Friday, May 24, 2019 Last Updated 18 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.01 AM

ക്രൈസ്‌തവ തീര്‍ഥാടന കേന്ദ്രങ്ങള്‍ ജനസാഗരം

uploads/news/2019/04/302765/i1.jpg

കട്ടപ്പന:പ്രകൃതി കനിഞ്ഞു നല്‍കിയ മനോഹാരിത കൊണ്ട്‌ സമ്പുഷ്‌ടമായ ഇടുക്കിയിലെ കുരിശുമലകള്‍ ഇന്നലെ ജനസാഗരമായി മാറി. യേശുദേവന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മകള്‍ പുതുക്കി ജില്ലയിലെ കുരിശു മലകളിലെത്തിയത്‌ ആയിരക്കണക്കിന്‌ വിശ്വാസികള്‍.
ജില്ലയിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്‌തമായ കുരിശിന്റെ വഴി നടക്കുന്ന തീര്‍ഥാടന കേന്ദ്രമാണ്‌ വാഗമണ്ണിലെ കുരിശുമല. ഇവിടെ സീറോ മലങ്കര കത്തോലിക്ക ചര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുരിശുമല ആശ്രമവും സ്‌ഥിതി ചെയ്യുന്നു. മലയുടെ മുകളിലെ അതിമനോഹരമായ ഭൂപ്രകൃതിയില്‍ സ്‌ഥിതി ചെയ്യുന്ന ആശ്രമം വാഗമണ്‍ സന്ദര്‍ശകരുടെ പ്രിയ സ്‌ഥലം കൂടിയാണ്‌. ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട കുരിശിന്റെ വഴി തീര്‍ഥാടന സ്‌ഥലമാണ്‌ എഴുകുംവയല്‍. ഹൈറേഞ്ചിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ഇവിടെ വലിയ നോമ്പിലെ വെള്ളിയാഴ്‌ചകളില്‍ ആയിരക്കണക്കിന്‌ ആളുകളാണ്‌ കുരിശിന്റെ വഴിക്കായി എത്തുന്നത്‌. മലമുകളിലുള്ള കുരിശിന്റെ രൂപം ഏഷ്യയിലെ ഏറ്റവും വലിയ കുരിശിന്റെ രൂപമായാണ്‌ അറിയപ്പെടുന്നത്‌.
ജില്ലയിലെ പ്രധാന ടൗണായ നെടുങ്കണ്ടത്തുനിന്നും ഒന്‍പതു കിലോമീറ്റര്‍ മാത്രം അകലത്തിലാണ്‌ എഴുകുംവയല്‍. ജില്ലയിലെ മറ്റൊരു പ്രസിദ്ധ കുരിശുമല കേന്ദ്രമാണ്‌ ഏലപ്പാറ. കേരളത്തിലെ തന്നെ രണ്ടാമത്തെ വലിയ കുരിശുമല കൂടിയാണിത്‌. സമുദ്രനിരപ്പില്‍ നിന്നും 3800 അടിയിലധികം ഉയരത്തില്‍ സ്‌ഥിതി ചെയ്യുന്ന ഇവിടെ നിന്നാല്‍ വാഗമണ്‍ കുന്നുകളും തമിഴ്‌നാടും കാണാന്‍ സാധിക്കും.
പാലായില്‍ നിന്നും ഈരാറ്റുപേട്ട-വാഗമണ്‍- കോലാഹലമേട്‌-വഴി വേണം ഏലപ്പാറയിലെത്താന്‍. പാലായില്‍ നിന്നും ഇവിടേക്ക്‌ 52 കിലോമീറ്റര്‍ ദൂരമാണ്‌ ഉള്ളത്‌. അറക്കുളത്തിന്‌ സമീപം സ്‌ഥിതി ചെയ്യുന്ന തുമ്പച്ചി കുരിശുമലയാണ്‌ തൊടുപുഴക്കു സമീപത്തുനിന്നുള്ള ആളുകള്‍ക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തീര്‍ഥാടന കേന്ദ്രം. ആയിരക്കണക്കിന്‌ ആളുകളാണ്‌ ഒരോ നോയമ്പിലും ഇവിടെ വിശ്വാസപൂര്‍വം മലകയറുവാന്‍ എത്തുന്നത്‌. തൊടുപുഴയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ്‌ തുമ്പച്ചി കാല്‍വരി സമുച്ചയം എന്ന തുമ്പച്ചിമല സ്‌ഥിതി ചെയ്യുന്നത്‌. യേശുദേവന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും നോവുന്ന ഓര്‍മകളുമായാണ്‌ കടുത്ത ചൂടിനെ അവഗണിച്ച്‌ ഓരോ വിശ്വാസികളും മലമുകളില്‍ എത്തിയത്‌.

എസ്‌.സൂര്യലാല്‍

Ads by Google
Advertisement
Saturday 20 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW