Wednesday, June 19, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.04 AM

പിടികൂടിയത്‌ 100 കിലോ പഴകിയ മല്‍സ്യം

uploads/news/2019/06/315784/p1.jpg

കോഴഞ്ചേരി: മാസങ്ങള്‍ക്ക്‌ മുന്‍പ്‌ കടലില്‍ നിന്ന്‌ പോന്ന മീനുകള്‍ ഇപ്പോഴും ഫ്രഷ്‌ ആയി ഇവിടുത്തെ മാര്‍ക്കറ്റില്‍ വില്‍പനയ്‌ക്ക്‌. ട്രോളിങ്‌ നിരോധന കാലത്തെ വമ്പന്‍ലാഭം മുന്നില്‍ക്കണ്ട്‌ കൂടിയ വിലയ്‌ക്ക്‌ വില്‍ക്കുന്നതിന്‌ വേണ്ടി സൂക്ഷിച്ചിരുന്ന 100 കിലോ മീന്‍ ആരോഗ്യവകുപ്പ്‌ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ്‌, ഫിഷറീസ്‌ - ആരോഗ്യ വകുപ്പുകളുമായി ചേര്‍ന്ന്‌ ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ്‌ വില്‍പ്പനയ്‌ക്ക്‌ വച്ചിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തത്‌.
ട്രോളിങ്‌ നിരോധനത്തിന്റെ പശ്‌ചാത്തലത്തില്‍ വിപണിയില്‍ ലഭ്യമാകുന്ന മത്സ്യങ്ങള്‍ പരിശോധിക്കുന്നതിനായാണ്‌ ഭക്ഷ്യ സുരക്ഷാ വിഭാഗം ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ പരിശോധന നടത്തുന്നത്‌. പ്രധാനമായും മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്ന മത്സ്യങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലാത്ത വണ്ണം പഴകിയതാണോ ഹാനികരമായ രാസവസ്‌തുക്കളില്‍ സൂക്ഷിച്ചിട്ടുള്ളവയാണോ എന്നാണ്‌ പരിശോധിക്കുന്നത്‌.
അന്യ സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ ചെക്ക്‌ പോസ്‌റ്റുകളില്‍ പരിശോധിക്കുന്നത്‌ കൂടാതെ മാര്‍ക്കറ്റുകളിലെത്തിയും പരിശോധിക്കും. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ രണ്ടാംഘട്ട പരിശോധനയുടെ ഭാഗമായാണ്‌ സംയുക്‌ത ഉദ്യാഗസ്‌ഥ സംഘം ഇന്നലെ കോഴഞ്ചേരി മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്‌.
ഏഴു മത്സ്യ വ്യാപാരികളുടെ സ്‌റ്റാളുകളില്‍ സംഘം പരിശോധന നടത്തി. ഒരിടത്ത്‌ വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ല എന്ന്‌ കണ്ടെത്തി പഞ്ചായത്ത്‌ അധികൃതരെ അറിയിക്കുകയും അവര്‍ ഏറ്റെടുത്ത്‌ സംസ്‌കരിക്കുകയും ചെയ്‌തു. എല്ലാ സ്‌ഥാപനങ്ങളില്‍ നിന്നും മത്സ്യത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്‌ പരിശോധിക്കും. ആറു സ്‌ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ല എന്ന്‌ കണ്ടെത്തി നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.
മാര്‍ക്കറ്റിലെ മീന്‍ കടയ്‌ക്കു പുറകില്‍ ഐസ്‌ സൂക്ഷിക്കുന്നതിനുള്ള മുറിയില്‍നിന്നാണ്‌ തലയും, കണ്ണുകളും അഴുകിയ നിലയില്‍ കൂറ്റല്‍ തളയും കേരയുംചെറുമീനുകളും ഉദ്യോഗസ്‌ഥര്‍ പിടികൂടി മാലിന്യ സംസ്‌കരണ പ്ലാന്റിലേയ്‌ക്ക്‌മാറ്റിയത്‌. ട്രോളിങ്‌ നിരോധനത്തിന്റെ പേരില്‍ കിലോയ്‌ക്ക്‌ 400-500 രൂപ വരെ നിരക്ക്‌ ഉയര്‍ത്തിയിരുന്നു. ചീഞ്ഞ മീന്‍ പിടികൂടിയ മൊത്തക്കച്ചവടക്കാരന്റെ വില്‌പന ശാലയില്‍ മാത്രമല്ല ചെറുകിട മല്‍സ്യ വ്യാപാരികള്‍ വിറ്റുകൊണ്ടിരുന്നവയിലും ഉപയോഗ ശൂന്യമായ മല്‍സ്യം ഉണ്ടായിരുന്നു. ഇവര്‍ക്കും ആരോഗ്യ വകുപ്പ്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.
പിടികൂടിയ മല്‍സ്യം വെറും നിലത്ത്‌ അടുക്കി വച്ച നിലയിലാണ്‌ കണ്ടെത്തിയത്‌. ഐസ്‌ പോലും ഉപയോഗിച്ചിരുന്നില്ല. ഇതിനിടയില്‍ ഒന്നര മാസം മുന്‍പ്‌ കോഴഞ്ചേരിയില്‍ വില്‍പന നടത്തുന്ന മീനുകള്‍ പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറി കത്തു നല്‍കിയിരുന്നതായി അറിയുന്നു.
ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ശ്രീകലയുടെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പക്‌ടര്‍ എസ്‌. ഷൈന്‍, ഫുഡ്‌ സേഫ്‌റ്റി ഉദ്യോഗസ്‌ഥരായ ടി ആര്‍. പ്രശാന്ത്‌ കുമാര്‍, കെ.പി. പ്രവീണ്‍, എസ്‌. പ്രശാന്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി.
ടി.കെ റോഡിലും ഉള്‍പ്രദേശങ്ങളിലും കൂടിയ വിലയ്‌ക്ക്‌ ഗുണ നിലവാരം കുറഞ്ഞ മത്സ്യങ്ങളും വിവിധ ഇനം മാംസങ്ങളും വില്‍ക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത്‌ സ്‌റ്റേഡിയത്തിനു സമീപം വൈകുന്നേരം നടത്തുന്ന വ്യാപാരത്തിലും പഴകിയ മത്സ്യമാണ്‌ വില്‍ക്കുന്നതെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്‌. ആറന്മുള, ഇലന്തൂര്‍, നെല്ലിക്കാല, പുല്ലാട്‌, ചെട്ടിമുക്ക്‌, മേലുകര എന്നിവിടങ്ങളിലും പരിശോധന നടത്തണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 19 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW