Thursday, June 13, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.44 AM

യു.ഡി.എഫിന്റെ പൊന്നിന്‍ കോട്ടയം

കോട്ടയം: അനുകൂല സാഹചര്യങ്ങള്‍ പൂര്‍ണമായി മുതലാക്കാനായില്ലെങ്കിലും മിന്നും വിജയത്തിന്റെ കോട്ടയം കോട്ട ഉറപ്പിച്ചു യു.ഡി.എഫ്‌, ഏറ്റുമാനൂരിലെയും വൈക്കത്തെയും തിരിച്ചടികളില്‍ പതറി എല്‍.ഡി.എഫ്‌, ഒരു മണ്ഡലത്തില്‍ പോലും മുന്നേറാന്‍ കഴിയാതെ എന്‍.ഡി.എയും.
ഇതര മണ്ഡലങ്ങളേ അപേക്ഷിച്ചു നോക്കുമ്പോള്‍ ലഭിച്ചതിന്റെ ഇരട്ടിയിലേറെ ഭൂരിപക്ഷത്തിനു യു.ഡി.എഫ്‌. ജയിക്കേണ്ട മണ്ഡലമായിരുന്നു കോട്ടയമെന്നാണു രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും യു.ഡി.എഫില്‍ നിന്നു രണ്ടു വര്‍ഷത്തോളം വിട്ടുനിന്നതിന്റെ ആഘാതവും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കുന്നതിനു തടസമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസ്‌ കെ.മാണി എല്ലാ നിയോജക മണ്ഡലങ്ങളിലും മേല്‍ക്കൈ നേടിയാണു 120599 വോട്ടിന്റെ ഭൂരിപക്ഷം കരസ്‌ഥമാക്കിയത്‌. എന്നാല്‍, ഇത്തവണ ഭൂരിപക്ഷം 106259 ആയി ചുരുങ്ങി. വൈക്കത്തു പിന്നാക്കം പോയെങ്കിലും പ്രതീക്ഷിച്ച തകര്‍ച്ചയുണ്ടായില്ലെന്നു യു.ഡി.എഫ്‌.പറയുന്നു.
സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തെത്തുടര്‍ന്നു പാര്‍ട്ടിയ്‌ക്കുള്ളിലുണ്ടായ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ചാഴികാടനു കഴിഞ്ഞു. കോണ്‍ഗ്രസ്‌ - കേരളാ കോണ്‍ഗ്രസ്‌ ബന്ധം ഊഷ്‌മളമാക്കി നിലനിര്‍ത്താനും അതുവഴി നേട്ടം കൊയ്യാനും ചാഴികാടനായി.
വരും ദിവസങ്ങളില്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ ശക്‌തി വര്‍ധിപ്പിക്കാനും വിജയത്തിലൂടെ ചാഴികാടനു കഴിയും.അതേസമയം, പരാജയം എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കുകയാണ്‌. ജില്ലാ സെക്രട്ടറിയെ തന്നെയിറക്കി ശക്‌തമായ പ്രചാരണം നടത്തിയിട്ടും വിജയത്തിന്റെ അടുത്തുപോലും എത്താന്‍ കഴിയാതിരുന്നതു വരും ദിവസങ്ങളില്‍ സി.പി.എമ്മിനുള്ളില്‍ ശക്‌തമായ പൊട്ടിത്തെറികള്‍ക്കു കാരണമാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 24584 വോട്ടിന്റെ ഭൂരിപക്ഷം സി.കെ. ആശയ്‌ക്കു സമ്മാനിച്ച വൈക്കത്ത്‌ ഇത്തവണ വാസവന്റെ ഭൂരിപക്ഷം 9220 വോട്ടായി കുറഞ്ഞത്‌ എല്‍.ഡി.എഫിനുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും.
ഏറ്റുമാനൂരില്‍ 10000 വോട്ടിന്റെയെങ്കിലും മേല്‍ക്കൈ നേടുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചാഴികാടനു 8445 വോട്ടിന്റെ മേല്‍ക്കൈ ലഭിച്ചതിന്‌ ഉത്തരം തേടുന്നതും സി.പി.എമ്മില്‍ പൊട്ടിത്തെറിയുണ്ടാക്കും. പരസ്യമായി പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും പിറവത്തു നിന്നു യാക്കോബായ സഭയുടെ വോട്ട്‌ വേണ്ടത്ര ലഭിച്ചില്ലെന്നതും ഇടതു മുന്നണിയെ അസ്വസ്‌ഥമാക്കും.
പി.സി. തോമസ്‌ പിടിക്കുന്ന ഓരോ വോട്ടും ചാഴികാടനു ക്ഷീണമുണ്ടാക്കുമെന്ന ധാരണയില്‍ ചില മേഖലകളില്‍ മനപ്പൂര്‍വം പിന്നോട്ടു പോയതും സി.പി.എമ്മിനു ക്ഷീണമായി.
എന്‍.ഡി.എയ്‌ക്കും മണ്ഡലത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിയ്‌ക്കാനായില്ല. പി.സി. തോമസിന്റെ ഏകപക്ഷീയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിയായെന്നു ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നു. പി.സി. തോമസിന്റെ പ്രകടനം പ്രതീക്ഷിച്ച ഉയരത്തില്‍ എത്താത്തതിനാല്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാകും മത്സരിക്കുകയെന്നതും ഉറപ്പായിരിക്കുകയാണ്‌.

Ads by Google
Advertisement
Friday 24 May 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW