Friday, June 21, 2019 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.31 AM

സി.പി.എം. തട്ടകങ്ങളിലും വോട്ട്‌ ചോര്‍ച്ച

uploads/news/2019/05/310429/a1.jpg

ആലപ്പുഴ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വന്‍ മുന്നേറ്റം ഉറപ്പിച്ചിരുന്ന ഇടതുപക്ഷത്തിന്‌ ആലപ്പുഴ സീറ്റ്‌ പിടിച്ചെടുക്കാനായെങ്കിലും ഉരുക്കുകോട്ടകളിലടക്കമുണ്ടായത്‌ വന്‍ തിരിച്ചടി. ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ യു.ഡി.എഫിലേക്ക്‌ പോയതും ശബരിമല പ്രശ്‌നത്തില്‍ പരമ്പരാഗത വോട്ടുകള്‍ എല്‍.ഡി.എഫിന്‌ എതിരായതുമാണ്‌ സ്വന്തം പാളയങ്ങളില്‍പ്പോലും വിള്ളല്‍ സൃഷ്‌ടിച്ചതെന്നാണ്‌ നേതാക്കള്‍ക്കിടയില്‍ പോലുമുള്ള അനൗദ്യോഗിക വിലയിരുത്തല്‍.
ജില്ലയിലുള്‍പ്പെടുന്ന ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഇടതുവോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്‌. അരൂര്‍, ആലപ്പുഴ, കുട്ടനാട്‌, മാവേലിക്കര എന്നിവിടങ്ങളിലെ തിരിച്ചടിയാണ്‌ ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്‌. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 20914 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷത്തോടെ സജി ചെറിയാനിലൂടെ സി.പി.എം. പിടിച്ചെടുത്ത ചെങ്ങന്നൂരിലുണ്ടായ യു.ഡി.എഫ്‌. മുന്നേറ്റം ശബരിമല വിഷയത്തിലൂന്നിയുള്ളതാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകരും പറയുന്നു. ആയിരക്കണക്കിനാളുകള്‍ അണിനിരന്ന നാമജപ ഘോഷയാത്രകള്‍ ഇവിടെ നടന്നിരുന്നു. ഇത്തവണ കൊടിക്കുന്നില്‍ സുരേഷ്‌ 9839 വോട്ടിന്റെ ലീഡാണ്‌ നേടിയത്‌. 2014ല്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്‌ 7818 വോട്ടേ നേടാനായുളളൂ.
എന്‍.ഡി.എ. ഇവിടെ 24854 വോട്ടുകള്‍ സമാഹരിച്ചിട്ടുമുണ്ട്‌. എ.എം. ആരീഫ്‌ ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന അരൂരില്‍ ഇത്തവണയുണ്ടായ തിരിച്ചടി താന്‍ എം.എല്‍.എ. സ്‌ഥാനം വിട്ടുപോകുമെന്നതുകൊണ്ടുണ്ടായ സ്‌നേഹപാരയാണെന്ന്‌ ആരീഫ്‌ പരസ്യപ്രതികരണം നടത്തിയെങ്കിലും പാര്‍ട്ടി അത്‌ നിസാരമായി തള്ളിക്കളയാനിടയില്ല. സി.പി.എമ്മിന്റെ സംഘടനാ ദൗര്‍ബല്യം അരൂരില്‍ പ്രകടമായെന്ന അഭിപ്രായം ഒരു വിഭാഗത്തില്‍ നിന്ന്‌ ഉയരാനാണ്‌ സാധ്യത. ചില നേതാക്കളുടെ ഉള്‍പ്പടെ പ്രവര്‍ത്തനങ്ങളില്‍ ആരീഫും മറ്റും തൃപ്‌തരായിരുന്നില്ലെന്നും സൂചനയുണ്ട്‌. തെരഞ്ഞെടുപ്പ്‌ അവലോകന യോഗങ്ങളില്‍ ഇതുസംബന്ധിച്ച പരാതികള്‍ ഉയരുമെന്നാണ്‌ അറിയുന്നത്‌. കഴിഞ്ഞതവണ ടി.എം. തോമസ്‌ ഐസക്‌ 30177 വോട്ടിന്റെ ഉജ്വലവിജയം നേടിയ പഴയ മാരാരിക്കുളമായ ഇപ്പോഴത്തെ ആലപ്പുഴ മണ്ഡലത്തിലും 69 വോട്ടിന്‌ ആരീഫ്‌ പിന്നിലായി. ഇതും പാര്‍ട്ടി ഗൗരത്തോടെ കാണും. 2014ല്‍ കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാല്‍ 7699 വോട്ടിന്റെ ലീഡ്‌ ഇവിടെ നിന്ന്‌ നേടിയപ്പോള്‍ അത്‌ അദ്ദേഹത്തിന്റെ വ്യക്‌തിപരമായ സ്വാധീനം കൊണ്ടാണെന്ന വിശദീകരണമാണ്‌ പ്രാദേശിക നേതാക്കള്‍ നല്‍കിയത്‌. എന്നാല്‍ വേണുഗോപാലിനുള്ള സ്വാധീനമൊന്നും ഷാനിമോള്‍ക്ക്‌ ഇവിടെയില്ല.
മാത്രമല്ല ഹിന്ദുഭൂരിപക്ഷ മേഖലകളിലും വോട്ടുചോര്‍ച്ചയുണ്ടായിട്ടുണ്ട്‌. അമ്പലപ്പുഴ യു.ഡി.എഫ്‌. അനുകൂലമണ്ഡലമാണെങ്കിലും നിയമസഭാതെരഞ്ഞെടുപ്പില്‍ ജി. സുധാകരന്‍ വ്യക്‌തമായ ആധിപത്യം നേടാറുണ്ട്‌. ഇത്തവണ ഇവിടെ ഷാനിമോള്‍ക്ക്‌ 638 വോട്ടിന്റെ ലീഡ്‌ നേടാനായി. എന്‍.സി.പിയില്‍ നിന്നും സി.പി.എം. ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന കുട്ടനാട്ടില്‍ ഇത്തവണ 2623 വോട്ടിന്റെ മേല്‍കൈ യു.ഡി.എഫിന്റെ കൊടിക്കുന്നില്‍ സുരേഷ്‌ നേടി.
ആറായിരം വോട്ടിന്റെ ഭൂരിപക്ഷം നേടാമെന്നായിരുന്നു എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. അതുപാളി. നിയമസഭാതെരഞ്ഞെടുപ്പില്‍ 31214 വോട്ടിന്‌ ആര്‍. രാജേഷ്‌ ജയിച്ച മാവേലിക്കരയില്‍ ഏറ്റവും കുറഞ്ഞത്‌ 15000 വോട്ട്‌ എല്‍.ഡി.എഫ്‌. പ്രതീക്ഷിച്ചു. ഫലം വന്നപ്പോള്‍ 969 വോട്ടിന്‌ പിന്നിലായി. പ്രളയബാധിത പ്രദേശങ്ങളായ കുട്ടനാട്ടിലേയും ചെങ്ങന്നൂരിലേയും തിരിച്ചടി സംസ്‌ഥാനതലത്തില്‍ തന്നെ എല്‍.ഡി.എഫിന്‌ പ്രതികൂലമായി ഭവിച്ചു. ചേര്‍ത്തലയിലും കായംകുളത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനായതാണ്‌ സി.പി.എമ്മിനും സി.പി.ഐക്കും ഏക ആശ്വാസം.

Ads by Google
Advertisement
Saturday 25 May 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW