Thursday, June 13, 2019 Last Updated 59 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.12 AM

വര്‍ണവിസ്‌മയമായി തിരുവന്‍വണ്ടൂര്‍ ഗജമേള

uploads/news/2019/05/309375/a2.jpg

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്‌ണ ക്ഷേത്രത്തിലെ വിഗ്രഹലബ്‌ധി സ്‌മാരക മഹായജ്‌ഞത്തിന്റെ ഭാഗമായി സമാപന ഘോഷയാത്രയും ഗജമേളയും നടന്നു. വൈകിട്ട്‌ തിരുവന്‍വണ്ടൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത്‌ നടന്ന ഗജമേള നടി താരാകല്യാണ്‍ ഉദ്‌ഘാടനം ചെയ്‌തു. മഹായജ്‌ഞക്കമ്മറ്റി ചെയര്‍മാന്‍ എ.ആര്‍.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.
കലാപീഠം പള്ളിക്കത്തോട്‌ പുരുഷോത്തമന്റെ നേതൃത്വത്തില്‍ പഞ്ചാരി പാണ്ടിമേളപ്പെരുക്കത്തില്‍ 45 ഓളം കലാകാരന്മാര്‍ അണിനിരന്നു. പഞ്ചാരിമേളം പൂരപ്രേമികളില്‍ ആവേശമുണര്‍ത്തി.
തുടര്‍ന്ന്‌ തൃശൂര്‍പൂരത്തെ അനുസ്‌മരിപ്പിക്കുന്ന പാഞ്ചജന്യം പൂര സമിതിയുടെ 50 ഓളം കലാകാരന്മാര്‍ അവതരിപ്പിച്ച വര്‍ണശബളമായ കുടമാറ്റവും നടന്നു. 15 സെറ്റ്‌ കുടകളാണ്‌ ഇതിന്‌ ഉപയോഗിച്ചത്‌. ഗജരാജന്‍ പുതുപ്പള്ളി കേശവന്‍ ഗോശാലകൃഷ്‌ണന്റെ തിടമ്പേറ്റി. പുതുപ്പള്ളി സാധു, അമ്പാടി മഹാദേവന്‍ എന്നീ ഗജവീരന്മാര്‍ അകമ്പടി സേവിച്ചു. ഇവയ്‌ക്ക്‌ പറമെപുതുപ്പള്ളി അര്‍ജുന്‍, വേമ്പനാട്‌ അര്‍ജുന്‍, ചൂരൂരുമഠം രാജശേഖരന്‍ തുടങ്ങി മധ്യതിരുവിതാംകൂറിലെ 12 ലേറെ ഗജവീരന്മാര്‍ ഘോഷയാത്രയിലും ഗജമേളയിലും പങ്കെടുത്തു.
രാവിലെ പതിവ്‌ പൂജകള്‍ക്ക്‌ പുറമെ ക്ഷേത്രത്തില്‍ ആനയൂട്ട്‌, യജ്‌ഞശാലയില്‍ നിറപറ തെളിയ്‌ക്കല്‍, കൊടിയിറക്ക്‌, അന്നദാനം എന്നിവ നടന്നു.
തുടര്‍ന്ന്‌ തൃച്ചിറ്റാറ്റ്‌ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ നിന്നും ഗജഘോഷയാത്ര ആരംഭിച്ചു. നിശ്‌ചല ദൃശ്യങ്ങള്‍, കരകം, അലങ്കരിച്ച വാഹനങ്ങള്‍, നാദസ്വരം, തൃശൂര്‍ കാവടി, തൃശൂര്‍ പുലികളി, താലപ്പൊലി, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ്‌ സമാപന ഘോഷയാത്ര ആരംഭിച്ചത്‌. ഘോഷയാത്ര കടന്നു വരുന്ന സ്‌ഥലങ്ങളില്‍ ഭക്‌തര്‍ നിലവിളക്കും നിറപറയും ഒരുക്കി സ്വീകരണം നല്‍കി. വിവിധ ഇടങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്‌തു. ഹരിത ചട്ടം പാലിച്ചായിരുന്നു കുടിവെള്ള വിതരണം.
ഇതിനായി ഉപയോഗിച്ച ഗ്ലാസുകള്‍ ശേഖരിച്ച്‌ ഹരിത കര്‍മ സേനയെ ഏല്‍പിക്കുമെന്ന്‌ സംഘാടകര്‍ പറഞ്ഞു. ടി.ആര്‍.രാജ്‌കുമാര്‍, എ.ആര്‍.രാജഗോപാല്‍, ആര്‍.ഡി.രാജീവ്‌, ടി.എസ്‌.സുധീഷ്‌, അനീഷ്‌, രാഹുല്‍കൃഷ്‌ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഗജമേളയ്‌ക്ക്‌ സംഘാടകര്‍ പ്രത്യേക സുരക്ഷിത ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഗജമേളയില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അഗ്നിശമനസേന, എലിഫന്റ്‌ സ്‌ക്വാഡ്‌, മയക്കുവെടി വിദഗ്‌ധര്‍ പോലീസ്‌, ആംബുലന്‍സ്‌ എന്നീ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ വിഷ്‌ണുപുഷ്‌കരണിയിലേക്ക്‌ അവഭൃഥസ്‌നാന ഘോഷയാത്ര നടന്നു.

Ads by Google
Advertisement
Monday 20 May 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW