Tuesday, May 21, 2019 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.03 AM

കാരൂര്‍ക്കടവ്‌ പാലം അപകടത്തില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

uploads/news/2019/04/302775/k1.jpg

ശാസ്‌താംകോട്ട: കരുനാഗപ്പള്ളി-കുന്നത്തൂര്‍ താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാരൂര്‍ക്കടവ്‌ പാലം തകര്‍ച്ചയില്‍. ഏത്‌ നിമിഷവും പാലം നിലം പൊത്താവുന്ന അവസ്‌ഥയിലെത്തിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്‌തം. പള്ളിക്കലാറിനു കുറുകെ മൈനാഗപ്പള്ളി-തൊടിയൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ്‌ പാലം സ്‌ഥിതി ചെയ്യുന്നത്‌.
വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ മുറവിളിക്കൊടുവില്‍ നിര്‍മാണം ആരംഭിച്ച പാലം 1981 മാര്‍ച്ചിലാണ്‌ ഗതാഗതത്തിനായി തുറന്നു കൊടുത്തത്‌. ഇപ്പോള്‍ പാലത്തിന്റെ കൈവരികളും പ്രധാന തൂണുകളും വരെ തകര്‍ച്ചയിലാണ്‌. തൂണുകളുടെ അടിഭാഗത്തു നിന്ന്‌ കോണ്‍ക്രീറ്റ്‌ പൂര്‍ണമായും അടര്‍ന്നു മാറി.
തുരുമ്പിച്ച കമ്പികള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്നു. കൈവരികളുടെയും അവസ്‌ഥ ഇതു തന്നെ. പാലത്തിലൂടെ കടന്നുപോകുന്ന റോഡില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. വാഹനങ്ങളുടെ ടയറുകള്‍ വിള്ളലുകളില്‍ കുടുങ്ങി ഗതാഗത തടസം ഉണ്ടാകുന്നത്‌ പതിവാണ്‌.
വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കോണ്‍ക്രീറ്റ്‌ പാളികള്‍ അടര്‍ന്നു വീഴാറുണ്ടെന്നും മെറ്റിലുകളും മറ്റും പാലത്തിന്റെ താഴ്‌ചയില്‍ നില്‍ക്കുന്നവരുടെ തലയില്‍ പതിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
ഗതാഗത സൗകര്യം തീരെ കുറവായ കാരൂര്‍ക്കടവ്‌, വടക്കന്‍ മൈനാഗപ്പള്ളി, സോമവിലാസം, പതാരം, കുമരംചിറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു കരുനാഗപ്പള്ളിയിലെത്താനുള്ള ഏക മാര്‍ഗമാണ്‌ ഈ പാലം.
നിരവധി സ്വകാര്യ ബസുകളും കെ.എസ്‌.ആര്‍.ടി.സി. ബസുകളും ഇതുവഴി സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഇടതടവില്ലാതെ ഭാരം കയറ്റിയ നിരവധി വാഹനങ്ങളും ഇതുവഴിയാണ്‌ ചീറിപ്പായുന്നത്‌.
കരുനാഗപ്പള്ളി-സോമവിലാസം-ഭരണിക്കാവ്‌ റൂട്ടിലാണ്‌ പാലം സ്‌ഥിതി ചെയ്യുന്നത്‌. ഭരണിക്കാവ്‌ ഭാഗത്തു നിന്നു കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷനിലേക്ക്‌ എത്തേണ്ടവര്‍ എളുപ്പമാര്‍ഗമായി ആശ്രയിക്കുന്നതും ഈ പാതയാണ്‌. പാലത്തിന്റെ തകര്‍ച്ച നിരവധി തവണ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും ബലക്ഷയം പോലും പരിശോധിക്കാന്‍ തയാറായിട്ടില്ലെന്ന്‌ പരാതിയുണ്ട്‌.
പ്രളയകാലത്ത്‌ പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നു പാലത്തിന്‌ വീണ്ടും ബലക്ഷയം സംഭവിച്ചതായി നാട്ടുകാര്‍ പറയുന്നു.
കുന്നത്തൂര്‍, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തിയായതിനാല്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്‌തമാണ്‌. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച്‌ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യമെങ്കില്‍ പുതിയ പാലം അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 20 Apr 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW