Thursday, June 27, 2019 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.15 AM

ചര്‍ച്ച കഴിഞ്ഞപ്പോള്‍ പ്രമേയം നിയമവിരുദ്ധമെന്ന്‌ ചെയര്‍പേഴ്‌സണ്‍

പന്തളം: അവതരണത്തിന്‌ അനുമതി ലഭിച്ച്‌ രണ്ടു മണിക്കൂര്‍ ചര്‍ച്ചയും കഴിഞ്ഞപ്പോള്‍ പ്രമേയം നിയമവിരുദ്ധമാണെന്ന്‌ നഗരസഭാ ചെയര്‍പേഴ്‌സണ്‍.
ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. കിളികൊല്ലൂര്‍-മുട്ടാര്‍ വാളകത്തിനാല്‍ നീര്‍ച്ചാല്‍ ശുചീകരണം സംബന്ധിച്ച്‌ യു.ഡി.എഫ.്‌ കൊണ്ടു വന്ന പ്രമേയമാണ്‌ ചര്‍ച്ച കഴിഞ്ഞപ്പോള്‍ അസാധുവാണെന്ന്‌ പ്രഖ്യാപനം വന്നത്‌.
കൗണ്‍സിലിന്റെ തീരുമാനം ഇല്ലാതെയാണു മാര്‍ക്കറ്റു മുതല്‍ മുട്ടാര്‍ വരെ ശുചീകരണം നടത്തിയെന്നു വരുത്തി 7,46,468 രൂപയുടെ ഭാഗിക ബില്‍ പാസാക്കിയിരിക്കുന്നത്‌.
ഇതിനെതിരേയാണ്‌ പ്രതിപക്ഷമായ യു.ഡി.എഫ്‌. കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവന്നത്‌. ചെയര്‍പേഴ്‌സണ്‍ അവതരണാനുമതി നല്‍കി. രണ്ടു മണിക്കൂര്‍ ചര്‍ച്ചയും നടന്നു.
ഒടുക്കം വോട്ടിനിടാന്‍ നിര്‍ദേശം വന്നപ്പോഴാണ്‌ പ്രമേയം അവതരിപ്പിച്ചതു നിയമാനുസൃതമല്ലെന്ന വെളിപാടുണ്ടായത്‌. പ്രമേയം അവതരിപ്പിക്കാന്‍ ഏഴു ദിവസം മുമ്പേ നോട്ടീസ്‌ നല്‍കണം.പ്രമേയത്തിന്‌ അനുമതി നല്‍കേണ്ടത്‌ ചെയര്‍പേഴ്‌സണിന്റെ വിവേചന അധികാരമാണെന്നിരിക്കേ അവതരണാനുമതി നല്‍കി രണ്ടു മണിക്കൂര്‍ ചര്‍ച്ചയും നടത്തി വിജിലന്‍സ്‌ അന്വേഷണം വേണമെന്നതില്‍ വോട്ടെടുപ്പ്‌ നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രമേയം നിയമപ്രകാരമല്ലെന്നു പറഞ്ഞു കൗണ്‍സില്‍ പിരിച്ചുവിട്ടു ചെയര്‍പേഴ്‌സണ്‍ ഒളിച്ചോടുകയായിരുന്നുവെന്നു യു.ഡി.എഫ.്‌ ആരോപിച്ചു.
കൗണ്‍സില്‍ അവസാനിച്ചപ്പോള്‍ തന്നെ യു.ഡി.എഫ.്‌ അംഗങ്ങള്‍ പുതിയ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസു നല്‍കി. ഈ വിഷയം കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കത്തും നല്‍കിയിട്ടുണ്ട്‌.
പ്രമേയവും നോട്ടീസും കത്തും നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താനോ പ്രമേയം ചര്‍ച്ച ചെയ്യാനോ നടപടി സ്വീകരിക്കാത്തത്‌ അവകാശ ലംഘനമാണ്‌. ചെയര്‍പേഴസണിന്റെ കൗണ്‍സിലര്‍മാരുടെ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും അഴിമതിയേപ്പറ്റി അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്‌. പാര്‍ലമെന്ററി പാര്‍ട്ടി ആവശ്യപ്പെട്ടു.
ലീഡര്‍ എന്‍.ജി. സുരേന്ദ്രന്‍, സെക്രട്ടറി വിജയകുമാര്‍, ശിവകുമാര്‍, എ. നൗഷാദ്‌ റാവുത്തര്‍, പന്തളം മഹേഷ്‌, എ. അനില്‍കുമാര്‍, രമണന്‍, ആനി ജോണ്‍, സുനിതാ വേണു, മഞ്‌ജു വിശ്വനാഥ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 27 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW