Tuesday, June 25, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.46 AM

വാഴക്കൃഷിയില്‍ വിജയഗാഥയുമായി കര്‍ഷകന്‍

uploads/news/2019/06/317252/p3.jpg

തിരുവല്ല: സര്‍ക്കാരിന്റെയോ കൃഷിവകുപ്പിന്റെയോ ആനുകൂല്യങ്ങള്‍ വാങ്ങാതെ വാഴകൃഷിയില്‍ വിജയഗാഥയുമായി പെരിങ്ങര പഞ്ചായത്തില്‍ 11 -ാം വാര്‍ഡില്‍ ആനാരി വടക്കേതില്‍ ഓമനക്കുട്ടന്‍ എന്ന കര്‍ഷകന്‍. അയല്‍വാസിയില്‍ നിന്നും പാട്ടക്കരാറില്‍ എടുത്ത ഒന്നരയേക്കര്‍ ഭൂമിയിലാണ്‌ വിവിധയിനം വാഴ കൃഷി ചെയ്യുന്നത്‌. ഏത്തന്‍, പൂവന്‍, ചെങ്കദളി ഇനത്തില്‍ പെട്ട അഞ്ഞൂറോളം ചുവട്‌ വാഴയാണ്‌ കൃഷിയിടത്തില്‍ സമൃദ്ധമായി വളരുന്നത്‌.
പത്തു വര്‍ഷക്കാലത്തോളമായി ഇദ്ദേഹം വാഴകൃഷിയുമായി ബന്ധപ്പെട്ടിട്ട്‌. വാഴ കൂടാതെ ചേന, കാച്ചില്‍, കപ്പ, ചേമ്പ്‌ എന്നിവയും കൃഷിയിടത്തിലുണ്ട്‌. ജൈവ രീതിയെ അടിസ്‌ഥാനമാക്കിയാണ്‌ കൃഷികള്‍. ക്ഷീരകര്‍ഷകന്‍ കൂടിയാണ്‌ ഓമനക്കുട്ടന്‍. കറവയുള്ള നാല്‌ പശുക്കളാണ്‌ സ്വന്തമായുള്ളത്‌.
ഇവയുടെ ചാണകവും എല്ലുപൊടിയും മാത്രമാണ്‌ വളമായി ഉപയോഗിച്ചു വരുന്നത്‌. പുലര്‍ച്ചെ പശുകറവയും പാല്‍വിതരണവും കഴിഞ്ഞാലുടന്‍ തന്നെ ഓമനക്കുട്ടന്‍ കൃഷിയിടത്തില്‍ ഇറങ്ങി അധ്വാനമാരംഭിക്കും. പിന്നീട്‌ ഒരു ദിവസം മുഴുവന്‍ അവിടെത്തന്നെയാണ്‌.
ഭാര്യ അനിതയും കൃഷിയിലും പശു പരിപാലനത്തിനും ഒപ്പം തന്നെയുണ്ട്‌. കൃഷിക്കായി ഭൂമി ഒരുക്കുന്നത്‌ മുതല്‍ കുലകള്‍ വെട്ടുന്നത്‌ വരെയുള്ള ജോലികള്‍ ഓമനക്കുട്ടന്‍ ഒറ്റയ്‌ക്ക്‌ തന്നെയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ മഹാ പ്രളയത്തില്‍ നാനൂറോളം മൂട്‌ വാഴകൃഷി നശിച്ചിരുന്നു. കൃഷി ചെയ്യുന്ന ഭൂമി സ്വന്തം പേരില്‍ അല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നും യാതൊരു ആനുകൂല്യങ്ങളും ഓമനക്കുട്ടന്‌ ലഭിച്ചില്ല. പ്രളയത്തെ തുടര്‍ന്ന്‌ കൃഷിയിടത്തില്‍ എക്കല്‍ അടിഞ്ഞുകൂടിയത്‌ ഇത്തവണത്തെ കൃഷിക്ക്‌ ഗുണപ്പെട്ടെന്നതാണ്‌ ഓമനക്കുട്ടന്റെ അഭിപ്രായം.
പിണ്ടിപ്പുഴുവാണ്‌ വാഴകൃഷിയില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വാഴപ്പിണ്ടിയില്‍ പുഴുവിന്റെ ആക്രമണം ഉണ്ടാകുന്നതോടെ തണ്ടുകള്‍ ഒടിഞ്ഞു വീണ്‌ കുലകള്‍ വാടുകയും വാഴ നിലംപതിക്കുകയും ചെയ്യും. എന്നാല്‍ നിരന്തരമായ മേല്‍നോട്ടവും പരിപാലനവും ഉണ്ടെങ്കില്‍ കീടബാധകള്‍ വലിയ തരത്തില്‍ ഒഴിവാക്കാനും കൃഷി ലാഭകരമാക്കാനും സാധിക്കുമെന്നതാണ്‌ ഓമനക്കുട്ടന്‍ പറയുന്നത്‌.
വാഴകൃഷിയില്‍ നിന്നും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുണ്ടെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭൂമി പാട്ടത്തിനെടുത്ത്‌ കൃഷി ശക്‌തമാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ബിഎസ്‌സി നഴ്‌സിങ്ങ്‌ പഠനം പൂര്‍ത്തിയാക്കിയ സാന്ദ്ര, പ്ലസ്‌ ടു വിന്‌ പഠിക്കുന്ന സാന്തുന എന്നിവരാണ്‌ മക്കള്‍.

Ads by Google
Advertisement
Tuesday 25 Jun 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW