Thursday, July 04, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.27 AM

അപകടം ഒഴിയാതെ എം.സി. റോഡ്‌

കുറവിലങ്ങാട്‌: എം.സി. റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുളളില്‍ ആറ്‌ അപകടങ്ങളും രണ്ട്‌ മരണവും സംഭവിച്ചു. റോഡിലെ കാഴ്‌ച മറച്ചുളള പരസ്യ ബോര്‍ഡുകളും അമിത വേഗതയും അശ്രദ്ധയും പ്രധാന കാരണങ്ങളാണ്‌. റോഡ്‌ നവീകരണം പൂര്‍ത്തിയായെങ്കിലും ആവശ്യത്തിന്‌ സിഗ്നലുകള്‍ സ്‌ഥാപിച്ചിട്ടില്ല.
എം.സി റോഡില്‍ പട്ടിത്താനം മുതല്‍ പുതുവേലി വൈക്കം റോഡ്‌ ജങ്‌ഷന്‍ വരെ അപകടങ്ങള്‍ പതിയിരിക്കുന്ന വളവുകളും കയറ്റിറക്കങ്ങളുമാണ്‌. കുറവിലങ്ങാട്‌, രാമപുരം പോലീസ്‌ സ്‌റ്റേഷനുകളിലായി കഴിഞ്ഞ ഒരു മാസത്തിനുളളില്‍ അറുപത്തിനാല്‌ അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഗുരുതരമായി പരുക്കേറ്റ്‌ ദുരിതത്തില്‍ കഴിയുന്നവര്‍ നിരവധിയാണ്‌. നാലുചക്ര വാഹനങ്ങളും സ്വകാര്യ ബസുകളും ടിപ്പര്‍ ലോറികളുമെല്ലാം ജനങ്ങളുടെ ജീവന്‍ പന്താടിയുള്ള പാച്ചിലാണ്‌ നടത്തുന്നത്‌.
തിരക്കേറിയ കവലകളില്‍ വാഹന യാത്രക്കാരെയും കാല്‍നടക്കാരെയും വകവയ്‌ക്കാതെ മിന്നല്‍ വേഗത്തില്‍ പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക്‌ കഴിയുന്നില്ല. തിരക്കേറിയ റോഡുകളിലും മറ്റും മുന്നില്‍ പോകുന്ന വാഹനങ്ങളെയും എതിരെ വരുന്ന വാഹനങ്ങളെയും വകവയ്‌ക്കാതെ അമിത വേഗത്തില്‍ മറികടന്നു പോകുന്നത്‌ അപകടങ്ങള്‍ക്ക്‌ കാരണമാകുകയാണ്‌.
പലരും റോഡ്‌ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ്‌ അമിത വേഗത്തില്‍ പായുന്നത്‌. മഴക്കാലം ആരംഭിച്ചതോടെ ബ്രേക്ക്‌ ചെയ്‌താല്‍ വാഹനം തെന്നിമാറുന്നതും റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടത്തോത്‌ വര്‍ധിപ്പിക്കുകയാണ്‌.
വാഹനങ്ങളുടെ ഇടതുവശത്തുകൂടി മറികടക്കല്‍, വാഹനങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറ്റം, അമിത വേഗം തുടങ്ങിയ നിയമ ലംഘനങ്ങളും ബസുകളുടെയും ടിപ്പറുകളുടെയും മരണപ്പാച്ചിലും മത്സരയോട്ടവുമെല്ലാം അപകടം വര്‍ധിപ്പിക്കുകയാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
മദ്യപിച്ചുള്ള ഡ്രൈവിങ്‌, രാത്രിയില്‍ ഹെഡ്‌ലൈറ്റ്‌ ഡിം ചെയ്യാത്തത്‌, വാഹനമോടിക്കുന്നതിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയും അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങളും മറ്റു ചെറുവാഹനങ്ങളും ഓടിക്കുന്നവര്‍ സിഗ്നല്‍ നിയന്ത്രിത കവലകളില്‍ പോലും ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണ്‌ പോകുന്നത്‌.
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും പിന്നില്‍ നിന്നു വരുന്ന വാഹനങ്ങളെ വകവയ്‌ക്കാതെയും സിഗ്‌നല്‍ കാട്ടാതെയും റോഡില്‍ വട്ടം തിരിക്കുന്നതും അപകടത്തിന്‌ കാരണമാകുന്നു. ചെറുവാഹനങ്ങളെ ശ്രദ്ധിക്കാതെ ബസുകള്‍ നിരത്തിലൂടെ അമിത വേഗത്തില്‍ പായുമ്പോള്‍ ചെറുവാഹന യാത്രക്കാര്‍ പലപ്പോഴും തലനാരിഴയ്‌ക്കാണ്‌ അപകടത്തില്‍ നിന്നു രക്ഷപ്പെടുന്നത്‌.

Ads by Google
Advertisement
Thursday 04 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW