Thursday, July 18, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.10 AM

കൊല്ലത്ത്‌ വിജയ പ്രതീക്ഷയുമായി സ്‌ഥാനാര്‍ഥികള്‍

uploads/news/2019/04/303285/3.jpg

കൊല്ലം: ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കാനിരിക്കെ കൊല്ലത്ത്‌ യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌, എന്‍.ഡി.എ. സ്‌ഥാനാര്‍ഥികള്‍ വിജയ പ്രതീക്ഷയില്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം പ്രേമചന്ദ്രന്‍ നേടുമെന്ന്‌ ആര്‍.എസ്‌.പി. നേതാവ്‌ ഷിബു ബേബിജോണ്‍ പറഞ്ഞു. കശുവണ്ടി, തോട്ടം, മത്സ്യം, കയര്‍, കാര്‍ഷിക മേഖലകളിലെ തൊഴിലാളികളും കൃഷിക്കാരും സാധാരണക്കാരും ഉള്‍പ്പെടെയുള്ളവര്‍ പ്രേമചന്ദ്രനൊപ്പം നിലയുറപ്പിച്ചതായാണ്‌ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ കണ്ടത്‌. കഴിഞ്ഞ തവണ എന്‍.കെ. പ്രേമചന്ദ്രന്‌ ലഭിച്ച ഭൂരിപക്ഷം 37649 വോട്ടാണ്‌. എന്‍.കെ. പ്രേമചന്ദ്രന്‌ 408528 വോട്ടും എം.എ. ബേബിക്ക്‌ 370879 വോട്ടുമാണ്‌ ലഭിച്ചത്‌. ബി.ജെ.പി. സ്‌ഥാനാര്‍ഥി പി.എം.വേലായുധന്‌ 58671 വോട്ടും ലഭിച്ചു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ മാത്രമെ എല്‍.ഡി.എഫിന്‌ മുന്നിലെത്താന്‍ കഴിഞ്ഞുള്ളൂ. എതിരാളികളുടെ കരുനീക്കങ്ങള്‍ മനസിലാക്കി ശക്‌തമായി പ്രതിരോധം തീര്‍ത്തായിരുന്നു എന്‍.കെ.പ്രേമചന്ദ്രന്റെ ഇത്തവണത്തെ പ്രചാരണം. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടോടെ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിറവിലാണ്‌ അദ്ദേഹം വീണ്ടും കളത്തിലിറങ്ങിയത്‌. നിലപാടുകളില്‍ അടിയുറച്ച്‌ നിന്നു പോരാടുകയും ഭയരഹിതമായി വിഷയങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്‌തതിനാല്‍ ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതി അദ്ദേഹത്തിന്‌ ലഭിച്ചു. സര്‍ക്കാര്‍ ബില്ലുകള്‍ക്കുളള ഭേദഗതി, സ്വകാര്യ ബില്ലുകള്‍, സ്വകാര്യ പ്രമേയം, നിരാകരണ പ്രമേയം, ശൂന്യവേള, ചട്ടം 377, 193, പോയിന്റ്‌ ഓഫ്‌ ഓര്‍ഡര്‍ തുടങ്ങി പാര്‍ലമെന്ററി ചട്ടങ്ങളുടെയും നടപടികളുടെയും സാധ്യമായ എല്ലാ വ്യവസ്‌ഥകളും പ്രയോജനപ്പെടുത്തി ഗൗരവമുളള വിഷയങ്ങള്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഒട്ടനവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്‌തു. കൊല്ലത്തെ സമ്മതിദായകര്‍ അര്‍പിച്ച വിശ്വാസം ജനനന്മയ്‌ക്കായി പ്രയോജനപ്പെടുത്താന്‍ തീവ്രമായ പരിശ്രമം നടത്തി. പാര്‍ലമെന്റ്‌ സമ്മേളനങ്ങളില്‍ പ്രമുഖ വിഷയങ്ങള്‍ കേന്ദ്രീകരിച്ച്‌ ഏഴ്‌ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. ഇ.പി.എഫ്‌ പെന്‍ഷന്‍കാരുടെ ഉയര്‍ന്ന പെന്‍ഷന്‍ എന്ന അവകാശവും ഇതര ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനു വേണ്ടി നല്‍കിയ സ്വകാര്യ പ്രമേയം പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത നേടിയ ഒന്നാണ്‌.
മുസ്ലീം വനിതാ വിവാഹ അവകാശ (മുത്തലാഖ്‌) ബില്ലിനെതിരെ അവതരിപ്പിച്ച നിരാകരണ പ്രമേയം ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും അതില്‍ പതിയിരിക്കുന്ന അപകടം ജനശ്രദ്ധയില്‍ എത്തിക്കുകയും ചെയ്‌തു. കൊല്ലം ബൈപാസ്‌ പൂര്‍ത്തീകരണം, പുനലൂര്‍-ചെങ്കോട്ട ഗേജ്‌മാറ്റം പൂര്‍ത്തിയാക്കി ട്രെയിന്‍ സര്‍വീസ്‌ തുടങ്ങിയത്‌, കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാം പ്രവേശനകവാടം, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‌ അംഗീകാരം, ആശ്രാമം ഇ.എസ്‌.ഐ. സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയുടെ വികസനം, കേന്ദ്രീയ വിദ്യാലയത്തിനു ബഹുനില കെട്ടിട സമുച്ചയം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന നേട്ടങ്ങളുമായാണ്‌ ഇക്കുറി പ്രേമചന്ദ്രന്‍ ജനങ്ങളെ സമീപിച്ചത്‌.
തിരുവനന്തപുരം ജില്ലയില്‍ നാവായിക്കുളത്തു എന്‍. കൃഷ്‌ണപിളളയുടേയും മഹേശ്വരിയമ്മയുടേയും മകനായി 1960 മെയ്‌ 25ന്‌ ജനിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ 1985ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന്‌ സ്വര്‍ണ മെഡലോടെ ഒന്നാം റാങ്കില്‍ എല്‍.എല്‍.ബി. പാസായി. ഭാര്യ: ഡോ: എസ്‌. ഗീത, മകന്‍: പി.ജി. കാര്‍ത്തിക്‌.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.എന്‍.ബാലഗോപാലും വിജയ പ്രതീക്ഷയിലാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിലേതു പോലെ ഏഴ്‌ നിയമസഭാ മണ്ഡലങ്ങളിലും ജനങ്ങള്‍ ഭൂരിപക്ഷം നല്‍കുമെന്ന്‌ അദ്ദേഹം കരുതുന്നു. പത്തനാപുരം കലഞ്ഞൂര്‍ ശ്രീനികേതനില്‍ (മാവനാല്‍) പരേതനായ പി.കെ. നാരായണപ്പണിക്കരുടെയും രാധാമണിയമ്മയുടെയും മകനാണ്‌ കെ.എന്‍.ബാലഗോപാല്‍. കൊട്ടിയം എന്‍.എസ്‌.എസ്‌. കോളജിലെ ഇംഗ്ലീഷ്‌ അധ്യാപിക ആശ പ്രഭാകരനാണ്‌ ഭാര്യ. കല്യാണി(ബിരുദ വിദ്യാര്‍ഥിനി), ശ്രീഹരി (സ്‌കൂള്‍ വിദ്യാര്‍ഥി) എന്നിവരാണ്‌ മക്കള്‍.
മോഡി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുകൂലമായി കൊല്ലത്തെ വോട്ടര്‍മാര്‍ വിധിയെഴുതുമെന്ന്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി അഡ്വ. കെ.വി.സാബു, എന്‍.ഡി.എ. തെരഞ്ഞെടുപ്പ്‌ കമ്മറ്റി ചെയര്‍മാന്‍ ജി. ഗോപിനാഥ്‌, കണ്‍വീനര്‍ കെ.സോമരാജന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. പ്രചാരണ സമയത്ത്‌ എന്‍.ഡി.എക്കും സ്‌ഥാനാര്‍ഥിക്കുമെതിരെ ഇടതു വലതുമുന്നണികള്‍ ഉയര്‍ത്തിയ അപവാദപ്രചരണത്തിന്‌ ജനങ്ങള്‍ മറുപടി നല്‍കുമെന്നും.
എന്‍.ഡി.എ. മുന്നേറ്റം എതിര്‍പാളയങ്ങളിലുണ്ടാക്കിയ ആശങ്കയാണ്‌ അപവാദപ്രചാരണത്തിന്‌ പിന്നിലെന്നും അവര്‍ പറഞ്ഞു. മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Tuesday 23 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW