Friday, June 21, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.42 AM

വീയപുരത്ത്‌ കുടിവെള്ളക്ഷാമം:ജലസംഭരണി തകര്‍ച്ചയില്‍

uploads/news/2019/05/310061/a2.jpg

ഹരിപ്പാട്‌: കുടിവെള്ളം ലഭിക്കാതെ വീയപുരം നിവാസികള്‍. കാലപ്പഴക്കം ചെന്ന കുടിവെള്ള പദ്ധതികള്‍ പലതും പ്രയോജനം ചെയ്യുന്നില്ല. കുട്ടനാട്‌ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അഞ്ച്‌ ആര്‍.ഒ. പ്ലാന്റുകള്‍ പ്രവര്‍ത്തരഹിതമാണ്‌. അറ്റകുറ്റപ്പണി നടത്താന്‍ പണം അനുവദിച്ചിട്ടും നിര്‍മാണം നടത്താന്‍ ഗ്രാമപഞ്ചായത്ത്‌ തയാറായിട്ടില്ല.
കഴിഞ്ഞ വേനല്‍കാലത്ത്‌ സ്‌ഥാപിച്ച കിയോസ്‌ക്കുകളില്‍ വെള്ളം എത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇവിടെയും കുടിവെള്ളം ലഭിക്കുന്നില്ല. വീയപുരം ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലേക്കും കുടിവള്ളം നല്‍കുന്ന ഉപരിതല ജലസംഭരണിയാകട്ടെ വര്‍ഷങ്ങളായി തകര്‍ച്ച നേരിടുകയാണ്‌. ഇത്‌ നവീകരിക്കാനോ പുതിയ സംഭരണി സ്‌ഥാപിക്കാനോ നടപടികളില്ല. തകരാറിലായ സംഭരണി വൃത്തിയാക്കാന്‍ പോലും കഴിയാത്തതിനാല്‍ മലിനജലമാണ്‌ വിതരണം ചെയ്യുന്നതെന്നും പരാതിയുണ്ട്‌. രണ്ടര ലക്ഷം ലീറ്റര്‍ ശേഷിയുള്ള സംഭരണി 40 വര്‍ഷം മുമ്പ്‌ നിര്‍മിച്ചതാണ്‌.
കോണ്‍ക്രീറ്റ്‌ അടര്‍ന്നും കമ്പികള്‍ തെളിഞ്ഞു തുരുമ്പെടുത്തും ബലക്ഷയം നേരിടുന്നു. മുകളിലേക്കുള്ള ഏണിപ്പടികള്‍ തകര്‍ന്ന നിലയിലാണ്‌. അതിനാല്‍ സംഭരണിയുടെ ഉള്‍ഭാഗം കഴുകി വൃത്തിയാക്കാനും വെള്ളം ക്ലോറിനേറ്റ്‌ ചെയ്യാനും കഴിയുന്നില്ല. ജീവന്‍ പണയപ്പെടുത്തി ശുചീകരണം നടത്താന്‍ കരാറുകാരും തയാറല്ല. ജലവിതരണ സംഭരണികള്‍ ആറു മാസത്തിലൊരിക്കല്‍ ശുചീകരിക്കണമെന്നാണ്‌ നിയമം. സംഭരണിയില്‍ പകുതിയിലധികം എക്കലും മാലിന്യങ്ങളും അടിഞ്ഞതിനാല്‍ പൂര്‍ണതോതില്‍ ജലം നിറയ്‌ക്കാനും സാധിക്കുന്നില്ല.
വിതരണ പൈപ്പിലൂടെ വന്‍തോതിലാണ്‌ ചെളിയും എക്കലും വരുന്നത്‌. മുകളിലെ അടപ്പുകള്‍ തുറന്നു കിടക്കുന്നതിനാല്‍ പറവകളോ മറ്റു ജീവികളോ സംഭരണിക്കുള്ളില്‍ ചത്തു കിടപ്പുണ്ടോ എന്നറിയുന്നതിനു പോലും സാധിക്കുന്നില്ല. പഞ്ചായത്തിലെ ജനങ്ങള്‍ മലിനജലം കുടിക്കാന്‍ നിര്‍ബന്ധതിരാകുകയാണ്‌.
സംഭരണി ശുചീകരിക്കാന്‍ ബദല്‍ സംവിധാനവും അവലംബിക്കുന്നില്ല. ക്ലോറിനേഷന്‍ നടത്താത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. വെള്ളത്തില്‍ ഇരുമ്പിന്റെ അളവും വളരെ കൂടുതലാണ്‌. ഇത്‌ ഉപഭോക്‌താക്കള്‍ക്ക്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണിയാണ്‌ ജനസംഖ്യാനുപാതികമായി ഇവിടെ വേണ്ടത്‌. ജലദൗര്‍ലഭ്യവും സംഭരണിയുടെ അപര്യാപ്‌തതയും കാണിച്ച്‌ ജലവിഭവ മന്ത്രിക്ക്‌ ഗ്രാമപഞ്ചായത്ത്‌ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല.
നിലവില്‍ കുഴല്‍ക്കിണറില്‍ നിന്ന്‌ ഉപരിതല സംഭരണിയിലേക്ക്‌ വെള്ളം എത്തിച്ച ശേഷമാണ്‌ വിതരണം. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ജലസംഭരണ പൈപ്പ്‌ കരുമാടിയിലേക്ക്‌ കടന്നുപോകുന്നത്‌ വീയപുരത്ത്‌ കൂടിയാണ്‌. നിര്‍മാണ കാലയളവില്‍ പ്രതിഷേധമുണ്ടായതോടെ നീരേറ്റുപുറം ജലശുദ്ധീകരണ ശാലയില്‍ നിന്ന്‌ വീയപുരത്തേക്ക്‌ ആവശ്യമായ വെള്ളം എത്തിക്കാമെന്ന്‌ വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്‌ഥര്‍ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ ഉറപ്പ്‌ നല്‍കിയിരുന്നു.
പൈപ്പ്‌ കുഴിച്ചിട്ടതല്ലാതെ കുടിവെള്ളം എത്തിയിട്ടില്ല. എത്തിക്കാന്‍ നടപടിയും സ്വീകരിച്ചിട്ടില്ല. ജലലഭ്യതയ്‌ക്കനുസരിച്ച്‌ ശേഷിയുള്ള ഉപരിതല സംഭരണിയും കുഴല്‍ക്കിണറില്‍ നിന്നെടുക്കുന്ന വെള്ളം ശുദ്ധീകരിക്കാനുള്ള നടപടിയും അനിവാര്യമായതിനാല്‍ വീണ്ടും മന്ത്രിയെ സമീപിക്കാനും സമരപരിപാടികള്‍ക്കും ഒരുങ്ങുകയാണ്‌ ഗ്രാമവാസികള്‍. വരള്‍ച്ച മൂലം നദികളിലും തോടുകളിലും ജലനിരപ്പ്‌ കുറഞ്ഞതിനാല്‍ കിണറുകളില്‍ പോലും വെള്ളം ലഭിക്കാത്ത അവസ്‌ഥയാണ്‌.

Ads by Google
Advertisement
Thursday 23 May 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW