Thursday, June 13, 2019 Last Updated 56 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

അമ്പലപ്പുഴ-തിരുവല്ലാ പാതയില്‍ ജീവനുകള്‍ പൊലിയുന്നു

എടത്വാ: അമ്പലപ്പുഴ-തിരുവല്ല സംസ്‌ഥാന പാതയുടെ നിര്‍മാണം പൂര്‍ത്തികരിക്കുന്നതിന്‌ മുമ്പേ റോഡില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം വര്‍ധിക്കുന്നു. തകഴി മുതല്‍ നീരേറ്റുപുറം വരെയുള്ള പ്രദേശത്താണ്‌ അപകടം കൂടുതലായി നടക്കുന്നത്‌. നിരവധി അപകട മരണങ്ങളും ഗുരുതര പരുക്കുകളും അവശതകളുമായി അനവധിയാളുകള്‍ കഴിയുമ്പോഴും റോഡുനിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധവും ശക്‌തമാണ്‌.
ചങ്ങനാശേരി ആലയില്‍ തോപ്പില്‍ ഷിഫാന മന്‍സില്‍ സലിമിന്റെ മകന്‍ ഷാഹിദ്‌ (19) ന്റെ ജീവനാണ്‌ അവസാനം റോഡില്‍ പൊലിഞ്ഞത്‌. കഴിഞ്ഞ തിങ്കളാഴ്‌ച ഷാഹിദ്‌ ഓടിച്ചിരുന്ന ബൈക്ക്‌ നിയന്ത്രണം തെറ്റി തലവടി ക്‌നാനായ പള്ളിയുടെ മതിലില്‍ ഇടിച്ച ശേഷം വൈദ്യുതി തൂണുകള്‍ക്കിടയില്‍ തല ഇടിച്ചാണ്‌ മരിച്ചത്‌.
പച്ച ചേക്കയില്‍ ലീലാമ്മ, പാണ്ടി തോട്ടുവേലില്‍ ജോണപ്പന്‍, തായങ്കരി അറുപതില്‍ചിറ സുജിത്‌ സനല്‍, തലവടി പുതുപ്പറമ്പ്‌ അരയശേരില്‍ ഉണ്ണി എന്നിവര്‍ കഴിഞ്ഞ ആറ്‌ മാസത്തിനുള്ളില്‍ മരിച്ചു.
വിവിധ അപകടങ്ങളില്‍ പരുക്കേറ്റ കേളമംഗലം തുണ്ടുപറമ്പില്‍ സജി, മരിയാപുരം ആമ്പക്കാട്ട്‌ രാജു, കൊടുപ്പുന്ന കിഴക്കേടത്ത്‌ കെ.കെ. ചാക്കോ എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്‌.സ്‌കൂളുകള്‍, ആശുപത്രി, ആരാധനാലയങ്ങള്‍ ഇടവഴികള്‍, വളവുകള്‍, ഇടുങ്ങിയ പാലങ്ങള്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ വ്യക്‌തമായ സൂചനാബോര്‍ഡുകള്‍ ഇല്ലാത്ത അവസ്‌ഥയാണ്‌. റോഡില്‍ തെരുവ്‌ വിളക്കുകള്‍ പ്രകാശിക്കാത്തതും അപകടത്തിന്‌ കാരണമാകുന്നുണ്ട്‌. റോഡിലെ വേഗത പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും സീബ്രാ ലൈനുകളും അടിന്തിരമായി സ്‌ഥാപിക്കണം.
തകഴി, കേളമംഗലം പ്രദേശങ്ങളില്‍ പൈപ്പുലൈന്‍ പൊട്ടിയ സ്‌ഥലങ്ങളിലെ ടാറിംഗ്‌ പൂര്‍ത്തിയാക്കാത്ത അവസ്‌ഥയിലാണ്‌. റോഡിന്‌ നടുവിലായി മുന്നറിപ്പ്‌ ബോര്‍ഡുകള്‍ ഒന്നുമില്ലാതെ വീപ്പ മാത്രം സ്‌ഥാപിച്ചിരിക്കുന്നതും അപകടത്തിന്‌ കാരണമാകുന്നുണ്ട്‌. റോഡ്‌ വീതികൂട്ടി നവീകരിച്ചെങ്കിലും ഒട്ടുമിക്ക കലുങ്ക്‌ പാലങ്ങളും പഴയ നിലയില്‍ കിടക്കുകയാണ്‌. റോഡ്‌ നവീകരണത്തിനൊപ്പം കലുങ്ക്‌ പാലത്തിന്റെ നവീകരണവും ഫണ്ടില്‍ ഉള്‍പ്പെടുത്താഞ്ഞതിനാല്‍ ഇതും റോഡിന്‌ വിനയായിട്ടുണ്ട്‌.
അപകടം തുടര്‍കഥയായിട്ടും പോലീസ്‌, ട്രാഫിക്‌ അധികാരികളോ പൊതുമരാമത്ത്‌ റോഡ്‌ ഡിവിഷനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. റോഡിലൂടെ വാഹനങ്ങളുടെ മരണപാച്ചിലും നിയന്ത്രണമില്ലാതെ നടക്കുന്നുണ്ട്‌. അമിത വേഗതയില്‍ ഓടിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാനോ നിയമ നടപടി സ്വീകരിക്കാനോ പോലിസ്‌ തയാറാകുന്നില്ല. റോഡുകള്‍ കൈയേറി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും നട വഴികള്‍ കൈയേറി കച്ചവടക്കാര്‍ സാധനങ്ങള്‍ ഇട്ടിരിക്കുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്‌.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW