Sunday, June 23, 2019 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.04 AM

ലക്ഷങ്ങള്‍ ചെലവഴിച്ചു സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ നോക്കുകുത്തി

uploads/news/2019/05/309815/2.jpg

അമ്പലപ്പുഴ: സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ ചെലവഴിച്ചു സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ നോക്കുകുത്തിയാകുന്നു. കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്‌ഥാപിച്ച ക്യാമറകള്‍ കൊണ്ടാണ്‌ ഒരു പ്രയോജനവുമില്ലാത്തത്‌.
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കാത്തതിനാല്‍ ക്യാമറകളില്‍ പതിഞ്ഞ ഗതാഗത ലംഘനത്തിനെതിരേ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന്‌ പൊതുപ്രവര്‍ത്തകനായ കാക്കാഴം താഴ്‌ചയില്‍ നസീറിന്‌ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പോലീസ്‌ വ്യക്‌തമാക്കി. കഴിഞ്ഞ മാര്‍ച്ച്‌ നാലിനാണ്‌ 28 ലക്ഷം രൂപാ ചെലവില്‍ മേല്‍പ്പാലത്തില്‍ ഒമ്പത്‌ നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ചത്‌. പാലത്തിലെ അമിതവേഗത, ഓവര്‍ ടേക്കിങ്‌ എന്നിവ കണ്ടെത്തി പിഴയീടാക്കാനായാണ്‌ ഇവ സ്‌ഥാപിച്ചത്‌. എന്നാല്‍ പ്രവര്‍ത്തനമാരംഭിച്ച്‌ മൂന്നു മാസം പിന്നിട്ടിട്ടും ഇത്തരം ഗതാഗത ലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതിനായുള്ള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതാണ്‌ നടപടി സ്വീകരിക്കാന്‍ കാലതാമസമെടുക്കുന്നതെന്ന്‌ അഡീഷണല്‍ എസ്‌.പി ബി. കൃഷ്‌ണകുമാര്‍ നല്‍കിയ മറുപടി പറയുന്നു. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം അമ്പലപ്പുഴ സ്‌റ്റേഷനിലേക്ക്‌ മാറ്റിയ ശേഷമേ നിരീക്ഷണ ക്യാമറകളില്‍ പതിയുന്ന ഗതാഗത ലംഘനത്തിനെതിരേ നടപടിയെടുക്കൂവെന്നും മറുപടിയില്‍ വ്യക്‌തമാക്കി.
മേല്‍പ്പാലത്തില്‍ ക്യാമറകള്‍ സ്‌ഥാപിച്ചതിനൊപ്പം ഇരുഭാഗത്തുമായി കണ്‍ട്രോള്‍ റൂമുകള്‍ക്കായി പ്രത്യേക ക്യാബിനുകളും സ്‌ഥാപിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം അമ്പലപ്പുഴ സ്‌റ്റേഷനിലേക്ക്‌ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നു മാസം പിന്നിട്ടിട്ടും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ മേല്‍പ്പാലത്തിലെ ഗതാഗത ലംഘനത്തിനെതിരേ നടപടി സ്വീകരിക്കാനും കഴിഞ്ഞിട്ടില്ല. നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ച സമയത്തു തന്നെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇവ സ്‌ഥാപിക്കാനായി ചെലവഴിച്ച തുക പിഴയിനത്തില്‍ തിരികെ ലഭിക്കുമായിരുന്നു. പോലീസിന്റെ അനാസ്‌ഥ മൂലം ഇതും നടന്നിട്ടില്ല.

Ads by Google
Advertisement
Wednesday 22 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW