പെരുമ അടുക്കളയിലില്ല

uploads/news/2019/07/321282/t3.jpg

തുരുവനന്തപുരം: നഗരത്തില്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും ആഡംബര സൗകര്യവുമുള്ള ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളില്‍ കണ്ടത്‌ മനം മടുപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ കാഴ്‌ചകള്‍. ഉപയോഗശൂന്യവും പഴക്കമേറിയതുമായ പൊറോട്ടക്കും കോഴിഇറച്ചിക്കും ബീഫിനും മീനിനുമൊപ്പം ചോറും കറികളും പുഴുങ്ങിയ മുട്ടയും അടക്കം പക്ഷി മൃഗാദികള്‍ക്ക്‌ പോലും നല്‌കാന്‍ അറക്കുന്ന ഭക്ഷണ കൂമ്പാരം വില്‌പനക്കായി സൂക്ഷിച്ചിരിക്കുന്നത്‌ കണ്ട പരിശോധകര്‍ അന്തംവിട്ടു.
പേരും പ്രശസ്‌തിയും ഉള്ളതും വന്‍ തോതില്‍ കച്ചവടം നടക്കുന്നതുമായ ചില സ്‌ഥാപനങ്ങളിലടക്കം അകത്തളങ്ങളിലെ അറപ്പുളവാക്കുന്ന വൃത്തിഹീനത നേരില്‍ കണ്ട്‌ ഉദ്യോഗസ്‌ഥര്‍ അമ്പരന്നു.
ശുചിത്വ നഗരവും ആരോഗ്യ കേരളവും കെട്ടിപ്പടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കൊണ്ടു പിടിച്ച്‌ ശ്രമം നടക്കുമ്പോഴാണ്‌ ഭരണ സിരാകേന്ദ്രത്തിന്‌ മൂക്കിന്‌ താഴെ വന്‍കിടയെന്നോ ചെറുകിടയെന്നോ വ്യത്യാസമില്ലാതെ ഹോട്ടലുകളില്‍ വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായ അന്തരീക്ഷത്തില്‍ ഉപയോഗശൂന്യവും പഴകിയതുമായ ഭക്ഷണ കച്ചവടം പൊടിപൊടിക്കുന്നത്‌. വൃത്തിയുള്ള അന്തരീക്ഷത്തില്‍ മായം കലരാത്ത ശുദ്ധമായ ഭക്ഷണം ജനങ്ങള്‍ക്ക്‌ ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍ അടുത്തമാസം നഗരസഭ നടപ്പിലാക്കുന്ന സുഭോജനം പദ്ധതിയുടെ മുന്നോടിയായാണ്‌ നഗരസഭ ആരോഗ്യവിഭാഗം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ്‌ കമലേശ്വരം, മണക്കാട്‌, കിഴക്കേകോട്ട, സ്‌റ്റാച്യു, പാളയം, തമ്പാനൂര്‍, കരമന എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്‌. 59 സ്‌ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 46 ഹോട്ടലുകളുടെ അകത്തളങ്ങള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കണ്ടെത്തി.
ഇതില്‍ 28 ഹോട്ടലുകളില്‍ നിന്ന്‌ വില്‌പനക്കായി വെച്ചിരുന്ന പഴകിയതും ഉപയോഗ യോഗ്യമല്ലാത്തുമായ ഭക്ഷണം പിടികൂടിയത്‌ ആശങ്ക ഉയര്‍ത്തുന്നതാണ്‌.
ഭൂരിപക്ഷം സ്‌ഥാപനങ്ങളിലും ജീവനക്കാര്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ ഉണ്ടായിരുന്നില്ല. പാചകം ചെയ്‌ത ആഹാരാസാധനങ്ങള്‍ ഈച്ചയും പ്രാണികളും അരിച്ച്‌ മലിനപ്പെടുത്തുന്ന അവസ്‌ഥ, വൃത്തിഹീനമായ പാത്രങ്ങളില്‍ല്‍ ആഹാരം പാകം ചെയ്യല്‍ ,സ്‌ഥാപനത്തിന്റെയും പരിസരത്തിന്റെയും വൃത്തിയില്ലായ്‌മ , ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്നതിന്‌ പ്രത്യേകം സ്‌റ്റോര്‍ റൂം ഇല്ലാതിരിക്കല്‍ ,അഴുക്കുവെള്ളവും ആഹാരവശിഷ്‌ടങ്ങളും കെട്ടികിടന്ന്‌ ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യം തുടങ്ങി ഹോട്ടലുകളില്‍ അടിസ്‌ഥാനപരമായി ഉണ്ടായിരിക്കേണ്ട സൌകര്യങ്ങളൊന്നും ഇല്ലെന്നുമാത്രമല്ല ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായോക്കാവുന്ന സാഹചര്യവും പരിശോധനയില്‍ കണ്ടെത്തി.
ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍മാരായ അജിത്ത്‌ കുമാര്‍, പ്രകാശ്‌, ഇന്‍സ്‌പെക്‌ടര്‍മാരായ മോഹന ചന്ദ്രന്‍, അനൂപ്‌റോയ്‌, അനില്‍കുമാര്‍ ,എന്‍ വി, സുജിത്ത്‌, സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറു സ്‌ക്വാഡുകളാണ്‌ പരിശോധന നടത്തിയത്‌.
അപാകത കണ്ടെത്തിയ സ്‌ഥാപനങ്ങള്‍ക്ക്‌ 7 ദിവസത്തിനകം അപാകതകള്‍ പരിഹരിച്ച്‌ വിവരം നല്‌കാന്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഓഗസ്‌റ്റ് മാസം മുതല്‍ നടപ്പാക്കുന്ന സുഭോജനം പദ്ധതിയിലൂടെ നഗരപരിധിയിലെ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, കാറ്ററിംഗ്‌ യൂണിറ്റുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ സ്‌ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക്‌ പരിശീലനം നല്‍കി ഐഡന്റിറ്റി കാര്‍ഡ്‌ അനുവദിക്കും. ഇതിന്‌ മുന്നോടിയായി മെഡിക്കല്‍ പരിശോധനയും നടത്തും.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ തട്ടുകടകള്‍ വരെയുള്ള എല്ലാ സ്‌ഥാപനങ്ങളിലും പരിശോധന തുടരുമെന്നും പൊതുജനങ്ങള്‍ക്ക്‌ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വരും ദിവസങ്ങളിലും നഗരസഭ സ്വീകരിക്കുമെന്നും മേയര്‍ അഡ്വ. വി കെ പ്രശാന്ത്‌ അറിയിച്ചു.

Ads by Google
Advertisement
Friday 12 Jul 2019 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW