Tuesday, June 18, 2019 Last Updated 18 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.13 AM

ഡോക്‌ടര്‍മാരുടെ സമരത്തില്‍ രോഗികള്‍ക്കു ദുരിതം

uploads/news/2019/06/315615/k1.jpg

കോട്ടയം: പശ്‌ചിമബംഗാളിലെ ഡോക്‌ടര്‍മാര്‍ക്ക്‌ അനുഭാവം പ്രകടിപ്പിച്ചു സംസ്‌ഥാനത്തു ഡോക്‌ടര്‍മാര്‍ നടത്തിയ സമരത്തില്‍ ജില്ലയിലും രോഗികള്‍ വലഞ്ഞു. അടിയന്തര സ്വഭാവമുള്ളതൊഴികെയുള്ള ശസ്‌ത്രക്രിയകള്‍ മാറ്റിവച്ചു. പലയിടത്തും ഒ.പിയിലെത്തിയ രോഗികള്‍ക്കു മണിക്കൂറുകള്‍ കാത്തു നിന്ന ശേഷമാണു ഡോക്‌ടര്‍മാരെ കാണാന്‍ കഴിഞ്ഞത്‌.
കൊല്‍ക്കത്തയില്‍ ഡോക്‌ടര്‍മാര്‍ക്കെതിരേ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിഷേധിച്ചാണു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിച്ചു സമരം ചെയ്‌തത്‌. ഇന്നലെ രാവിലെ ആറിനു ആരംഭിച്ച 24 മണിക്കൂര്‍ സമരം ഇന്നു രാവിലെ ആറിന്‌ അവസാനിക്കും.
കോട്ടയം മെഡിക്കല്‍ കോളജ്‌, ജനറല്‍ ആശുപത്രി തുടങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ വരെ സമരം ദോഷകരമായി ബാധിച്ചു. സ്വകാര്യ ആശുപത്രികളെയും സമരം ബാധിച്ചു. മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം എന്നിവ ഒഴികെ എല്ലായിടത്തും സമരം ബാധിച്ചു. തിങ്കളാഴ്‌ചയായതിനാല്‍ ആശുപത്രിയില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.
അത്യാഹിതവിഭാഗവും കിടത്തിചികിത്സാവിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്‌. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരവധി ശസ്‌ത്രക്രിയകള്‍ മാറ്റിവച്ചു. അടിയന്തര ശസ്‌ത്രക്രിയ മാത്രമേ നടത്തിയുള്ളു. മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക കേന്ദ്രങ്ങളിലും രാവിലെ എട്ടു മുതല്‍ 10 വരെ ഒ.പി. പ്രവര്‍ത്തനം തടസപ്പെട്ടു. എന്നാല്‍, അത്യാഹിത വിഭാഗത്തില്‍ അടിയന്തിര സന്ദര്‍ഭങ്ങളില്‍ തടസമില്ലാതെ ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പാക്കിയിരുന്നു.
വാര്‍ഡുകളില്‍ ഡോക്‌ടര്‍മാര്‍ പതിവ്‌ റൗണ്ട്‌സ് നടത്തി. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ശസ്‌ത്രക്രിയകള്‍ പതിവു പോലെ നടന്നതായി ആര്‍.എം.ഒ. ഡോ. ഭാഗ്യശ്രീ അറിയിച്ചു. കോട്ടയത്തു ഡോക്‌ടര്‍മാര്‍ കലക്‌ടറേറ്റിലേക്കു പ്രതിഷേധ ജാഥ നടത്തി. ഐ.എം.എ. ആസ്‌ഥാനത്തു നടന്ന യോഗത്തിനുശേഷം ആരംഭിച്ച പ്രതിഷേധ ജാഥ കലക്‌ടറേറ്റിനു മുന്നില്‍ സമാപിച്ചു. ആരോഗ്യപ്രവര്‍ത്തകരെയും ആശുപത്രികളെയും ആക്രമണങ്ങളില്‍നിന്ന്‌ സംരക്ഷിക്കാന്‍ കേന്ദ്ര നിയമം പ്രാബല്യത്തില്‍ വരേണ്ട സമയം അതിക്രമിച്ചെന്നും ഭാരവാഹികള്‍ പറഞ്ഞു. തലയില്‍ ബാന്‍ഡേജും കറുത്ത ബാഡ്‌ജും ധരിച്ചാണു ഡോക്‌ടര്‍മാര്‍ പ്രകടനത്തില്‍ പങ്കെടുത്തത്‌. പാല, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ ശാഖകളിലെ ഡോക്‌ടര്‍മാരും കോട്ടയത്തെ സമരത്തില്‍ പങ്കെടുത്തു. ഡോ. മാത്യു പാറക്കല്‍, ഡോ. ജോസഫ്‌ മാണി, ഡോ. ഷാജി കെ. തോമസ്‌, ഡോ. സാബു കുര്യന്‍, ഡോ. ആര്‍.പി. രന്‍ജിന്‍, ഡോ. ബിബിന്‍ പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ പണിമുടക്കിയ ഡോക്‌ടര്‍മാര്‍ അത്യാഹിത വിഭാഗത്തിനുസമീപം യോഗം ചേര്‍ന്നു. കേരളാ ഗവണ്‍മെന്റ്‌ മെഡിക്കല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു യോഗം. ജില്ലാ പ്രസിഡന്റ്‌ ഡോ. മനോജ്‌, ജനറല്‍ ആശുപത്രി കണ്‍വീനര്‍ ഡോ. ജിഷാന്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 18 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW