Wednesday, June 12, 2019 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

വേനല്‍ കനത്തു; മൂവാറ്റുപുഴയാറില്‍ ഉല്ലസിക്കാനെത്തുന്നവരുടെ തിരക്ക്‌

uploads/news/2019/03/298257/e2.jpg

രാമമംഗലം: വേനല്‍ കനക്കുകയും താപനില ക്രമാതീതമായി ഉയരുകയും ചെയ്‌തതോടെ മൂവാറ്റുപുഴയാറിലെ വിവിധ കടവുകളില്‍ കുളിക്കുവാനും ഉല്ലസിക്കുവാനും എത്തുന്നവരുടെ തിരക്ക്‌ ക്രമാതീതമായി വര്‍ദ്ധിച്ചു. എന്നാല്‍ പുഴയിലെ ചുഴിയും മണല്‍ക്കുഴികളും തിരിച്ചറിയാനാവാത്തത്‌ മൂലം അകലെ നിന്നെത്തുന്നവരില്‍ പലരും അപകടത്തില്‍പെടുന്നത്‌ പരിസരവാസികളെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌.
രണ്ടു മാസം മുമ്പ്‌ സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വൈദീക വിദ്യാര്‍ഥി മാമ്മലശേരി കുന്നിത്താഴം ഭാഗത്ത്‌ ഒഴുക്കില്‍പ്പെട്ട്‌ മരിച്ചതാണ്‌ പ്രദേശത്തെ അവസാനം അപകടം.
സ്‌കൂള്‍ അവധിക്കാലമായതോടെ കുട്ടികളും സംഘം ചേര്‍ന്ന്‌ വിവിധ കടവുകളില്‍ ഉല്ലസിക്കാന്‍ എത്തുന്നുണ്ട്‌. ഇതു കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുമെന്ന്‌ നാട്ടുകാര്‍ പറയുന്നു. നീന്തല്‍ വശമില്ലാത്തവരും കൂട്ടുകാരുടെ സമ്മര്‍ദ്ധം മൂലം പുഴയില്‍ ഇറങ്ങുന്നുണ്ട്‌.
കഴിഞ്ഞ വെള്ളിയാഴ്‌ച കളമ്പൂര്‍ കല്ലിടുമ്പില്‍ കടവില്‍ കുളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥി സംഘത്തെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ സ്‌കൂളില്‍ നിന്നും അധ്യാപകരെത്തിയാണ്‌ കരയ്‌ക്ക് കയറ്റിയത്‌. പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ മൂവാറ്റുപുഴയാറിലെ വെട്ടിക്കാട്ടുമുക്കില്‍ ഉല്ലസിക്കാനിറങ്ങിയ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു. ഈ അപകടത്തിന്റെ ഓര്‍മ്മയിലാണ്‌ നാട്ടുകാര്‍ അധ്യാപകരെ വിവരം അറിയിച്ചത്‌. രാമമംഗലം പൂതൃക്ക പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന തമ്മാനിമറ്റം കടവിലാണ്‌ ഏറ്റവും കൂടുതലാളുകള്‍ എത്തുന്നത്‌.
കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ ഏഴോളം യുവാക്കളാണ്‌ തമ്മാനിമറ്റം കടവിലെ ചതിക്കുഴികളില്‍ മുങ്ങി മരിച്ചത്‌. മദ്യപിച്ചത്തിന്‌ ശേഷം സംഘം ചേര്‍ന്ന്‌ പുഴയിലിറങ്ങുന്നവരും ഉണ്ട്‌. രാമമംഗലം പൂതൃക്ക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ തൂക്കുപാലം സ്‌ഥാപിച്ചതോടെയാണ്‌ ഇവിടെ സഞ്ചാരികള്‍ക്ക്‌ പ്രിയങ്കരമായത്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പാലം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. എങ്കിലും കടവില്‍ കുളിക്കുവാനെത്തുന്നവരുടെ എണ്ണത്തിന്‌ ഈ വര്‍ഷവും കുറവുണ്ടാകില്ല.
മറ്റു ജല സ്രോതസുകളെ അപേക്ഷിച്ച്‌ മലിനീകരണ തോത്‌ കുറവായതാണ്‌ ഇവിടേയ്‌ക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്‌. ഇത്രയേറെ അപകടങ്ങള്‍ ഉണ്ടായിട്ടും ഒരു ബോര്‍ഡ്‌ സ്‌ഥാപിക്കുക മാത്രം ആണ്‌ നിലവില്‍ അധികൃതര്‍ ചെയ്‌തിട്ടുള്ളത്‌.
കടവിലെ തിരക്ക്‌ വര്‍ധിക്കുന്ന അവധിക്കാലത്ത്‌ സുരക്ഷയ്‌ക്കായി നീന്തല്‍ അറിയാവുന്ന വാച്ചറെ നിയമിക്കണമെന്നതാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW