Thursday, June 13, 2019 Last Updated 53 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 02.16 AM

സഞ്ചാരികളുടെ മനംനിറച്ച്‌ ഇടുക്കിയിലെ ജലപാതങ്ങള്‍

uploads/news/2019/06/314509/i2.jpg

അടിമാലി:കാലവര്‍ഷമെത്തിയതോടെ വിനോദ സഞ്ചാരികളുടെ മനം നിറച്ച്‌ ഇടുക്കിയിലെ ജലപാതങ്ങളെല്ലാം സജീവമായി.
കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ വനത്തിനു മധ്യഭാഗത്തായുള്ള പ്രശസ്‌തമായ ചീയപ്പാറ, വാളറക്കുത്ത്‌ ഉള്‍പ്പടെയുള്ള നൂറുകണക്കിന്‌ വെള്ളച്ചാട്ടങ്ങളാണ്‌ വിദേശികള്‍ അടക്കമുള്ളവരുടെ മനം കുളിര്‍പ്പിക്കുന്നത്‌.ഈ മാസം ആദ്യം തന്നെ ശക്‌തി പ്രാപിച്ച കാലവര്‍ഷമാണ്‌ സഞ്ചാരികള്‍ക്ക്‌ അനുഗ്രഹവര്‍ഷം ചൊരിഞ്ഞത്‌. ഇടുക്കിയില്‍ ചെറുതും വലുതുമായ നൂറുകണക്കിന്‌ വെള്ളച്ചാട്ടങ്ങളാണുള്ളത്‌. ഒട്ടുമിക്കവയും ആയിരക്കണക്കിന്‌ അടി ഉയരത്തില്‍ നിന്നും നിരവധി പാറക്കെട്ടുകളില്‍ തട്ടി പാല്‍ കണികകള്‍ പോലെ പതഞ്ഞൊഴുകുന്നവയാണ്‌.
കൊച്ചി-ധനുഷ്‌കോടി ദേശീയപാത കടന്നു പോകുന്നത്‌ നേര്യമംഗലം മേഖലയിലെ വനത്തിനു മധ്യത്തിലൂടെയാണ്‌. പെരിയാറിനു കുറുകെ ജില്ലാ അതിര്‍ത്തിയായ നേര്യമംഗലത്ത്‌ എട്ടു പതിറ്റാണ്ടു മുന്‍പ്‌ നിര്‍മിച്ച ആര്‍ച്ച്‌ പാലം കടന്ന്‌ വനത്തിലേക്കു പ്രവേശിക്കുന്നതോടെ വെള്ളച്ചാട്ടങ്ങള്‍ക്കും തുടക്കമാകും.14 കിലോമീറ്ററോളം ദേശീയ പാത കടന്നു പോകുന്ന ഈ വനമേഖലയിലാണ്‌ പ്രശസ്‌തമായ ചീയപ്പാറ, വാളറക്കുത്ത്‌ വെള്ളച്ചാട്ടങ്ങള്‍. വനാന്തര്‍ഭാഗത്ത്‌ സഞ്ചാരികളെ മണിക്കൂറുകളോളം പിടിച്ചു നിര്‍ത്തുന്ന നയനാനന്ദകരമായ കാഴ്‌ചകളാണ്‌ വെള്ളച്ചാട്ട കേന്ദ്രങ്ങളില്‍ പ്രകൃതി ഒരുക്കിയിട്ടുള്ളത്‌.
എട്ടോളം പാറക്കെട്ടുകളില്‍ തഴുകി തലോടിയാണ്‌ ഉയരത്തില്‍ നിന്നുള ചീയപ്പാറ വെള്ളച്ചാട്ടം ദേശീയ പാതയോരത്ത്‌ പതിക്കുന്നത്‌.
രണ്ടു കിലോമീറ്റര്‍ അകലെ ദേശീയ പാതയില്‍ നിന്നും ആസ്വദിക്കാവുന്ന തരത്തില്‍ തന്നെയാണ്‌ വാളറക്കുത്ത്‌ വെള്ളച്ചാട്ടവും. കുരങ്ങാട്ടി, തലമാലി മലമുകളില്‍ നിന്നും ഇരു വഴിയായി പിരിഞ്ഞ്‌ അടിമാലി ടൗണില്‍ സംഗമിക്കുന്ന വെള്ളച്ചാട്ടവും ഇപ്പോള്‍ സജീവമാണ്‌.
ഉയരത്തില്‍ നിന്നും പഞ്ചസാര കണികകള്‍ പോലെ ദേശീയപാതയോരത്തു പതിക്കുന്ന കൂമ്പന്‍പാറ പഞ്ചാരക്കുത്ത്‌ വെള്ളച്ചാട്ടവും ശ്രദ്ധേയമാണ്‌. മാങ്കുളം ഗ്രാമത്തില്‍ വിരിപാറ, പെരുമ്പന്‍കുത്ത്‌, കോഴി വാലന്‍കുത്ത്‌ തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങളും പുഴകളും സമൃദ്ധമായി.
മൂന്നാര്‍, ലക്കം, ആറ്റുകാട്‌, നെയ്‌മക്കാട്‌, പവര്‍ഹൗസ്‌, മറയൂര്‍ ഇവിടെയെല്ലാം ഈ വര്‍ഷം ജലപാതങ്ങള്‍ നേരത്തേ തന്നെ സഞ്ചാരികളെ മാടി വിളിക്കുകയാണ്‌. കുമളിക്കു 15 കിലോമീറ്റര്‍ അകലെയായി തമിഴ്‌നാട്ടിലേക്കു പതിക്കുന്ന ചെല്ലാര്‍കോവില്‍, രാജാക്കാടിനു സമീപമുള്ള കുത്തുങ്കല്‍ വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം വിസ്‌മയം തീര്‍ക്കുകയാണ്‌.
കട്ടപ്പന- കുട്ടിക്കാനം സംസ്‌ഥാന പാതയോരത്തെ നരിയമ്പാറ വെള്ളച്ചാട്ടം, രാജാക്കാട്‌ ശ്രീനാരായണപുരം എന്നിവിടങ്ങളിലെ ജലപാതങ്ങളും സജീവമായി.
കൂടാതെ ജില്ലയിലെ അരുവികളും തോടുകളും പുഴകളും കാട്ടാറുകളും അണക്കെട്ടുകളുമെല്ലാം ജല സമൃദ്ധിയില്‍ മനം കുളിര്‍പ്പിക്കുന്ന കാഴ്‌ചകളാണ്‌ സമ്മാനിക്കുന്നത്‌. മധ്യവേനലവധി കഴിഞ്ഞെങ്കിലും ശനി, ഞായര്‍ ഉള്‍പ്പടെയുള്ള അവധി ദിവസങ്ങളില്‍ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ ധാരാളമായി ജില്ലയിലേയ്‌ക്ക്‌ എത്തി തുടങ്ങിയിട്ടുണ്ട്‌.

ബിജു ലോട്ടസ്‌

Ads by Google
Advertisement
Thursday 13 Jun 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW