Monday, June 10, 2019 Last Updated 28 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.20 AM

ആംബുലന്‍സ്‌ ലോറിയുമായി കൂട്ടിയിടിച്ച്‌ എട്ടുമരണം: നാലുപേര്‍ക്ക്‌ പരുക്ക്‌

uploads/news/2019/06/313676/1.jpg

പാലക്കാട്‌

പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക്‌ രോഗികളുമായി വന്ന ആംബുലന്‍സ്‌ ലോറിയുമായി കൂട്ടിയിടിച്ച്‌ എട്ടു പേര്‍ തല്‍ക്ഷണം മരിച്ചു. നാലുപേര്‍ക്ക്‌ പരുക്കേറ്റു. ഒരാളുടെ നില അതീവഗുരുതരം. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ പാലക്കാട്‌-കൊടുവായൂര്‍ റൂട്ടില്‍ തണ്ണിശ്ശേരി പെട്രോള്‍ പമ്പിന്‌ സമീപമാണ്‌ അപകടം. പട്ടാമ്പി വാടാനാംകുറിശ്ശിയില്‍നിന്നു നെല്ലിയാമ്പതിയിലേക്ക്‌ വിനോദയാത്രയ്‌ക്കെത്തിയ ബന്ധുക്കളായ നാലുപേരും നെന്മാറ സ്വദേശികളായ ആംബുലന്‍സ്‌ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരുമാണ്‌ മരിച്ചത്‌.

ആംബുലന്‍സ്‌ ഡ്രൈവര്‍ നെന്മാറ അളുവാശ്ശേരി ചേരുങ്ങാട്‌ അബ്‌ദുള്ളയുടെ മകന്‍ സുധീര്‍ (30), നെന്മാറ അയിലൂര്‍ തലവെട്ടാംപാറ പുഴയ്‌ക്കല്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ വൈശാഖ്‌ (25), രവിയുടെ മകന്‍ നിഖില്‍ (25), അയിലൂര്‍ തോണിപാടം കുട്ടന്റെ മകന്‍ ശിവന്‍ (52), ഓങ്ങല്ലൂര്‍ വാടാനാംകുറിശ്ശി വെളുത്തേരിയില്‍ ഹസൈനാരുടെ മകന്‍ സുബൈര്‍(38), സഹോദരന്‍ നാസര്‍ (45), വെളുത്തേരിയില്‍ ബഷീര്‍ മകന്‍ ഫവാസ്‌ (17), വെട്ടിക്കാട്ടില്‍ മന്ദിയില്‍ വീട്ടില്‍ യൂസഫ്‌ മകന്‍ ഉമ്മര്‍ ഫറൂഖ്‌ (20) എന്നിവരാണ്‌ മരിച്ചത്‌. മരിച്ചവരെല്ലാം ആംബുലന്‍സില്‍ ഉണ്ടായിരുന്നവരാണ്‌.

രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി ജില്ലാ ആശുപത്രിയില്‍ എത്തിക്കേണ്ടിയിരുന്ന രണ്ടുപേരും അവരുടെ കൂടെയുള്ളവരും ഉള്‍പ്പെടെ എട്ടുപേരാണ്‌ ആംബുലന്‍സില്‍ ഉണ്ടായിരുന്നത്‌. ഇതില്‍ മരിച്ച ഉമ്മര്‍ ഫറൂഖിന്റെ സഹോദരന്‍ ഷാഫി (13) മാത്രമാണ്‌ രക്ഷപ്പെട്ടത്‌. ഗുരുതരമായി പരുക്കേറ്റ ഷാഫിയെയും ലോറിയില്‍ ഉണ്ടായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്‌ദുള്‍ ഹുറൈര്‍ (29), പൊന്നാനി സ്വദേശി ഫൈസല്‍ (45), പാലക്കാട്‌ പുതുനഗരം സ്വദേശി സെയ്‌ത് ഇബ്രാഹിം (40) എന്നിവരെയും പരുക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തണ്ണിശ്ശേരിക്കു സമീപം മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സ്‌ നിയന്ത്രണം വിട്ട്‌ എതിരേ വന്ന ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിക്കടിയിലേക്ക്‌ കയറിപ്പോയ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇതിനിടയില്‍ കുടുങ്ങി കിടന്നവരെ പാലക്കാടുനിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌്. കോയമ്പത്തൂരില്‍ നിന്നും പുതുനഗരത്തേക്ക്‌ മീന്‍ കൊണ്ടുവരുന്ന ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ശനിയാഴ്‌ച നെല്ലിയാമ്പതിലെത്തിയ വാടാനാംകുറിശ്ശി സംഘം സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാവിലെ കുണ്ടറചോല മരപ്പാലത്തിനു സമീപം നാല്‍പതടിയോളം താഴ്‌ചയിലേക്ക്‌ മറിഞ്ഞു. കാര്യമായ പരുക്കില്ലാതിരുന്നതിനാല്‍ ഇവര്‍ നെല്ലിയാമ്പതിയില്‍നിന്നു കെ.എസ്‌.ആര്‍.ടി.സി. ബസില്‍ നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെത്തി. ഇവരെ സ്‌കാനിങിനായാണ്‌ ജില്ലാ ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്‌തത്‌.

ഇതിനു മുമ്പേ മദ്യപിച്ച്‌ അവശനിലയിലായ അയിലൂര്‍ സ്വദേശി നിഖിലിനെ നെന്മാറയില്‍നിന്നു ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാന്‍ ആംബുലന്‍സ്‌ തയാറാക്കിയിരുന്നു. നിഖിലിനൊപ്പം വന്നതാണ്‌ വൈശാഖും ശിവനും. വാടാനാംകുറിശ്ശി സംഘത്തിന്‌ വേറെ ആംബുലന്‍സ്‌ കിട്ടാത്തതിനാല്‍ അവരും അയിലൂരില്‍ നിന്നുള്ളവര്‍ക്കൊപ്പം കയറി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി രാത്രിവൈകി ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. ടൗണ്‍ സൗത്ത്‌ പോലീസ്‌ കേസെടുത്തു.

മരിച്ച നിഖിലും വൈശാഖും അവിവാഹിതരാണ്‌. നിഖിലിന്റെ അമ്മ: ഷൈലജ. സഹോദരി: നീരജ. വൈശാഖിന്റെ അമ്മ: വത്സല. സഹോദരന്‍: വൈശാല്‍. മരിച്ച ശിവന്‍ ലോഡിങ്‌ തൊഴിലാളിയാണ്‌. ഭാര്യ: വത്സല. മരിച്ച സുധീറിന്റെ അമ്മ: നിലാവര്‍ണീസ. ഭാര്യ: ഷഹ്നഹന. മക്കള്‍: സുമയ്യ, സുല്‍ഫിയ.

Ads by Google
Advertisement
Monday 10 Jun 2019 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW