Thursday, July 18, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 01.14 AM

അഭയാരണ്യത്തില്‍ നിന്ന്‌ ആനകളെ കടത്താന്‍ ശ്രമമെന്ന്‌ ആരോപണം

പെരുമ്പാവൂര്‍: കോടനാട്‌ അഭയാരണ്യത്തില്‍ നിന്ന്‌ മുഴുവന്‍ ആനകളേയും കൊണ്ടു പോകാന്‍ വനം വകുപ്പ്‌ നീക്കം നടത്തുന്നതായി പരാതി. വനംവകുപ്പിന്റെ ഈ നീക്കത്തിനെതിരെ ശക്‌തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം കോട്ടൂരില്‍ നിന്ന്‌ ഇവിടെയെത്തിച്ച മൂന്ന്‌ ആനകളുടെ മറവില്‍ അഭയാരണ്യത്തില്‍ നിന്നും കൂടുതല്‍ ആനകളെ കടത്തിക്കൊണ്ട്‌ പോവുക എന്നതാണ്‌ വനം വകുപ്പിന്റെ ശ്രമമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.
മൂന്നാനകളെ കൊണ്ടുവന്നതില്‍ രണ്ടാനകളെ കഴിഞ്ഞ ദിവസം കൊണ്ടു പോയിരുന്നു. ഇവിടെ നില്‍ക്കുന്ന സുന്ദരി എന്ന ആനയെ കൊണ്ടു പോകുന്നതിനൊപ്പം അഭയാരണ്യത്തില്‍ നിന്നും അഞ്‌ജനയെന്ന ആനയെക്കൂടി കടത്തിക്കൊണ്ട്‌ പോകാനാണ്‌ ശ്രമമെന്നാണ്‌ നാട്ടുകാരുടെ പരാതി.
ഈ നീക്കത്തെ എന്ത്‌ വില കൊടുത്തും ചെറുക്കുമെന്ന അഭിപ്രായത്തിലാണ്‌ നാട്ടുകാര്‍. ഇതിനായി വനംവകുപ്പിന്റെ 2 ലോറികള്‍ സജ്‌ജമാക്കിയിട്ടുമുണ്ട്‌. എന്നാല്‍ ഒരാനയെ കൊണ്ടുപോകാന്‍ 2 ലോറികളുടെ ആവശ്യമെന്തെന്നും പരിസരവാസികള്‍ ചോദിക്കുന്നു.
വനം വകുപ്പിന്റെ ആന പരിപാലന രംഗത്തെ ഡോക്‌ടര്‍ക്കെതിരെയാണ്‌ നാട്ടുകാരുടെ പ്രതിഷേധം ഏറെയും. കോടനാട്‌ ആനക്കൂടില്‍ നിന്നും മാറ്റിയ എല്ലാ ആനകളും ഇപ്പോള്‍ അഭയാരണ്യത്തിലാണുള്ളത്‌. ഇവിടെ നിന്നാണ്‌ ആനകളെ കൊണ്ടു പോകാന്‍ ശ്രമം നടത്തുന്നത്‌.
ഇവിടെയുള്ള ആനകള്‍ അടക്കമുള്ള മൃഗങ്ങളെ കാണാനാണ്‌ സഞ്ചാരികള്‍ എത്തുന്നത്‌. നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന്‌ നീലകണ്‌ഠനെന്ന ആനയെ കുങ്കിയാന പരിശീലനത്തിനായി ഇവിടെ നിന്ന്‌ വനം വകുപ്പ്‌ തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോയിരുന്നു. അതിന്‌ ശേഷം ഇതുവരെയും നീലകണ്‌ഠനെ കോടനാടിന്റെ മണ്ണിലേക്ക്‌ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ ഇപ്പോഴുള്ള ആനകളെ കൂടി കൊണ്ടു പോകുവാന്‍ അധികൃതര്‍ നീക്കം നടത്തുന്നത്‌.
അഭയാരണ്യത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ആനകള്‍ക്കായി പണിതുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആനകളെ കടത്തികൊണ്ട്‌ പോയാല്‍ ഇവിടെ ചെലവഴിക്കുന്ന ലക്ഷങ്ങള്‍ പാഴാവുകയും ചെയ്യും.

Ads by Google
Advertisement
Saturday 13 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW