Thursday, June 13, 2019 Last Updated 59 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.41 AM

തലയോട്ടിക്കുള്ളില്‍ അര്‍ബുദം; വന്ദനയുടെ ചികിത്സയ്‌ക്ക്‌ കാരുണ്യം തേടി കുടുംബം

കുട്ടനാട്‌: തലയോട്ടിക്കുള്ളിലുണ്ടാകുന്ന ക്ലൈവല്‍ കോര്‍ഡോമയെന്ന കാന്‍സര്‍ രോഗം ബാധിച്ച്‌ ആറുമാസത്തിലേറെയായി ചികിത്സയില്‍ കഴിയുന്ന വന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ തുടര്‍ ചികിത്സയ്‌ക്കായി കണ്ടെത്തേണ്ടത്‌ 30 ലക്ഷത്തോളം രൂപ. കുട്ടനാട്‌ ചെറുകര കളരിക്കല്‍ വീട്ടില്‍ വിജയന്റെ മകളും മങ്കൊമ്പ്‌ വിനീഷ്‌ ഭവനില്‍ വി. വിനീഷിന്റെ ഭാര്യയുമായ വന്ദനയാ(26)ണ്‌ ചികിത്സയ്‌ക്കായി സുമനസുകളുടെ കനിവ്‌ കാക്കുന്നത്‌.
വെല്ലൂരിലെ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിലാണ്‌ വന്ദന ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്‌. ഈ തുക കണ്ടെത്താനുള്ള പരിശ്രമത്തിലാണ്‌ വിനീഷ്‌. പ്രോട്ടോണ്‍ തെറാപ്പി നടത്തുന്ന ഇന്ത്യയിലെ ഏക ആശുപത്രിയായ ചെന്നൈ അപ്പോളോയില്‍ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററില്‍ ഇനി റേഡിയേഷന്‍ തെറാപ്പിക്ക്‌ വിധേയയാകണം. വളരെ ചെലവേറിയ ചികിത്സയാണിത്‌. 30 ലക്ഷം രൂപയാണ്‌ ചെലവെന്ന്‌ അധികൃതര്‍ അറിയിച്ചു. കഴുത്ത്‌ വേദനയോടെ തുടങ്ങി, കൈകള്‍ക്ക്‌ ബലഹീനതയും ഛര്‍ദ്ദിയും വന്നതോടെയാണ്‌ പരിശോധനയ്‌ക്ക്‌ വിധേയയായത്‌. സി.ടി, എം.ആര്‍.ഐ. സ്‌കാനുകള്‍ എടുത്ത ശേഷം ക്ലൈവല്‍ കോര്‍ഡോമയെന്ന സ്‌ഥിരീകരണത്തിലേക്ക്‌ ഡോക്‌ടര്‍മാര്‍ എത്തി. രണ്ട്‌ പ്രധാന ന്യൂറോസര്‍ജറി അതിനുശേഷം നടത്തി.
ഇതിനകംതന്നെ കടംവാങ്ങിയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ ആറുലക്ഷത്തിലേറെ രൂപ ന്യൂറോസര്‍ജറിക്കായി ചെലവഴിക്കേണ്ടിവന്നു. എന്നാല്‍ പ്രോട്ടോണ്‍ ചികിത്സയുടെ വലിയ ചെലവ്‌ താങ്ങാന്‍ ഈ കുടുംബത്തിന്‌ കഴിയാതെ വന്നതോടെയാണു സുമനസുകളുടെ സഹായം തേടുന്നത്‌. വിനീഷിന്റെ നിസഹായവസ്‌ഥ മനസിലാക്കിയ വന്ദനയുടെ കുടുംബവീടായ ചെറുകരയിലെ നാട്ടുകാര്‍ ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്‌. 26നു നീലംപേരൂര്‍ പഞ്ചായത്തില്‍ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ പണസമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌.
സമൂഹിക മാധ്യമങ്ങളിലും വന്ദനയ്‌ക്കായി കാമ്പയിന്‍ നടക്കുന്നുണ്ട്‌. സുമനസുകളുടെ സഹായം തേടി രക്ഷാസമിതി ഭാരവാഹികളായ നീലംപേരൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി എസ്‌. ബാബു, കൈനടി പള്ളി വികാരി ഫാ. ജോസഫ്‌ നാല്‍പതാംകളം, രണ്ടാം നമ്പര്‍ എസ്‌.എന്‍.ഡി.പി. ശാഖായോഗം പ്രസിഡന്റ്‌ വി. ശിവദാസ്‌ എന്നിവരുടെ പേരില്‍ നീലംപേരൂര്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 0821053000001306. ഐ.എഫ്‌.എസ്‌.ഇ കോഡ്‌ : എസ്‌.ഐ.ബി.എല്‍ 0000821.ഫോണ്‍: 9633906917.

Ads by Google
Advertisement
Thursday 23 May 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW