Wednesday, July 17, 2019 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.07 AM

തെരുവ്‌ നായ ശല്യം രൂക്ഷം: തദ്ദേശ സ്‌ഥാപനങ്ങള്‍ നടപടിയെടുക്കണമെന്ന്‌

പെരുമ്പാവൂര്‍: നഗരത്തിലും സമീപ പ്രദേശങ്ങളായ വല്ലം പുത്തന്‍ പാലം, പാലക്കാട്ടുതാഴം, പാത്തിപ്പാലം തുടങ്ങിയ സ്‌ഥലങ്ങളില്‍ തെരുവു നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. രാവിലേയും രാത്രിയുമാണ്‌ നായകള്‍ അഴിഞ്ഞാടുന്നത്‌. പ്രഭാത സവാരിക്കിറങ്ങുന്നവര്‍ ഉള്‍പ്പടെ ഇവയുടെ അക്രമണത്തില്‍ നിന്ന്‌ കഷ്‌ടിച്ചാണ്‌ രക്ഷപ്പെടുന്നത്‌.
ശനിയാഴ്‌ച രാവിലെ കാഞ്ഞിരക്കാട്‌ സ്വദേശിക്ക്‌ നേരെ വല്ലം പുത്തന്‍ പാലത്തിന്‌ സമീപം വച്ച്‌ നായകളുടെ ആക്രമണ ശ്രമമുണ്ടായി. ഇരുചക്ര വാഹനത്തില്‍ പോയ ഇയാളെ നായകള്‍ പിന്തുടരുകയായിരുന്നു. വാഹനത്തിന്റെ വേഗത കൂട്ടിയാണ്‌ യാത്രക്കാരന്‍ രക്ഷപ്പെട്ടത്‌. അറവ്‌ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഭക്ഷിക്കാനാണ്‌ തെരുവ്‌ നായകള്‍ എത്തുന്നത്‌. ഇവിടങ്ങളില്‍ മാലിന്യം തള്ളുന്നത്‌ വിലക്കുകയും മുന്നറയിപ്പ്‌ നല്‍കും ചെയ്‌തിട്ടും തള്ളുന്നതിന്‌ അറുതിയില്ല.
നഗരത്തില്‍ പുലര്‍ച്ചെ മുതല്‍ രാവിലെ കടകള്‍ തുറക്കും വരെ നായക്കൂട്ടങ്ങള്‍ തമ്പടിക്കുന്നുണ്ട്‌. ഔഷധി ജംങ്‌ഷന്‍, ഗാന്ധി സ്‌ക്വയര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ ഇവയുടെ കൂട്ടം ദൃശ്യമാണ്‌. ഗാന്ധി സ്‌ക്വയറിന്റെ കെട്ടിലും നടയിലും തമ്പടിച്ച്‌ ഉച്ചത്തില്‍ കുരച്ച്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നത്‌ പതിവാണ്‌.
സമീപത്തെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഇവ ഭീഷണിയായി മാറുന്നുണ്ട്‌. ഒമ്പത്‌ മണിക്ക്‌ മുമ്പ്‌ ഇവിടെ നിന്ന്‌ പിന്‍വാങ്ങുന്ന ഇവറ്റകള്‍ രാത്രിയില്‍ വീണ്ടും തമ്പടിക്കുകയാണ്‌ പതിവ്‌. ഇവയെ നിയന്ത്രിച്ചില്ലെങ്കില്‍ അപകടമാണെന്ന്‌ ചൂണ്ടികാണിക്കപ്പെടുന്നു.
പല സ്‌ഥലങ്ങളിലും ഇവയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന്‌ കോടതി ഇടപെടല്‍ ഉള്‍പ്പടെ ശക്‌തമായപ്പോള്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ നായകളെ നിയന്ത്രിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ ഇവയെ പിടികൂടി ആള്‍ താമസമില്ലാത്ത സ്‌ഥലങ്ങളില്‍ ഇടുകയായിരുന്നു. കൂറുപ്പംപടി, കോടനാട്‌ തുടങ്ങിയ സ്‌ഥലങ്ങളിലെ നിര്‍ത്തിയിട്ടിരിക്കുന്ന പാറ മടകളിലും വിജനമായ പ്രദേശങ്ങളിലുമാണ്‌ ഉപേക്ഷിച്ചത്‌.
നൂറ്‌ കണക്കിന്‌ നായകളെയാണ്‌ ഒഴിവാക്കിയത്‌. വാഹനങ്ങളില്‍ കൂടൊരുക്കി ഇവയെ പിടിച്ചുകൊണ്ടു പോകുന്ന സംഘങ്ങള്‍ പോലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട്‌ നാട്ടിന്‍പുറങ്ങളില്‍ പോലും തെരുവ്‌ നായകളുടെ ശല്യമുണ്ടായില്ല. അടുത്തിടെയാണ്‌ ശല്യം വര്‍ധിച്ചിരിക്കുന്നത്‌.
അന്ന്‌ കുന്നിലും പാറമടകളിലും ഉപേക്ഷിക്കപ്പെട്ടവ പുറത്ത്‌ ചാടിയതാകാമെന്ന അഭ്യൂഹമുണ്ട്‌. നഗരത്തലും തെരുവിലും അഴിഞ്ഞാടുന്ന ഇവറ്റകളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന ആവശ്യമാണ്‌ ഉയരുന്നത്‌.

Ads by Google
Advertisement
Monday 29 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW