Thursday, May 23, 2019 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.30 AM

ഇന്ന്‌ കൊട്ടിക്കലാശം; ഇനി നിശബ്‌ദപ്രചാരണം

കട്ടപ്പന:പെയ്‌തിറങ്ങിയ വേനല്‍മഴയിലും ആവേശം ചോരാത്ത തെരഞ്ഞെടുപ്പു പ്രചാരണം ഇന്ന്‌ കൊട്ടിക്കലാശത്തിലേക്ക്‌. ഈസ്‌റ്റര്‍ ദിനത്തില്‍ പ്രചാരണം അവസാന ലാപ്പിലേക്കടുക്കുമ്പോള്‍ വിജയ പ്രതീക്ഷയിലാണ്‌ മൂന്നു മുന്നണികളും.
ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലം ഉള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്‌ മുന്നണികള്‍. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്‌ തൊടുപുഴയിലും ഇടതുപക്ഷ സ്വതന്ത്ര സ്‌ഥാനാര്‍ഥി ജോയ്‌സ്‌ ജോര്‍ജ്‌ കട്ടപ്പനയിലും എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ബിജു കൃഷ്‌ണന്‍ തൊടുപുഴയിലും കലാശക്കൊട്ടില്‍ പങ്കെടുക്കും.
ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ വിവിധ പ്രദേശങ്ങളിലെ ആഘോഷ പരിപാടികള്‍ക്ക്‌ പോലീസ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ പരമാവധി അണികളെ പങ്കെടുപ്പിച്ച്‌ പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ ആവേശമാക്കാന്‍ തയാറെടുക്കുകയാണ്‌ രാഷ്‌ട്രീയ കക്ഷികള്‍. പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ മൂന്നു മുന്നണികളും വിജയപ്രതീക്ഷ കൈവിടുന്നില്ല.തൊടുപുഴയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ മൂന്നു മുന്നണികള്‍ക്കും കലാശക്കൊട്ടിന്‌ പ്രത്യേകം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ പാലാ റോഡിലും എല്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍ മൂലമറ്റം റോഡിലും എന്‍.ഡി.എ. പ്രവര്‍ത്തകര്‍ സിവില്‍ സ്‌റ്റേഷന്‍ റോഡു മുതല്‍ തൊടുപുഴ പാലത്തിനു അടുത്തുവരെയുള്ള പ്രദേശത്തും കലാശക്കൊട്ട്‌ നിയന്ത്രിക്കണം. കട്ടപ്പനയില്‍ ഇടത്‌ സ്വതന്ത്ര സ്‌ഥാനാര്‍ഥി ജോയ്‌സ്‌ ജോര്‍ജിന്റെ കലാശക്കൊട്ടിനു മുന്നോടിയായി ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ തോപ്രാംകുടിയില്‍ നിന്നും ബൈക്ക്‌ റാലി ആരംഭിച്ച്‌ മുരിക്കാശേരി വഴി ചേലച്ചുവട്ടില്‍ എത്തും. അവിടുന്ന്‌ തുറന്ന ജീപ്പില്‍ ജോയ്‌സ്‌ ജോര്‍ജിനൊപ്പം പ്രവര്‍ത്തകരും കട്ടപ്പനയില്‍ എത്തിച്ചേരും.
യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസും എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ബിജു കൃഷ്‌ണനും തൊടുപുഴയില്‍ കലാശക്കൊട്ടില്‍ പങ്കുചേരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടു പോയ മണ്ഡലം ഇത്തവണ കൈപ്പിടിയിലൊതുക്കാനാകുമെന്നാണ്‌ യു.ഡി.എഫ്‌. പാളയത്തിന്റെ പ്രതീക്ഷ. സംസ്‌ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ വികാരം തങ്ങള്‍ക്ക്‌ തുണയാകുമെന്നും യു.ഡി.എഫ്‌ കരുതുന്നു.
അതേസമയം അഞ്ചു വര്‍ഷത്തെ വികസന പദ്ധതികള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന വിലയിരുത്തലിലാണ്‌ എല്‍.ഡി.എഫ്‌. തോട്ടംമേഖലയില്‍ മേല്‍ക്കൈ നേടാനാകുമെന്നും എല്‍.ഡി.എഫ്‌. വിലയിരുത്തുന്നു. മോഡിയുടെ വികസന പദ്ധതികളും ഇടത്‌-വലത്‌ മുന്നണികളോടുള്ള എതിര്‍പ്പും ഗുണമാകുമെന്നാണ്‌ എന്‍.ഡി.എയുടെ കണക്കുകൂട്ടല്‍.

Ads by Google
Advertisement
Sunday 21 Apr 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW