Monday, June 24, 2019 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.18 AM

പുതിയ രൂപത്തിലും ഭാവത്തിലും കഞ്ചാവ്‌ മാഫിയ; പ്രമാടം നിവാസികള്‍ ആശങ്കയില്‍

കോന്നി: കൗമാരങ്ങളെ വശീകരിക്കാന്‍ പുതിയ രൂപത്തിലും ഭാവത്തിലും കഞ്ചാവ്‌ മാഫിയ രംഗത്ത്‌ ഇറങ്ങിയതോടെ പ്രമാടം നിവാസികള്‍ ആശങ്കയില്‍. എക്‌സൈസിന്റെയും പോലീസിന്റെയും ഇടപെടലിനെത്തുടര്‍ന്ന്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഉള്‍വലിഞ്ഞ സംഘമാണ്‌ പുതിയ പ്രമാടത്ത്‌ രംഗപ്രവേശനം ചെയ്‌തിരിക്കുന്നത്‌.
സുറുമ ഉപയോഗിച്ച്‌ കണ്ണെഴുതി നെറ്റിയില്‍ പല നിറത്തിലുള്ള സിന്ദൂരക്കുറിയുമൊക്കെയാണ്‌ ഇവരുടെ പുതിയ പ്രധാന രഹസ്യകോഡ്‌.. കൈയില്‍ പച്ചയും വിവിധ വര്‍ണങ്ങളിലുമുള്ള ചരട്‌ പ്രത്യേകരീതിയില്‍ കെട്ടിയിട്ടുണ്ടാകും. ഇടതുകൈയുടെ തള്ളവിരലില്‍ പ്രത്യേകതരം മോതിരവും കഴുത്തില്‍ ഛിദ്രശക്‌തികളുടെ ലോക്കറ്റ്‌ ആലേഖനം ചെയ്‌ത ലോഹമാലയും ധരിച്ചിട്ടുണ്ടാകും. ഇത്തരം മാലകള്‍ ഇവര്‍ ഷര്‍ട്ടിന്‌ പുറത്തുകൂടി പ്രദര്‍ശിപ്പിച്ചാണ്‌ നടക്കുന്നത്‌. ഇത്‌ ഇടപാടുകാരെയും ഉപഭോക്‌താക്കളെയും തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കും.
പ്രമാടം, പൂങ്കാവ്‌, ളാക്കൂര്‍, പന്നിക്കണ്ടം, വി.കോട്ടയം പ്രദേശങ്ങളാണ്‌ ഇവര്‍ പ്രധാന താവളമാക്കിയിരിക്കുന്നത്‌. ഇവിടെയുള്ള ഒരു പാറയുടെ മുകള്‍വശം ഇവരുടെ സംഗമകേന്ദ്രമാണ്‌. ഇടവഴികളും താവളമാണ്‌. പ്രമാടം സ്വദേശികളായ ചില യുവാക്കളാണ്‌ മാഫിയകള്‍ക്ക്‌ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്‌.
ജില്ലയ്‌ക്ക്‌ പുറത്തുള്ളവര്‍ വരെ ഇവിടെ എത്തി കഞ്ചാവ്‌ കൈമാറ്റം നടത്തുന്നുണ്ട്‌. പ്രമാടത്തെ കഞ്ചാവ്‌ ഇടപാടിന്‌ ഇടനിലക്കാരാകുന്നത്‌ 15നും 22നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്‌. അടുത്തിടെ വന്ന്‌ താമസമാക്കിയവരും വാടകയ്‌ക്ക്‌ താമസിക്കുന്നതുമായ കുടുംബങ്ങളിലെ കുട്ടികളാണ്‌ പ്രധാനമായും ഇത്തരം സംഘങ്ങള്‍ക്കു പിന്നിലെന്ന്‌ നാട്ടുകാര്‍ പറയുന്നു. രാപകല്‍ വ്യത്യാസമില്ലാതെ ആഡംബര ബൈക്കുകളില്‍ കറങ്ങിയാണ്‌ ഇടപാടുകള്‍. പള്‍സര്‍, ഡ്യൂക്ക്‌ തുടങ്ങിയ ബൈക്കുകളാണ്‌ കൂടുതലും. രണ്ടുപേര്‍ വീതമാണ്‌ യാത്ര. ഇവരുടെ തോളില്‍ കഞ്ചാവ്‌ പൊതികള്‍ അടങ്ങിയ ബാഗുകളും ഉണ്ടാകും. രണ്ടും മൂന്നും സംഘങ്ങളായി മുന്നിലും പിന്നിലുമായാണ്‌ യാത്ര. പോലീസിനെ വെട്ടിച്ചുപോയ സംഭവങ്ങളും നിരവധിയാണ്‌. ഇവരുടെ അമിതവേഗത വാഹന യാത്രക്കാരെയും കാല്‍നടക്കാരെയും ഒരു പോലെ ഭീതിയിലാക്കുന്നു. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ അമിത ശബ്‌ദത്തില്‍ മിന്നല്‍വേഗത്തിലാണ്‌ പായുന്നത്‌.

Ads by Google
Advertisement
Monday 24 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW