Friday, June 28, 2019 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.27 AM

വോട്ടിങ്‌ യന്ത്രങ്ങള്‍ പരക്കെ പണിമുടക്കി: വോട്ടെടുപ്പ്‌ സമാധാനപരം

കിഴക്കമ്പലം: കിഴക്കമ്പലം, കുന്നത്തുനാട്‌ പഞ്ചായത്തുകളിലെ ചില വോട്ടെടുപ്പ്‌ കേന്ദ്രങ്ങളില്‍ വോട്ടിങ്‌ യന്ത്രത്തിന്റെ തകരാറുംമറ്റും ചൂണ്ടിക്കാട്ടി വോട്ടെടുപ്പ്‌ തുടങ്ങാന്‍ വൈകി. ഇതിനിടെ കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളം ബൂത്തില്‍്‌ വോട്ടു ചെയ്യാനെത്തിയ 2 പേര്‍ ട്യൂവില്‍ കാത്തുനിന്ന്‌ കുഴഞ്ഞു വീണു. ഇവരില്‍ ഒരാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇമാമുദ്ദീന്‍ എന്നയാളാണ്‌ ആശുപത്രിയിലുള്ളത്‌. കുഴഞ്ഞുവീണ ഇസ്‌മയിലിനെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടു. കുന്നത്തുനാട്‌, കിഴക്കമ്പലം പഞ്ചായത്തുകളില്‍ പലയിടത്തും പോളിങ്‌ വൈകിയാണ്‌ തുടങ്ങിയത്‌ ഇത്‌്് പോളിംഗ്‌ പൂര്‍ത്തീകരിക്കുന്നതിനും സമയമെടുത്തു.
കുന്നത്തുനാട്‌ പഞ്ചായത്തിലെ അമ്പലപ്പടി മദ്രസ ബൂത്തില്‍ വൈകിട്ട്‌ ആറുമണിക്കുശേഷം ക്യൂവില്‍ നിന്ന 280 പേര്‍ക്കാണ്‌ ടോക്കണ്‍ നല്‍കിയത്‌. പള്ളിക്കരയിലെ കുന്നത്തുനാട്‌ പഞ്ചായത്ത്‌ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന 2 ബൂത്തുകളില്‍ 175, 85 വീതം കൂപ്പണുകളാണ്‌ 6 മണിക്കുശേഷം നല്‍കി വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയത്‌. ഇവിടെ മെഷിനു വന്ന തകരാറുമൂലം രണ്ടു മണിക്കൂറോളം സമയം പോളിങ്‌ നിര്‍ത്തി വയ്‌ക്കേണ്ടതായും വന്നു. ഇതേതുടര്‍ന്ന്‌ പലരും വോട്ടുചെയ്യാതെ മടങ്ങിയെങ്കിലും. പിന്നീട്‌ മടങ്ങിയെത്തി ചിലര്‍ വോട്ടു ചെയ്‌തു.
കിഴക്കമ്പലം പഞ്ചായത്തിലെ ഊരക്കാട്‌ ബൂത്തില്‍ രാവിലെ 7.45 നാണ്‌ പോളിങ്‌ തുടങ്ങയത്‌. പൊയ്യക്കുന്നത്തും പുക്കാട്ടുപടിയിലും മലയിടംതുരുത്തിലും വൈകിയാണ്‌ വോട്ടെടുപ്പ്‌ ആരംഭിച്ചത്‌. ഉച്ചവരെ ബൂത്തുകള്‍ക്കുമുമ്പില്‍ സ്‌ത്രീകളുടെ നീണ്ടനിരയാണ്‌ ദൃശ്യമായത്‌.

കോലഞ്ചേരി: മേഖലയില്‍ വോട്ടെടുപ്പ്‌ സമാധാനപരമായിരുന്നു. വിവിധ ബൂത്തുകളില്‍ വോട്ടിംഗ്‌ മെഷീനുകള്‍ തകരാറിലായത്‌ വോട്ടെടുപ്പ്‌ തുടങ്ങാന്‍ വൈകാനിടയായി. പൂത്തൃക്ക, ഐക്കരനാട്‌, തിരുവാണിയൂര്‍, വടവുകോട്‌-പുത്തന്‍കുരിശ്‌ പഞ്ചായത്തുകളില്‍ വിവിധ ബൂത്തുകളില്‍ വോട്ടിംഗ്‌ മെഷീനുകളാണ്‌ പണിമുടക്കിയത്‌. ഇത്‌ ഉദ്യോഗസ്‌ഥരെ ഏറെ വലച്ചു.
കുറ്റ സ്‌കൂളിലെ 145-ാം നമ്പര്‍ ബൂത്തില്‍ ഒന്നര മണിക്കൂറോളം വൈകിയാണ്‌ വോട്ടെടുപ്പ്‌ തുടങ്ങിയത്‌. മെഷീന്‍ പണിമുടക്കിയതാണ്‌ കാരണം. ചൂണ്ടി വടയമ്പാടി സ്‌കൂളിലെ 124-ാം നമ്പര്‍ ബൂത്തില്‍ മെഷീന്‍ തകരാറിനെ തുടര്‍ന്ന്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ തുടങ്ങിയത്‌. പിന്നീട്‌ പതിനൊന്നരയോടെ വീണ്ടും മെഷീന്‍ തകരാറിലായി. തുടര്‍ന്ന്‌ മെഷീന്‍ മാറ്റിവെച്ചാണ്‌ വോട്ടിംഗ്‌ പുന:രാരംഭിച്ചത്‌.
പുറ്റുമാനൂര്‍ യു.പി സ്‌കൂളിലെ 156-ാം നമ്പര്‍ ബൂത്തില്‍ മൂന്ന്‌ തവണ വോട്ടിംഗ്‌ മെഷീന്‍ പണിമുടക്കി. ഐക്കരനാട്‌ പഞ്ചായത്തിലെ പെരിയാര്‍വാലി പെരിങ്ങോള്‍ ബൂത്തിലും ഒന്നര മണിക്കൂര്‍ വൈകിയാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. മലേക്കുരിശ്‌ ബൂത്തിലും മൂന്ന്‌ തവണ മെഷീനുകള്‍ മാറ്റേണ്ടി വന്നു. തമ്മാനിമറ്റത്ത്‌ രാത്രി എട്ടോടെയാണ്‌ വോട്ടെടുപ്പ്‌ സമാപിച്ചത്‌. തിരുവാണിയൂര്‍ പഞ്ചായത്തിലെ 135, 178 ബൂത്തുകളില്‍ വോട്ടെടുപ്പ്‌ രാത്രി എട്ട്‌ വരെ നീണ്ടു.

പെരുമ്പാവൂര്‍: വോട്ടിംഗ്‌ യന്ത്രത്തിന്റെ തകരാറിനെ തുടര്‍ന്ന്‌ പെരുമ്പാവൂരില്‍ പലയിടത്തും താമസിച്ചാണ്‌ വോട്ടിംങ്ങ്‌ ആരംഭിച്ചത്‌. പെരുമ്പാവൂര്‍ ഗവ. ഗേള്‍സ്‌ സ്‌കൂളില്‍ രാവിലെ 8.30 തോടെയാണ്‌ പോളിംഗ്‌ ആരംഭിക്കാനായത്‌. രാവിലെ 6.30 മുതല്‍ വോട്ടര്‍മാര്‍ എത്തി കാത്തുനിന്നെങ്കിലും 8.30 ഓടെ മാത്രമാണ്‌ തകരാര്‍ പരിഹരിച്ചു വോട്ടിംഗ്‌ ആരംഭിക്കാനായത്‌.
പല ആവശ്യങ്ങള്‍ക്കും പോകുന്നതിനായി നേരത്തെ തന്നെ പോളിംഗ്‌ ബൂത്തിലെത്തിയ വോട്ടര്‍മാര്‍ വലഞ്ഞു. വെങ്ങോല പഞ്ചായത്തിലെ 119-ാം ബൂത്ത്‌ മാര്‍ത്തോമാ എല്‍.പി സ്‌കൂളിലെ വോട്ടിംഗ്‌ മെഷീനും തകരാറിലായി.
തകരാര്‍ പരിഹരിക്കാനാകാത്തതിനാല്‍ ഒന്നര മണിക്കൂറിനു ശേഷം മറ്റൊരു മെഷീന്‍ എത്തിച്ചാണ്‌ പോളിംഗ്‌ പുനരാരംഭിച്ചത്‌. കൂടാതെ പനിച്ചയം, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലും മെഷീന്‍ തകരാര്‍ സംഭവിച്ചിരുന്നു.
നിരവധി വോട്ടര്‍മാര്‍ ഇത്‌ മൂലം വോട്ട്‌ രേഖപ്പെടുത്താതെ മടങ്ങി. എന്നാല്‍ മെഷീനുകള്‍ തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന്‌ പരിശീലന ക്ലാസില്‍ അറിയിച്ചിരുന്നെന്നും അതിനാല്‍ ഇത്‌ സ്വാഭാവികമായ പ്രശ്‌നം മാത്രമാണെന്നും തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ അറിയിച്ചു. കൂടാതെ കണ്ടന്തറ ഗവ. യു.പി സ്‌കൂളില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പോലീസ്‌ ലാത്തി വീശുകയും ചെയ്‌തു.
പോളിംഗ്‌ അവസാനിക്കുന്ന സമയം ആറു മണിക്ക്‌ മുമ്പായി വോട്ട്‌ രേഖപ്പെടുത്താന്‍ എത്തിയ ആറു പേരോട്‌ ഉദ്യോഗസ്‌ഥര്‍ വോട്ട്‌ രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന്‌ പറഞ്ഞതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം.
ഗേറ്റ്‌ അടയ്‌ക്കുന്നതിന്‌ മുമ്പ്‌ പോളിംഗ്‌ സ്‌റ്റേഷനില്‍ പ്രവേശിച്ചവരെ വോട്ട്‌ ചെയ്യുവാന്‍ അനുവദിക്കണമെന്ന്‌ പ്രവര്‍ത്തകര്‍ ആവിശ്യപ്പെടുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്ക്‌ ഒടുവില്‍ 3 പേരെ വോട്ട്‌ രേഖപ്പെടുത്താന്‍ അനുവദിച്ചു.

Ads by Google
Advertisement
Wednesday 24 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW