Thursday, June 13, 2019 Last Updated 35 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 02.21 AM

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ റിലയന്‍സിനെ ഏല്‍പ്പിച്ചതില്‍ ദുരൂഹത: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.

കൊല്ലം: സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ റിലയന്‍സിനെ ഏല്‍പ്പിച്ച സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്‌ ദുരൂഹമെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആരോപിച്ചു.
ആഗോളവല്‍ക്കരണത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്നവര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യപരിപാലനത്തിന്റെ ഉത്തരവാദിത്വം റിലയന്‍സിനെ ഏല്‍പ്പിച്ചു കൊടുക്കുന്നത്‌ ഇടതു നയത്തിന്‌ വിരുദ്ധമാണ്‌. മോഡി സര്‍ക്കാര്‍ ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെ അതീവ പ്രാധാന്യമുളള മേഖലകളില്‍ കോര്‍പറേറ്റുകള്‍ക്ക്‌ പ്രവേശനം നല്‍കിയതിന്‌ സമാനമാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്‌.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിലവില്‍ നല്‍കിവരുന്ന മെഡിക്കല്‍ റീഇംബേഴ്‌സ്മെന്റ്‌ ആനുകൂല്യത്തിന്‌ തുല്യമായ ആനുകൂല്യമാണോ റിലയന്‍സുമായി ഒപ്പിടുന്ന കരാറിലുളളതെന്ന്‌ വ്യക്‌തമാക്കണം. റിലയന്‍സുമായി കരാര്‍ ഉറപ്പിക്കുന്നതിനു മുമ്പായി കരാറിലെ വ്യവസ്‌ഥകള്‍ പൊതുഹിതമറിയാന്‍ പരസ്യപ്പെടുത്തണം.
പൊതുമേഖലാ കമ്പനികള്‍ ഇന്‍ഷുറന്‍സ്‌ സൗകര്യമൊരുക്കാന്‍ തയാറായി മുന്നോട്ട്‌ വരുമ്പോള്‍ അവരെ ഒഴിവാക്കി റിലയന്‍സിന്‌ കരാര്‍ ഉറപ്പിക്കുമ്പോള്‍ ഇന്‍ഷുറന്‍സ്‌ പദ്ധതിയ്‌ക്കായി പൊതുമേഖലാ കമ്പനികള്‍ മുന്നോട്ടുവച്ച വ്യവസ്‌ഥകളെക്കാള്‍ മെച്ചപ്പെട്ട വ്യവസ്‌ഥകളാണോ റിലയന്‍സ്‌ നല്‍കിയിട്ടുളളതെന്ന്‌ വെളിപ്പെടുത്തണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും ഇന്‍ഷുറന്‍സ്‌ ആനുകൂല്യം നല്‍കാന്‍ റിലയന്‍സ്‌ മുന്നോട്ട്‌ വച്ചിട്ടുളള നിബന്ധനകള്‍ അതീവ പ്രാധാന്യമാണ്‌.
ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ക്കു മാത്രം ഇന്‍ഷുറന്‍സ്‌ പരിരക്ഷയെന്ന റിലയന്‍സിന്റെ നിബന്ധനയിലൂടെ ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ക്കാരും അവരുടെ ആശ്രിതരും പദ്ധതിയുടെ പരിധിക്കു പുറത്തു പോകുന്നു. പെന്‍ഷന്‍കാരില്‍ നല്ലൊരു പങ്കും കിടന്നു ചികിത്സയില്ലാതെ തന്നെ സ്‌ഥിരമായി പ്രതിമാസം ആയിരക്കണക്കിന്‌ രൂപയുടെ മരുന്ന്‌ കഴിച്ച്‌ ഒ.പിയായി ചികിത്സ നടത്തുവരാണ്‌.
അവര്‍ക്ക്‌ മരുന്നോ പരിരക്ഷയോ ഇല്ലാത്ത ഇന്‍ഷുറന്‍സ്‌ പദ്ധതി കൊണ്ട്‌ എന്താണ്‌ പ്രയോജനം. ചികിത്സയ്‌ക്കുളള മരുന്നിന്റെ ചെലവു പോലും വഹിക്കാന്‍ തയാറാകാത്ത റിലയന്‍സിന്‌ പദ്ധതി നല്‍കുന്നത്‌ ആര്‍ക്കുവേണ്ടിയാണ്‌.
റിലയന്‍സിന്‌ ലാഭമുണ്ടാക്കുവാനും സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും നാളിതുവരെ അനുഭവിച്ചുകൊണ്ടിരുന്ന മെഡിക്കല്‍ ആനുകൂല്യം വെട്ടിചുരുക്കാനും ഉദ്ദേശിച്ച്‌ നടപ്പാക്കുന്ന പദ്ധതിയാണിത്‌. സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന മെഡിക്കല്‍ റീഇംബേഴ്‌സ്മെന്റ്‌ ആനുകൂല്യം റിലയന്‍സ്‌ നല്‍കുകയില്ലായെന്നുളളത്‌ വ്യക്‌തമാണ്‌.
ചെലവു കൂടിയ ചികിത്സയുടെ ബാധ്യതയും ഒ.പി. ചികിത്സയുടെ ബാധ്യതയും ഏറ്റെടുക്കാത്ത റിലയന്‍സിന്‌ കരാര്‍ ഉറപ്പിക്കുന്നത്‌ ദുരൂഹമാണെന്നും ഇതു സംബന്ധിച്ച്‌ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 28 Apr 2019 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW